പ്രവാസി സ്വര്‍ണവ്യാപാരിയുടെ വീട്ടില്‍നിന്ന്‌ ഒന്നരക്കോടിരൂപയുടെ സ്വര്‍ണവും രണ്ടു ലക്ഷം രൂപയും മോഷ്‌ടിച്ച പ്രതിയെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു

0

ഗുരുവായൂര്‍: ഗുരുവായൂരിലെ പ്രവാസി സ്വര്‍ണവ്യാപാരിയുടെ വീട്ടില്‍നിന്ന്‌ ഒന്നരക്കോടിരൂപയുടെ സ്വര്‍ണവും രണ്ടു ലക്ഷം രൂപയും മോഷ്‌ടിച്ച പ്രതിയെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. തമിഴ്‌നാട്‌ ട്രിച്ചി കാമരാജ്‌ നഗറില്‍ രാജു എന്ന്‌ വിളിക്കുന്ന ധര്‍മ്മരാജ്‌ (26) ആണ്‌ അറസ്‌റ്റിലായത്‌. സംസ്‌ഥാനത്തിനകത്തും പുറത്തുമായി നിരവധി മോഷണ കേസുകളില്‍ പ്രതിയാണിയാളെന്ന്‌ പോലീസ്‌ പറഞ്ഞു. തമ്പുരാന്‍പടി കുരഞ്ഞിയൂര്‍ വീട്ടില്‍ ബാലന്റെ വീട്ടിലാണ്‌ പ്രതി മോഷണം നടത്തിയത്‌. കഴിഞ്ഞ മേയ്‌ 12 നായിരുന്നു സംഭവം. വീട്ടുകാര്‍ വീടുപൂട്ടി തൃശൂരിലേക്ക്‌ സിനിമയ്‌ക്കു പോയസമയത്തായിരുന്നു കവര്‍ച്ച.
രാത്രി 7.20 നും 8.30 നും ഇടയില്‍ മോഷണം നടത്തി ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു. നിരീക്ഷണ കാമറയില്‍ പ്രതിയുടെ ദൃശ്യം പതിഞ്ഞിരുന്നെങ്കിലും വ്യക്‌തമായിരുന്നില്ല. തുടര്‍ന്ന്‌ പോലീസ്‌ മൂന്ന്‌ സംഘങ്ങളായി തിരിച്ച്‌ പഴുതടച്ച അന്വേഷണം നടത്തിയതിനൊടുവിലാണ്‌ പ്രതിയെ പിടികൂടാനായതെന്ന്‌ തൃശൂര്‍ സിറ്റി പോലീസ്‌ കമ്മിഷണര്‍ ആര്‍. ആദിത്യ, ഗുരുവായൂര്‍ എ.സി.പി. കെ.ജി. സുരേഷ്‌ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
പ്രതി ധര്‍മ്മരാജന്‍ 16-ാം വയസില്‍ കാക്കനാട്ടുനിന്ന്‌ ലാപ്‌ടോപ്പ്‌ മോഷ്‌ടിച്ചാണ്‌ കവര്‍ച്ചയിലേക്ക്‌ കടന്നതെന്ന്‌ പോലീസ്‌ പറഞ്ഞു. ഈ കേസില്‍ ജുവനൈല്‍ സെന്ററില്‍ താമസിക്കുമ്പോള്‍ അവിടെനിന്ന്‌ മതില്‍ ചാടി രക്ഷപ്പെടുകയായിരുന്നു. പെരിന്തല്‍മണ്ണ, തൃത്താല, ഷൊര്‍ണൂര്‍ , കുളപ്പുള്ളി തുടങ്ങിയ സ്‌ഥലങ്ങളില്‍ നിരവധി ഭവനഭേദന കേസുകളില്‍ പ്രതിയാണ്‌ ഇയാളെന്ന്‌ പോലീസ്‌ പറഞ്ഞു. അങ്കമാലിയില്‍നിന്ന്‌ ഇടുക്കി സ്വദേശിയുടെ ബൈക്ക്‌ മോഷ്‌ടിച്ച കേസിലും ഇയാള്‍ പ്രതിയാണെന്നും ഈ ബൈക്കിലാണ്‌ മോഷണ യാത്രയെന്നും പോലീസ്‌ പറഞ്ഞു.
തഞ്ചാവൂരിലെ പോലീസ്‌ കസ്‌റ്റഡിയില്‍നിന്നു രക്ഷപ്പെട്ട്‌ എടപ്പാളില്‍ വന്ന്‌ കുടുംബ സമേതം താമസിച്ചാണ്‌ കവര്‍ച്ച നടത്തിയിരുന്നത്‌. അടച്ചിട്ട വലിയ വീടുകളാണ്‌ കവര്‍ച്ച നടത്തുന്നതിന്‌ തെരഞ്ഞെടുത്തിരുന്നത്‌. കവര്‍ച്ച നടത്തി കിട്ടുന്ന പണം കൊണ്ട്‌ ആര്‍ഭാട ജീവിതം നയിക്കുകയാണ്‌ പതിവെന്ന്‌ പോലീസ്‌ പറഞ്ഞു. ഗുരുവായൂരിലെ മോഷണ ശേഷം എടപ്പാളില്‍ വാടക വീട്ടിലെത്തിയ പ്രതി രണ്ട്‌ ദിവസം ഇവിടെ താമസിച്ച ശേഷം ഭാര്യയും രണ്ട്‌ മക്കളുമായി രാജധാനി എക്‌സ്‌പ്രസില്‍ ഡല്‍ഹിക്ക്‌ തിരിക്കുകയായിരുന്നു. ഡല്‍ഹിയില്‍നിന്നും ഛത്തിസ്‌ഗഡ്‌ഡിലെത്തിയ പ്രതി അവിടെ കുടുംബ സമേതം താമസിച്ച്‌ വരുന്നതിനിടെയാണ്‌ പിടിയിലാകുന്നത്‌. 15 പവന്റെ ആഭരണങ്ങളും ഒരുലക്ഷത്തി എണ്ണായിരം രൂപയും ഇയാളില്‍നിന്ന്‌ കണ്ടെടുത്തു.
വിമാന മാര്‍ഗം നെടുമ്പാശേരിയിലെത്തിച്ച പ്രതിയെ പിന്നീട്‌ ഗുരുവായൂരില്‍ കൊണ്ടുവന്ന്‌ തെളിവെടുപ്പ്‌ നടത്തി. തുടര്‍ന്ന്‌ കോടതിയില്‍ ഹാജരാക്കി. ബാക്കിയുള്ള സ്വര്‍ണവും പണവും കണ്ടെടുക്കുന്നതിനായി പ്രതിയെ വീണ്ടും കസ്‌റ്റഡിയില്‍ വാങ്ങുമെന്ന്‌ പോലീസ്‌ പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here