നടൻ മമ്മൂട്ടിക്ക് ലഭിച്ച മൂന്നാമത് ദേശീയ പുരസ്‌കാരത്തിന് പിന്നിൽ താനാണെന്ന് സംവിധായകനും നടനുമായ ബാലചന്ദ്രമേനോൻ

0

 
നടൻ മമ്മൂട്ടിക്ക് ലഭിച്ച മൂന്നാമത് ദേശീയ പുരസ്‌കാരത്തിന് പിന്നിൽ താനാണെന്ന് സംവിധായകനും നടനുമായ ബാലചന്ദ്രമേനോൻ. മമ്മൂട്ടിയെ മാറ്റിനിർത്തി അജയ് ദേവ്ഗണിന് പുരസ്‌കാരം നൽകാനുള്ള നീക്കത്തെ താൻ എതിർത്ത് ഇടപെട്ടത് മൂലമാണ് മമ്മൂട്ടിക്കും അവാർഡ് ലഭിച്ചതെന്ന്  തന്റെ യൂട്യൂബ് ചാനലായ ഫിലിമി ഫ്രൈഡേയിൽ ബാലചന്ദ്രമേനോൻ പറഞ്ഞു. 1999ലെ ദേശീയ ചലച്ചിത്രപുരസ്‌കാര ജൂറിയിലെ അംഗമായിരുന്നു ബാലചന്ദ്രമേനോൻ. 

ജബ്ബാർ പട്ടേൽ സംവിധാനം ചെയ്ത ഡോ.ബാബാസാഹേബ് അംബേദ്കറിലെ മമ്മൂട്ടിയുടെ പ്രകടനം ജൂറി അംഗങ്ങൾ കണ്ടില്ലെന്ന് നടിച്ചപ്പോൾ താനാണ് അദ്ദേഹത്തിനുവേണ്ടി വാദിച്ചതെന്നാണ് വിഡിയോയിൽ ബാലചന്ദ്രമേനോൻ പറയുന്നത്. ഡി വി എസ് രാജുവായിരുന്നു ജൂറി ചെയർമാൻ. ഷോലെയുടെ സംവിധായകൻ രമേഷ് സിപ്പി, കാട്ടുതുളസി എന്ന ചിത്രത്തിലെ നിർമല എന്നിവർ ജൂറി അം​ഗങ്ങളായിരുന്നു. ഞാനായിരുന്നു  കൂട്ടത്തിൽ ഏറ്റവും ചെറുപ്പക്കാരൻ. എല്ലാവരും ബാല എന്നാണ് എന്നെ വിളിച്ചിരുന്നത്.

ADVERTISEMENT

മികച്ച നടനുള്ള പുരസ്‌കാരം അജയ് ദേവ്ഗണിന് പോകുമെന്ന സംസാരം ആദ്യമേ ഉണ്ടായിരുന്നു. എന്നാൽ എനിക്കിഷ്ടമായത് മമ്മൂട്ടിയുടെ പ്രകടനമായിരുന്നു. മമ്മൂട്ടിയുടെ വേഷപ്പകർച്ചയാണ് എന്നെ ആദ്യം ആകർഷിച്ചത്. പിന്നെ കഥാപാത്രത്തിന് വേണ്ടി ഡബ്ബ് ചെയ്തത് മമ്മൂട്ടി തന്നെയായിരുന്നു. നാം കണ്ടു ശീലിച്ച മമ്മൂട്ടിയല്ലായിരുന്നു സ്‌ക്രീനിൽ. ഞാൻ ആദ്യമേ പറഞ്ഞു, ”മമ്മൂട്ടിയെയും മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാം. മമ്മൂട്ടിയുടേത് മികച്ച പ്രകടനമല്ലെന്നും ചിത്രം ഒരു ഡോക്യുമെന്ററി പോലെയാണെന്നും ചില ജൂറി അംഗങ്ങൾ വാദിച്ചു. എന്നാൽ ഞാനതിന് ശക്തമായി എതിർത്തു. അംബേദ്കറായി മാറാൻ മമ്മൂട്ടി എന്ന നടൻ കാഴ്ചവച്ച സമർപ്പണത്തെ എങ്ങനെ അവഗണിക്കാൻ കഴിയും എന്ന് ഞാൻ തിരിച്ചുചോദിച്ചു. അതിന് അവർക്ക് മറുപടിയുണ്ടായില്ല.
രണ്ടുപേർക്കും പുരസ്‌കാരം നൽകാം എന്നായിരുന്നു നിലപാട്. എന്നാൽ അത് അംഗീകരിക്കാൻ ജൂറി ചെയർമാൻ തയാറായില്ല. മികച്ച നടനുള്ള പുരസ്‌കാരം അജയ് ദേവ്ഗണിന് നൽകാം. മമ്മൂട്ടിക്ക് പ്രത്യേക പരാമർശം നൽകാമെന്നായി. പക്ഷെ ഞാനതിനെ ശക്തമായി എതിർത്തു. മികച്ച നടനുള്ള പുരസ്‌കാരം രണ്ട് പേർക്ക് നൽകിയ ചരിത്രമുണ്ടെന്നും എനിക്ക് അങ്ങനെ ലഭിച്ചതാണെന്നും ഞാൻ ചെയർമാനോട് പറഞ്ഞു. ഒടുവിൽ അദ്ദേഹം അത് അം​ഗീകരിച്ചു. അങ്ങനെയാണ് മമ്മൂട്ടിക്ക് മൂന്നാമത്തെ ദേശീയ പുരസ്‌കാരം ലഭിച്ചത്. ഒരുപക്ഷേ അന്ന് ഞാൻ മിണ്ടാതിരുന്നെങ്കിൽ അദ്ദേഹത്തിന് അവാർഡ് കിട്ടുമായിരുന്നില്ല. ഇതാണ് ഒരു ജൂറി അംഗത്തിന്റെ കടമ, ബാലചന്ദ്രമേനോൻ പറഞ്ഞു. 
അതേ വർഷം മഞ്ജു വാര്യർക്ക് ലഭിച്ച ജൂറി പരാമർശത്തെക്കുറിച്ചും ബാലചന്ദ്ര മേനോൻ വിഡിയോയിൽ സംസാരിച്ചു. മഞ്ജു എത്ര നന്നായാണ് അഭിനയിക്കുന്നതെന്ന് രമേഷ് സിപ്പി പറഞ്ഞു. എന്നാൽ മികച്ച നടിക്കുള്ള പുരസ്‌കാരം മറ്റൊരു നടിക്ക് ലഭിച്ചു. അടുത്ത തവണ പരിഗണിക്കാം എന്ന് അവർ പറഞ്ഞു, അപ്പോൾ ഞാൻ പറഞ്ഞു, അത് സാധിക്കില്ല, അവൾ വിവാഹിതയാകാൻ പോകുന്നു. ഇതവളുടെ അവസാനത്തെ അവസരമായിരിക്കാം. അങ്ങനെ മഞ്ജുവിന് പ്രത്യേക ജൂറി പരാമർശം ലഭിച്ചു, അദ്ദേഹം പറഞ്ഞു. 

LEAVE A REPLY

Please enter your comment!
Please enter your name here