ശ്രീലങ്കയിലെ ജനങ്ങൾ ആരംഭിച്ച പ്രക്ഷോഭങ്ങളെ ഭയന്ന് പ്രധാനമന്ത്രി മഹിന്ദ രാജപക്സെ രാജിവെക്കുകയും ഒളിവിൽ പോകുകയും ചെയ്തതോടെ ശ്രീലങ്കയിലും ലോകമെമ്പാടുമുള്ള കമ്മ്യൂണിസ്റ്റ് – ഇടതുപക്ഷ ക്യാമ്പുകളിലും ആവേശം നിറയുകയാണ്

0

കൊളംബോ: ശ്രീലങ്കയിലെ ജനങ്ങൾ ആരംഭിച്ച പ്രക്ഷോഭങ്ങളെ ഭയന്ന് പ്രധാനമന്ത്രി മഹിന്ദ രാജപക്സെ രാജിവെക്കുകയും ഒളിവിൽ പോകുകയും ചെയ്തതോടെ ശ്രീലങ്കയിലും ലോകമെമ്പാടുമുള്ള കമ്മ്യൂണിസ്റ്റ് – ഇടതുപക്ഷ ക്യാമ്പുകളിലും ആവേശം നിറയുകയാണ്. ശ്രീലങ്കയിലെ ജനങ്ങളുടെ പ്രതിഷേധത്തിനും പ്രക്ഷോഭത്തിനും ആവേശമാകുന്നത് ശ്രീലങ്കയിലെ ‘ജനത വിമുക്തി പേരമുന’ (പീപ്പിൾസ് ലിബറേഷൻ ഫ്രണ്ട്) അഥവാ ജെവിപി എന്ന ഇടതുപക്ഷ പാർട്ടിയും അതിന്റെ നേതാക്കളുമാണ്. പ്രവർത്തകർ തെരുവിൽ സർക്കാരിനെതിരെ പോരാടുമ്പോൾ, ശ്രീലങ്കൻ സർക്കാരിന്റെയും രാജപക്സെ കുടുംബത്തിന്റെയും അഴിമതി കഥകൾ ലോകത്തോട് വിളിച്ചു പറയുകയാണ് നേതാക്കൾ. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലുമുള്ള പ്രക്ഷോഭകർ ഒരുപോലെ അംഗീകരിക്കുന്ന രാഷ്ട്രീയ നേതൃത്വമായി ജെവിപി മാറുകയാണ്.

പ്രസിഡന്റ് ഗോട്ടബയ രാജപക്സെയുടെ രാജി ആവശ്യപ്പെട്ടാണ് ഇപ്പോൾ ശ്രീലങ്കയിൽ പ്രക്ഷോഭം തുടരുന്നത്. രാജപക്സെ കുടുംബത്തിന്റെ പല തലമുറയിലുള്ള നേതാക്കൾ മുതൽ ഇന്ന് പ്രക്ഷോഭമുഖത്തുള്ള പ്രധാന പ്രതിപക്ഷ പാർട്ടി ‘സമഗി ജന ബലവേഗയയുടെ’ (യുണൈറ്റ‍ഡ് പീപ്പിൾസ് പവർ) നേതാവും പ്രതിപക്ഷ നേതാവുമായ സജിത് പ്രേമദാസ വരെ നടത്തിയ കോടികളുടെ അഴിമതിക്കഥകളാണ് ജെവിപി നേതാവ് അനുര കുമാര ദിസ്സനായകെ കഴിഞ്ഞ ദിവസം പുറത്തു വിട്ടത്.

