പോപ്പുലര്‍ ഫ്രണ്ട്‌ ഓഫ്‌ ഇന്ത്യ സംസ്‌ഥാന കമ്മിറ്റിയംഗം തൃശൂര്‍ പെരുമ്പിലാവ്‌ സ്വദേശി യഹിയ തങ്ങളെ ജൂണ്‍ 13 വരെ റിമാന്‍ഡ്‌ ചെയ്‌തു

0

പോപ്പുലര്‍ ഫ്രണ്ട്‌ റാലിക്കിടെ കുട്ടി വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ അറസ്‌റ്റിലായ പോപ്പുലര്‍ ഫ്രണ്ട്‌ ഓഫ്‌ ഇന്ത്യ സംസ്‌ഥാന കമ്മിറ്റിയംഗം തൃശൂര്‍ പെരുമ്പിലാവ്‌ സ്വദേശി യഹിയ തങ്ങളെ ജൂണ്‍ 13 വരെ റിമാന്‍ഡ്‌ ചെയ്‌തു.
ആലപ്പുഴയില്‍ നടന്ന പോപ്പുലര്‍ ഫ്രണ്ട്‌ സമ്മേളനത്തിന്റെ സംഘാടക സമിതി ചെയര്‍മാനായിരുന്ന യഹിയ ഞായറാഴ്‌ചയാണ്‌ അറസ്‌റ്റിലായത്‌. റാലിയില്‍ പങ്കെടുക്കുന്നവര്‍ പ്രകോപന മുദ്രാവാക്യങ്ങള്‍ വിളിച്ചാല്‍ സംഘാടകര്‍ ഉത്തരവാദികളാണെന്നു ഹൈക്കോടതി വ്യക്‌തമാക്കിയ പിന്നാലെയായിരുന്നു അറസ്‌റ്റ്‌.
ആലപ്പുഴയില്‍ ശനിയാഴ്‌ച പോപ്പുലര്‍ ഫ്രണ്ടിന്റെ എസ്‌.പി. ഓഫീസ്‌ മാര്‍ച്ചിനിടെ ഹൈക്കോടതി ജഡ്‌ജിയെ അധിഷേപിച്ചതിന്‌ യഹിയ തങ്ങള്‍ക്കെതിരേ ആലപ്പുഴ സൗത്ത്‌ പോലീസ്‌ യഹിയ മറ്റൊരു കേസ്‌ സ്വമേധയാ എടുത്തു.
ഹൈക്കോടതി ജഡ്‌ജിമാരുടെ അടിവസ്‌ത്രത്തിന്‌ കാവി നിറമാണെന്നും മതവിദ്വേഷ പ്രസംഗത്തില്‍ പി.സി. ജോര്‍ജിന്‌ ജാമ്യം നല്‍കിയ ജഡ്‌ജി പി.എസ്‌. ശ്രീധരന്‍ പിള്ളയുടെ ജൂനിയറായിരുന്നുവെന്നുമായിരുന്നു ആരോപണങ്ങള്‍. ജഡ്‌ജിമാരെ പൊതുജനമധ്യത്തില്‍ ആക്ഷേപിച്ചതിന്‌ ഐ.പി.സി. 505-ാം വകുപ്പ്‌ അടക്കമാണു ചുമത്തിയിട്ടുള്ളത്‌.
യഹിയക്കെതിരേ കോടതി അലക്ഷ്യ നടപടിക്ക്‌ അനുമതി തേടി അഡ്വക്കേറ്റ്‌ ജനറലിന്‌ ഹൈക്കോടതി അഭിഭാഷകന്‍ അരുണ്‍ റോയ്‌ അപേക്ഷയും നല്‍കിയിട്ടുണ്ട്‌.
കാക്കനാട്‌ സബ്‌ ജയിലിലേക്ക്‌ മാറ്റണമെന്ന ആവശ്യം യഹിയ കോടതി മുമ്പാകെ ഉന്നയിച്ചെങ്കിലും അംഗീകരിച്ചില്ല. വിദ്വേഷ മുദ്രാവാക്യം വിളിച്ച കേസില്‍ കുട്ടിയുടെ പിതാവ്‌ അഷ്‌കര്‍, പോപ്പുലര്‍ ഫ്രണ്ട്‌ പള്ളുരുത്തി ഡിവിഷന്‍ ഭാരവാഹികളായ ഷമീര്‍, സുധീര്‍, മരട്‌ ഡിവിഷന്‍ സെക്രട്ടറി നിയാസ്‌ എന്നിവരടക്കം 26 പേരാണ്‌ ഇതുവരെ അറസ്‌റ്റിലായത്‌.
കൂടുതല്‍ പേരെ കസ്‌റ്റഡിയിലെടുത്ത്‌ ചോദ്യം ചെയ്യാനാണ്‌ പോലീസ്‌ നീക്കം. റിമാന്‍ഡില്‍ കഴിയുന്ന കുട്ടിയുടെ പിതാവ്‌ അടക്കമുള്ളവരെ കസ്‌റ്റഡിയില്‍ വാങ്ങാനും ആലോചനയുണ്ട്‌. സംഭവത്തിലെ ഗൂഢാലോചന കണ്ടെത്താനാണു പോലീസ്‌ നീക്കം.

LEAVE A REPLY

Please enter your comment!
Please enter your name here