പൊന്മുടി സ്‌കൂളിനു സമീപം വീണ്ടും പുലിയിറങ്ങിയതായി ആശങ്ക

0

പൊന്മുടി സ്‌കൂളിനു സമീപം വീണ്ടും പുലിയിറങ്ങിയതായി ആശങ്ക. രണ്ടു ദിവസത്തെ അവധി കഴിഞ്ഞ് തിങ്കളാഴ്ച സ്‌കൂളിനു മുൻപിൽ എത്തിയപ്പോൾ പുലിയുടെ കാൽപ്പാടുകൾ കണ്ടതായി കുട്ടികളും രക്ഷിതാക്കളും അദ്ധ്യാപകരും ചൂണ്ടിക്കാട്ടുന്നു. ഒരാഴ്ചയ്ക്കിടെ രണ്ടാംതവണയാണ് പുലിയിറങ്ങിയതായി ഭീതിപടരുന്നത്.

ആറുദിവസം മുമ്പും സ്‌കൂളിനു പിന്നിൽ പുലിയെത്തിയതായി ഇവർ പറയുന്നു. അതിനുശേഷം പൊന്മുടിയിലെ പ്രധാന പാതയിൽനിന്നു കൂട്ടമായിട്ടാണ് അദ്ധ്യാപകരും കുട്ടികളും സ്‌കൂളിലേക്കു വരുന്നത്. രാവിലെ സ്‌കൂൾ തൂത്തുവാരാൻ എത്തിയ ജീവനക്കാരിയാണ് സ്‌കൂളിന്റെ പിൻഭാഗത്ത് പുലിയെ കണ്ടിരുന്നതായി അറിയിച്ചത്. ഇവർ ഓടി സ്‌കൂളിനകത്തു കയറി വാതിലടച്ച് രക്ഷപ്പെടുകയായിരുന്നു. തുടർന്ന് വനപാലകരും പാലോട് എ.ഇ. ഓഫീസ് ജീവനക്കാരും ഉൾപ്പെടെ സ്ഥലത്തെത്തി പരിശോധനകൾ നടത്തിയിരുന്നു.

രണ്ടു ദിവസത്തെ അവധിക്കുശേഷം തിങ്കളാഴ്ച സ്‌കൂളിലെത്തിയ കുട്ടികളും അദ്ധ്യാപകരും വീണ്ടും പുലിയുടെ കാൽപ്പാടുകൾ കണ്ടെത്തി. ഉടൻതന്നെ വിവരം വനപാലകരെ അറിയിച്ചു. പുലിയുടെ കാൽപ്പാടുകൾ കണ്ടതോടെ രക്ഷിതാക്കളും അദ്ധ്യാപകരും ആശങ്കയിലാണ്. ചക്കക്കാലം ആയതോടെ സ്‌കൂളിനു സമീപത്തുള്ള പ്ലാവുകളിൽനിന്ന് ചക്ക തിന്നുന്നതിനായി കരടിയും കാട്ടാനയും ധാരാളം എത്തുന്നുണ്ട്.

ഇതിനിടയിലാണ് കഴിഞ്ഞ ദിവസം മുതൽ പുലിയെയും കണ്ടുതുടങ്ങിയത്. മൂന്നുമാസം മുൻപ് പൊന്മുടി കമ്പനിമൂടിനു സമീപം ആൺപുലിയെ ഷോക്കേറ്റ് ചത്തനിലയിൽ കണ്ടെത്തിയിരുന്നു.അടിയന്തരമായി പ്രതിരോധ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് വനംവകുപ്പിനെ സമീപിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here