യുഎസിൽ എട്ടു വയസ്സുകാരന്റെ വെടിയേറ്റ് ഒരു വയസ്സുകാരി മരിച്ചു

0

യുഎസിൽ എട്ടു വയസ്സുകാരന്റെ വെടിയേറ്റ് ഒരു വയസ്സുകാരി മരിച്ചു. വെടിവയ്‌പ്പിൽ ഗുരുതര പരുക്കേറ്റ രണ്ടു വയസ്സുകാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫ്‌ളോറിഡയിലെ മോട്ടൽ റൂമിലാണ് സംഭവം. പിതാവിന്റെ തോക്ക് ഉപയോഗിച്ചാണ് എട്ടു വയസ്സുകാരൻ പിഞ്ചുകുഞ്ഞിന് നേരെ നിറയൊഴിച്ചത്. വെടിവെപ്പു നടത്തിയ ആൺകുട്ടിയുടെ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞയാഴ്ചയായിരുന്നു സംഭവം. കുറ്റകരമായ അശ്രദ്ധ, നിയമവിരുദ്ധമായി തോക്ക് കൈവശം വയ്ക്കൽ, തെളിവു നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് റോഡെറിക് റൻഡാലിനെ (45) അറസ്റ്റ് ചെയ്തത്. ക്രിമിനൽ പശ്ചാത്തലമുള്ളതിനാൽ റൻഡാലിന് തോക്ക് കൈവശം വയ്ക്കാൻ അനുമതിയില്ലെന്ന് പൊലീസ് വ്യക്തമാക്കി. കുട്ടിയുമായി തന്റെ പെൺസുഹൃത്തിനെ കാണാൻ മോട്ടലിലെത്തിയപ്പോഴായിരുന്നു ദാരുണ സംഭവം.

പെൺസുഹൃത്തിന്റെ ഇളയ മകളാണ് കൊല്ലപ്പെട്ടത്. ഇരട്ടകളായ മൂത്ത സഹോദരിമാരിൽ ഒരാളാണ് വെടിയേറ്റ് ആശുപത്രിയിലുള്ളത്. ഇടയ്ക്ക് റൻഡാൽ പുറത്തുപോയപ്പോഴായിരുന്നു അപകടം. ഈ സമയത്ത് പെൺകുട്ടികളുടെ മാതാവ് ഉറക്കത്തിലായിരുന്നു. കുട്ടി തോക്കെടുത്ത് കളിക്കുന്നതിനിടെയായിരുന്നു അപകടം.

മുറിയിൽ തിരിച്ചെത്തിയ റൻഡാൽ പൊലീസ് എത്തുന്നതിനു മുൻപേ തോക്കും റൂമിലുണ്ടായിരുന്ന ലഹരിമരുന്ന് എന്ന് സംശയിക്കുന്ന വസ്തുവും എടുത്തുമാറ്റിയെന്ന് ആരോപണമുണ്ട്. ഈ സാഹചര്യത്തിലാണ് തെളിവു നശിപ്പിച്ചതിനും ഇയാൾക്കെതിരെ കേസെടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here