ചുട്ടു പൊള്ളുന്ന ചൂടിൽ വെന്തുരുകുകയാണ് നാം

0

ചുട്ടു പൊള്ളുന്ന ചൂടിൽ വെന്തുരുകുകയാണ് നാം. വെയിലിൽ നിന്ന് രക്ഷപ്പെടാൻ ആളുകൾ പഠിച്ച പണി പതിനെട്ടും നോക്കുകയാണ്. 45 ഡിഗ്രി സെൽഷ്യസിലെത്തി നിൽക്കുകയാണ് രാജ്യതലസ്ഥാനം. ചൂട് ഇങ്ങനെ കനക്കുമ്പോൾ തന്റെ ഓട്ടോ തണുപ്പിക്കാൻ തീർത്തും വ്യത്യസ്തമായ ഒരു വഴി കണ്ടെത്തിയിരിക്കയാണ് ഒരു ഓട്ടോ ഡ്രൈവർ. ഓട്ടോറിക്ഷയുടെ മേൽക്കൂരയിൽ ഡ്രൈവറായ മഹേന്ദ്ര കുമാർ ഒരു കൊച്ചു പൂന്തോട്ടം നിർമിച്ചു. ചൂടിനെ പ്രതിരോധിക്കാൻ ചെറിയ ചെടികളും പച്ചക്കറികളും നട്ടുവളർത്തുന്നത് വളരെ ഗുണകരമാണ് എന്നദ്ദേഹം പറയുന്നു.

48 -കാരനായ കുമാറിന്റെ ഓട്ടോറിക്ഷയിൽ ഇരുപതിലധികം ഇനം ചെടികളും പൂക്കളുമുണ്ട്. യാത്രക്കാരും നാട്ടുകാരും ഈ ചലിക്കുന്ന പൂന്തോട്ടത്തിന്റെ ചിത്രം പകർത്താൻ തിരക്ക് കൂട്ടുന്നു. രണ്ട് വർഷം മുമ്പ് വേനൽക്കാലത്തിന്റെ ഉച്ചിയിൽ നിൽക്കുമ്പോഴാണ് അദ്ദേഹത്തിന് ഈ ആശയം ആദ്യമായി തോന്നിയത്. കത്തുന്ന വേനൽച്ചൂടിൽ തന്നോടൊപ്പം തന്റെ യാത്രക്കാരെയും തണുപ്പിക്കാൻ ഓട്ടോയുടെ മുകളിൽ ചെറുചെടികൾ വളർത്താമെന്ന് അദ്ദേഹം ചിന്തിച്ചു. അങ്ങനെ വിവിധയിനം ഔഷധസസ്യങ്ങളും പച്ചക്കറികളും ചെടികളും അദ്ദേഹം അതിൽ വളർത്തി. ചീര, തക്കാളി, തുടങ്ങിയ വിളകൾ പോലും അദ്ദേഹം ഓട്ടോയുടെ മുകളിൽ നട്ടുപിടിപ്പിച്ചിട്ടുണ്ട്. ചൂടിൽ നിന്ന് രക്ഷനേടുക മാത്രമല്ല ഇതുകൊണ്ട് ഗുണം, സൂര്യാഘാതം കുറക്കാനും ഇത് വഴി സാധിക്കുമെന്ന് അദ്ദേഹം പറയുന്നു.

തോട്ടമുണ്ടാകാൻ കുമാർ ആദ്യം മേൽക്കൂരയിൽ ഒരു പായ വിരിച്ചു. തുടർന്ന് ഒരു ചാക്കും അതിന് മുകളിൽ മണ്ണുമിട്ടു. എന്നിട്ട് അതിൽ ചെടികൾ നട്ടു. വഴിയരികിൽ നിന്ന് പുല്ലും സുഹൃത്തുക്കളിൽ നിന്നും, പരിചയക്കാരിൽ നിന്നും പച്ചക്കറി വിത്തുകളും അദ്ദേഹം സ്വരൂപിച്ചു. ചെടികളുടെ പച്ചപ്പും ആരോഗ്യവും നിലനിർത്താൻ ദിവസത്തിൽ രണ്ടുതവണ വരെ അദ്ദേഹം നനച്ചു കൊടുക്കുന്നു. ഇതിന് വലിയ അധ്വാനമൊന്നും ആവശ്യമില്ല എന്നദ്ദേഹം പറയുന്നു.

“ഏകദേശം രണ്ട് വർഷം മുമ്പ് വേനൽക്കാലത്താണ് എനിക്ക് ഈ ആശയം തോന്നിയത്. ഓട്ടോയുടെ മുകളിൽ കുറച്ച് ചെടികൾ വളർത്താൻ കഴിയുമെങ്കിൽ, അത് എന്റെ ഓട്ടോയെ തണുപ്പിക്കുകയും, എന്റെ യാത്രക്കാർക്ക് ചൂടിൽ നിന്ന് ആശ്വാസം നൽകുകയും ചെയ്യുമെന്ന് ഞാൻ കരുതി. ഇത് ഇപ്പോൾ ഒരു സ്വാഭാവിക എയർകണ്ടീഷണർ പോലെയാണ്. എന്റെ യാത്രക്കാർ വളരെ സന്തുഷ്ടരാണ്. എനിക്ക് ചിലർ 10-20 രൂപ അധികം നൽകും” കുമാർ പറഞ്ഞു.

അതോടൊപ്പം, കുമാറിന്റെ ഈ പൂന്തോട്ടം കണ്ട് കൂടെയുള്ള ഡ്രൈവർമാരും ഇപ്പോൾ ചെടി നടുന്നതിന് ആവശ്യമായ ഉപദേശങ്ങൾ തേടുകയാണ്. “പരിസ്ഥിതി മലിനീകരണം തടയാൻ ഇത് ഒരു മികച്ച ആശയമാണ്. ഡൽഹി ഒരു കോൺക്രീറ്റ് കാടാണ്, പച്ചപ്പില്ല. ഇത്തരം ഓട്ടോറിക്ഷകൾ നമുക്ക് റോഡുകളിൽ കൂടുതൽ ആവശ്യമാണ്” അദ്ദേഹം പറയുന്നു. അതുപോലെ പെട്രോളിനെക്കാളും ഡീസലിനേക്കാളും മലിനീകരണം കുറവായ കംപ്രസ് ചെയ്ത പ്രകൃതിവാതകത്തിലാണ് കുമാറിന്റെ ഓട്ടോ ഓടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here