1965ൽ രൂപംകൊണ്ട ജെവിപിക്ക് ശ്രീലങ്കയിൽ പല സമയത്തും ശക്തി തെളിയിക്കാൻ കഴിഞ്ഞിരുന്നു. ആയുധമെടുത്തും ജനാധിപത്യ മാർ​ഗത്തിലുമെല്ലാം പൊരുതിയ പാരമ്പര്യമുള്ള പാർട്ടിയാണ് ജെവിപി. 1965–ൽ രൂപീക‍ൃതമായ പാർട്ടി ചെറിയ തോതിലാണ് പ്രവർത്തനം ആരംഭിച്ചതെങ്കിലും വളരെ വേഗം ശ്രീലങ്കൻ രാഷ്ട്രീയത്തെ സ്വാധീനിക്കുന്ന രീതിയിലേക്ക് വളർന്നു. ഇക്കാലത്താണ് പാർട്ടി അംഗങ്ങളായിരുന്ന ചെറുപ്പക്കാരെ ആയുധമണിയിക്കാൻ ജെവിപി സ്ഥാപകൻ രോഹന വിജെവീര ശ്രമമാരംഭിക്കുന്നത്. 1971–ൽ ഇതിന്റെ രണ്ടാം ഘട്ടമായി പോലീസ് സ്റ്റേഷനുകളും ശ്രീലങ്കയുടെ പല ഭാഗങ്ങളും പിടിച്ചെടുക്കുന്നതിലേക്ക് പാർട്ടിയുടെ ശക്തി വ്യാപിച്ചു. എന്നാൽ ശ്രീലങ്കൻ ഭരണകൂടത്തോട് ഏറ്റുമുട്ടി വിജയിക്കാനുള്ള ശേഷിയില്ലാതിരുന്ന ഈ സംഘത്തെ വേഗം തന്നെ സൈന്യം കീഴടക്കി. ജെവിപിയെ നിരോധിച്ചു. വിജെവീര അറസ്റ്റിലായി, ആദ്യം ജീവപര്യന്തവും പിന്നീട് 20 വർഷവുമാക്കി ശിക്ഷ കുറച്ചു. 1977–ൽ ജെആർ ജയവർധനെ അധികാരത്തിൽ വന്നതോടെ ‘എല്ലാവരേയും ഒരുമിച്ചു കൊണ്ടുപോവുക’ പദ്ധതിയുടെ ഭാഗമായി ജെവിപിക്ക് പ്രവർത്തനാനുമതി നൽകി. വിജെവീര മോചിതനായി.
വിജെവീര എന്ന ലങ്കൻ ചെ​ഗുവേര
ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്കും ശ്രീലങ്കൻ ഇടതുപക്ഷത്തിനും ആവേശം നൽകുന്ന പേരാണ് രോഹന വിജെവീര. അദ്ദേഹം രൂപീകരിച്ചതാണ് ജെവിപി എന്ന രാഷ്ട്രീയ പാർട്ടി. ശ്രീലങ്കയെ രക്തത്തിൽ മുക്കിയ രണ്ട് സായുധ പോരാട്ടങ്ങൾക്ക് ശേഷം സൈന്യം പിടിച്ചുകൊണ്ടു പോയി വെടിവച്ചു കൊല്ലുമ്പോൾ 46 വയസ്സായിരുന്നു അദ്ദേഹത്തിന്റെ പ്രായം. ശ്രീലങ്കൻ കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനായിരുന്ന പിതാവിന്റെ മകനായി ജനിക്കുകയും പിതാവിനെ രാഷ്ട്രീയ എതിരാളികൾ ആക്രമിച്ച് ഗുരുതരമായി പരുക്കേൽപ്പിച്ചതിനെ തുടർന്ന് കമ്യൂണിസ്റ്റ് രാഷ്ട്രീയം പഠിക്കാൻ തീരുമാനിക്കുകയുമായിരുന്നു. ഇതേതുടർന്ന് സോവിയറ്റ് യൂണിയനിലെ ലുമുംബ യൂണിവേഴ്സിറ്റിയിൽ വൈദ്യപഠനത്തിന് ചേരുകയും ചെയ്തു. റഷ്യൻ ഭാഷ പഠിച്ചു. ഇടയ്ക്ക് നാട്ടിൽ തിരിച്ചെത്തിയപ്പോൾ അങ്ങേയറ്റം പ്രക്ഷുബ്ധമായ രാഷ്ട്രീയ കാലാവസ്ഥയിൽ വിജെവീരെ ശ്രീലങ്കയിലെ അടിത്തട്ട് രാഷ്ട്രീയ പ്രവർ‌ത്തനത്തിലേക്ക് ഇറങ്ങുകയായിരുന്നു.
ഇതിനിടെ നിലവിലുള്ള പല ഇടതു രാഷ്ട്രീയ പാർട്ടികളുമായും ചേർന്നു പോകാൻ കഴിയാതെ വന്നതോടെയാണ് സ്വന്തമായി ജെവിപി രൂപീകരിക്കുന്നത്. ജനങ്ങളെ സാമൂഹികമായി രാഷ്ട്രീയവത്ക്കരിച്ചു കൊണ്ടു മാത്രമേ ‘വിപ്ലവം’ സാധ്യമാകൂ എന്നതായിരുന്നു വിജെവീര വിശ്വസിച്ചിരുന്നത്. ഇതോടെ ശ്രീലങ്ക ഉടനീളം സഞ്ചരിച്ച് ക്ലാസുകളും സംഘടനാ പ്രവർത്തനങ്ങളും നടത്തി ചെറുപ്പക്കാരെ സംഘടിപ്പിച്ചു. പതിയെ ആയുധങ്ങളും ശേഖരിച്ചു, പരിശീലനവും തുടങ്ങി. ഇതായിരുന്നു 1971–ലെ സായുധ പരിപാടി.

ഇതിനിടെ, വിദേശ രാജ്യങ്ങളിലും ജെവിപിക്ക് യൂണിറ്റുകളുണ്ടായി. തുടക്കം മുതൽ ജെവിപിയെ സഹായിച്ച രാജ്യങ്ങളിലൊന്നാണ് ഉത്തര കൊറിയ. ഇതുമൂലം ശ്രീലങ്കൻ സർക്കാരുമായി പോലും ഉത്തര കൊറിയയ്ക്ക് ഉരസേണ്ടി വന്നു. റഷ്യയുമായും പതിയെ അടുത്തു, നിരവധി തവണ പോയി. ഇറാഖ് അടക്കമുള്ള രാജ്യങ്ങളിൽ പല തവണ സന്ദർശനം നടത്തി. ഒരു സാർവ ദേശീയ ഇടതു മുന്നേറ്റമായിരുന്നു ലക്ഷ്യം. എന്നാൽ 1971–ലെ കലാപത്തിന് 20 വർഷത്തെ ശിക്ഷയും പാർട്ടി നിരോധനവും ലഭിച്ചു. ഏഴു വർഷത്തിനു ശേഷം മോചനം ലഭിച്ചതോടെ വീണ്ടും സായുധ മുന്നറ്റത്തിന് കോപ്പുകൂട്ടി. ആദ്യ തവണത്തേതിൽ നിന്ന് വ്യത്യസ്തമായി ഒറ്റപ്പെട്ട വലിയ ആക്രമണങ്ങളായിരുന്നു ലക്ഷ്യം. ഇതാണ് 1987 മുതൽ 1989 വരെ മൂന്നു വർഷം നീണ്ടു നിന്നതും നിരവധി പേരുടെ മരണത്തിനു കാരണമായതും.

LEAVE A REPLY

Please enter your comment!
Please enter your name here