വാളയാര്‍ കേസ് അന്വേഷിച്ച എസ്പി എം ജെ സോജനെതിരെ ക്രിമിനല്‍ കേസ്

0

 
പാലക്കാട്: വാളയാര്‍ പീഡനക്കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനായ എസ്പി എം ജെ സോജനെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ കോടതി ഉത്തരവ്. പാലക്കാട് പോക്‌സോ കോടതിയാണ് ഉത്തരവിട്ടത്. പെണ്‍കുട്ടികളെ അപകീര്‍ത്തിപ്പെടുത്തുന്ന മോശം പരാമര്‍ശം നടത്തിയെന്ന കുട്ടികളുടെ അമ്മയുടെ പരാതിയിലാണ് കോടതി ഉത്തരവ്. 

ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥന്റെ വിവാദ പരാമര്‍ശം. തുടര്‍ന്ന് കുട്ടികളുടെ അമ്മ കോടതിയില്‍ പരാതിയുമായി സമീപിക്കുകയായിരുന്നു. പരാമര്‍ശത്തില്‍ സോജന്‍ വിചാരണ നേരിടണമെന്ന് കോടതി നിര്‍ദേശിച്ചു. സോജനെ സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തുകൊണ്ടുള്ള അന്വേഷണം വേണമെന്നാണ് വാളയാര്‍ സമരസമിതി ആവശ്യപ്പെടുന്നത്.

ഡിവൈഎസ്പിയായിരുന്ന സോജനെതിരെ നടപടിയെടുക്കുന്നതിന് പകരം എസ്പിയായി സ്ഥാനക്കയറ്റം നല്‍കിയതിനെതിരെ സാറ ജോസഫ്, റിട്ട. ജസ്റ്റിസ് കെമാല്‍ പാഷ, അഡ്വ പി എ പൗരന്‍ തുടങ്ങി മനുഷ്യാവകാശ-സാമൂഹ്യ പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്ക് തുറന്ന കത്തെഴുതിയിരുന്നു. 
2017 ജനുവരി 13 നാണ് വാളയാറിലെ 13കാരിയായ പെണ്‍കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പിന്നീട് മാര്‍ച്ച് നാലിന് നാലാംക്ലാസ്സുകാരി അനുജത്തിയേയും ഇതേരീതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. താന്‍ വീട്ടിലേക്ക് വരുമ്പോള്‍ മുഖം മറച്ച് രണ്ടുപേര്‍ വീട്ടില്‍ നിന്നും പോകുന്നത് കണ്ടെന്ന് ഇളയപെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു. പെണ്‍കുട്ടികള്‍ രണ്ടുപേരും ലൈംഗികചൂഷണത്തിന് വിധേയരായിട്ടുണ്ടെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. 

LEAVE A REPLY

Please enter your comment!
Please enter your name here