ഭാര്യ ഉപേക്ഷിച്ച് പോയതിനെ തുടർന്ന് പ്രായപൂർത്തിയാകാത്ത പെൺമക്കളെ കൊലപ്പെടുത്തിയ 34-കാരൻ അറസ്റ്റിൽ

0

ബെംഗളൂരു: ഭാര്യ ഉപേക്ഷിച്ച് പോയതിനെ തുടർന്ന് പ്രായപൂർത്തിയാകാത്ത പെൺമക്കളെ കൊലപ്പെടുത്തിയ 34-കാരൻ അറസ്റ്റിൽ. രണ്ട് മക്കളെ കൊലപ്പെടുത്തിയ ശേഷം മൃതദേഹവുമായി ഓട്ടോയിൽ ഒരുരാത്രി നഗരം ചുറ്റിയശേഷം പ്രതി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. കർണാടകയിലെ കലബുർഗി നഗരത്തിലെ ബാബൂ ബസാറിൽ താമസിക്കുന്ന ഓട്ടോ ഡ്രൈവറായ ലക്ഷ്മികാന്താണ് തന്റെ നാല് മക്കളിൽ രണ്ടുപേരെ കൊലപ്പെടുത്തിയത്. സോണി (11), മയൂരി (ഒമ്പത്) എന്നിവരാണ് കൊല്ലപ്പെട്ടത്.

അകന്നുകഴിയുന്ന ഭാര്യ അഞ്ജലിയുമായുണ്ടായ തർക്കത്തെ തുടർന്നായിരുന്നു കൊലപാതകം. നാല് മാസങ്ങൾക്കു മുമ്പ് അഞ്ജലി ലക്ഷ്മികാന്തിനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയിരുന്നു. ഇതിനുശേഷം അഞ്ജലിയുടെ അമ്മയ്‌ക്കൊപ്പമായിരുന്നു കുട്ടികളുടെ താമസം.

കഴിഞ്ഞ ദിവസം ലക്ഷ്മികാന്ത് കുട്ടികളെ കാണാനെത്തിയതോടെ കുട്ടികളുടെ സംരക്ഷണത്തെ ചൊല്ലി ഇരുവരും തമ്മിൽ വഴക്കായി. തുടർന്ന് നാല് കുട്ടികളെയും ഓട്ടോയിൽ കയറ്റിക്കൊണ്ടുപോയ ലക്ഷ്മികാന്ത് പിന്നീട് രണ്ട് കുട്ടികളെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ഇളയകുട്ടികളായ മോഹിത്ത് (അഞ്ച്), ശ്രേയ (മൂന്ന്) എന്നിവർ അറിയാതെയാണ് മുതിർന്ന രണ്ടു പെൺകുട്ടികളെയും ഇയാൾ കൊലപ്പെടുത്തിയത്. കാമുകനൊപ്പം പോയ ഭാര്യയ്‌ക്കൊപ്പം അയച്ചാൽ കുട്ടികളുടെ ജീവിതം അപകടത്തിലാവുമെന്ന് ഭയന്നതുകൊണ്ടാണ് നാല് മക്കളെയും കൊലപ്പെടുത്താൻ ഇയാൾ തീരുമാനിച്ചത്. എന്നാൽ രണ്ട് മക്കളെ കൊന്നതോടെ ഭയന്ന പ്രതി, ബാക്കിയുള്ള മക്കളെ കൊലപ്പെടുത്താനുള്ള തീരുമാനത്തിൽനിന്ന് പിന്മാറുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

ചൊവ്വാഴ്ച വൈകിട്ടാണ് ഇയാൾ രണ്ടു മക്കളെയും കൊലപ്പെടുത്തിയത്. ഇതോടെ അസ്വസ്ഥനായ പ്രതി എന്തുചെയ്യണമെന്ന് ധാരണയില്ലാതെയാണ് മൃതദേഹങ്ങളുമായി രാത്രി ഓട്ടോയിൽ നഗരം ചുറ്റിയത്. പിന്നീട് ബുധനാഴ്ച രാവിലെ മഹാത്മ ബസവേശ്വര പൊലീസ് സ്റ്റേഷനിലെത്തി ഇയാൾ കീഴടങ്ങുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here