ബോളിവുഡ് നടൻ സുശാന്ത് സിങ് രാജ്പുത് വിട പറഞ്ഞിട്ട് രണ്ട് വർഷം തികയുന്നു

0

ബോളിവുഡ് നടൻ സുശാന്ത് സിങ് രാജ്പുത് വിട പറഞ്ഞിട്ട് രണ്ട് വർഷം തികയുന്നു. സിനിമാലോകത്തെയും ആരാധകവൃന്ദത്തെയും കണ്ണീരിലാഴ്ത്തിയ പ്രിയ നടന്റെ മരണത്തിന് കാരണം ഇന്നും ദുരൂഹമാണ്. 2020 ജൂൺ 14നാണ് സുശാന്ത് സിംഗിനെ ആത്മഹത്യ ചെയ്‍ത നിലയിൽ കണ്ടെത്തിയത്. ഇപ്പോഴിതാ സുശാന്ത് സിംഗിന്റെ ഓർമ്മ ദിനത്തിൽ ചിത്രങ്ങൾ പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് മുൻ കാമുകിയും നടിയുമായ റിയ ചക്രബർത്തി.

എന്നും നിന്നെ മിസ് ചെയ്യുന്നുവെന്ന് റിയ ഫോട്ടോയ്‍ക്ക് ക്യാപ്ഷനായി എഴുതിയിരിക്കുന്നു. ഇരുവരും ഒന്നിച്ച് ഉല്ലാസഭരിതരായി ഇരിക്കുന്ന കുറച്ചു ഫോട്ടോകളാണ് റിയ ചക്രബർത്തി പങ്കുവെച്ചിരിക്കുന്നത്. ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ ഒട്ടേറെ പേർ ഫോട്ടോയ്‍ക്ക് കമന്റുകളുമായി എത്തിയിട്ടുണ്ട്. പലരും റിയയെ ആശ്വസിപ്പിക്കുകയാണ്.

ബോളിവുഡിനെയാകെ പിടിച്ചുലച്ച സംഭവമായിരുന്നു സുശാന്ത് സിംഗിന്റെ മരണം. ബോളിവുഡിലെ വിവേചനമാണ് സുശാന്തിനെ ആത്മഹത്യയിലേക്ക് നയിച്ചത് എന്ന് ചൂണ്ടിക്കാട്ടി താരങ്ങളടക്കമുള്ളവർ രംഗത്ത് എത്തിയിരുന്നു. മരണത്തെ കുറിച്ചുള്ള അന്വേഷണം റിയയിലേക്കും നീങ്ങി. മരിക്കുന്നതിന് മുൻപ് രാത്രി സുശാന്ത് റിയായെ ഫോണിൽ വിളിക്കാൻ ശ്രമിച്ചിരുന്നെന്നും പക്ഷേ കിട്ടിയില്ലെന്നും പൊലീസ് കണ്ടെത്തിയിരുന്നു. എന്നാൽ അവസാന നാളുകളിൽ തങ്ങൾ പിരിഞ്ഞിരുന്നുവെന്നായിരുന്നു റിയയുടെ മൊഴി. ഈ അന്വേഷണം പിന്നീട് ബോളിവുഡിലെ ഉന്നതരിലേക്കും എത്തിയിരുന്നു.
ഇതിനിടയിലാണ് സുശാന്ത് ലഹരി മരുന്ന് സ്ഥിരമായി ഉപയോഗിച്ചിരുന്നെന്ന് മുൻ അംഗരക്ഷൻ വെളിപ്പെടുത്തിയത്. ലഹരി വസ്‍തുക്കൾ ആവശ്യപ്പെട്ട് റിയ നടത്തിയ ചാറ്റുകൾ എൻഫോഴ്‍സ്‍മെന്റ് ഡയറക്ടറേറ്റ് നേരത്തെ കണ്ടെത്തിയിരുന്നു. ലഹരി മരുന്ന് സുശാന്ത് സിംഗിന് നൽകിയെന്ന് സൂചനയും ഈ ചാറ്റുകളുണ്ടായിരുന്നു. പിന്നാലെ നർക്കോടിക് കൺട്രോൾ ബ്യൂറോയും കേസെടുത്തു. ബോളിവുഡിലെ മയക്കുമരുന്ന് ഉറവിടത്തിലേക്കും ഈ അന്വേഷണം നീങ്ങി.

ഇതിനിടിയിൽ സുശാന്ത് സ്ഥിരമായി ലഹരി വസ്‍തുക്കൾ ഉപയോഗിച്ചിരുന്നതായി റിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. തുടർന്ന് സിബിഐ നിരവധി തവണ റിയയെ ചോദ്യം ചെയ്യുകയും താരത്തെ അറസ്റ്റ് ചെയ്‍ത് റിമാൻഡ് ചെയ്യുകയും ചെയ്‍തിരുന്നു. സുശാന്തിന് ലഹരി മരുന്ന് വാങ്ങി നൽകിയെന്ന് റിയ സമ്മതിച്ചുവെന്നായിരുന്നു റിമാൻഡ് റിപ്പോർട്ട്. പിന്നീട് റിയ ജാമ്യത്തിൽ ജയിലിൽ നിന്ന് പുറത്തിറങ്ങുകയായിരുന്നു. എന്നാൽ സുശാന്ത് സിംഗിന്റേത് കൊലപാതകമാണെന്ന വാദം ദില്ലി എയിംസിലെ ഡോക്ടർമാരുടെ സംഘം തള്ളിയിരുന്നു. എന്തുതന്നെയായാലും സുശാന്ത് സിംഗിനെ മരണത്തിലേക്ക് നയിച്ചതിന്റെ കാരണങ്ങൾ കൃത്യമായി തെളിയിക്കപ്പെട്ടിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here