ഭൂരിപക്ഷം കൂടുമെന്ന് യു.ഡി.എഫ്; തിരിച്ചുപിടിക്കുമെന്ന്എൽ.ഡി.എഫ്;വോട്ട് കൂട്ടാൻഎൻ.ഡി.എ;ട്വന്റി 20 വോട്ടിൽആശങ്ക, പ്രതീക്ഷ;കൊട്ടിക്കലാശത്തിന് ഒരുനാൾ, തൃക്കാക്കരയിൽ തങ്ങൾക്കനുകൂലമാകുന്ന വോട്ടുകളും , അട്ടിമറി സാദ്ധ്യതകളും കണക്കുകൂട്ടുകയാണ് മുന്നണി നേതാക്കൾ

0

കൊച്ചി: പ്രചാരണത്തിന്റെ കൊട്ടിക്കലാശത്തിന് ഒരുനാൾ ബാക്കിനിൽക്കെ, തൃക്കാക്കരയിൽ തങ്ങൾക്കനുകൂലമാകുന്ന വോട്ടുകളും ,അട്ടിമറി സാദ്ധ്യതകളും കണക്കുകൂട്ടുകയാണ് മുന്നണി നേതാക്കൾ. .

31ന് നടക്കുന്ന വോട്ടെടുപ്പിന്റെ പ്രചാരണം നാളെ അവസാനിക്കും. മുഴുവൻ വീടുകളിലും ഫ്ളാറ്റുകളിലും സ്ഥാപനങ്ങളിലും മുതിർന്ന നേതാക്കളും മന്ത്രിമാരുമുൾപ്പെടെ നേരിട്ടെത്തിയാണ് വോട്ടഭ്യർത്ഥിച്ചത്. ബൂത്തുകൾ കേന്ദ്രീകരിച്ചായിരുന്നു അടിത്തട്ടിലെ പ്രചാരണം . നിഷ്‌പക്ഷരെ സ്വാധീനിക്കാൻ കഴിയുന്നവരെ ഉപയോഗിച്ച് വോട്ട് അനുകൂലമാക്കാനുള്ള നീക്കമാണ് പുരോഗമിക്കുന്നത്.

ഭൂരിപക്ഷം കൂടുമെന്ന് യു.ഡി.എഫ്

ജയം ഉറപ്പെന്ന വിലയിരുത്തലിലാണ് യു.ഡി.എഫ്. പി.ടി. തോമസിന് ലഭിച്ചതിലേറെ ഭൂരിപക്ഷം ഉറപ്പാക്കുകയാണ് ലക്ഷ്യം. . പി.ടി. തോമസിനോടുള്ള വൈകാരികബന്ധത്തിനൊപ്പം സർക്കാർ വിരുദ്ധവികാരവും കെ- റെയിലിനോടുള്ള എതിർപ്പും പ്രതിഫലിക്കുമെന്നാണ് പ്രതീക്ഷ.. മന്ത്രിമാരുൾപ്പെടെ സാധാരണക്കാരുടെ വീടുകളിലെത്തി നൽകിയ വാഗ്ദാനങ്ങൾ വോട്ടിൽ പ്രതിഫലിക്കുമെന്ന ആശങ്ക ചില നേതാക്കൾക്കുണ്ട്.

തിരിച്ചുപിടിക്കുമെന്ന്എൽ.ഡി.എഫ്

മണ്ഡലം തിരിച്ചുപിടിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് എൽ.ഡി.എഫ്. വികസനം സാദ്ധ്യമാക്കാൻ ഭരണപക്ഷ എം.എൽ.എ വേണ്ടേയെന്നാണ് ചോദ്യം. മണ്ഡലത്തിലെ ന്യൂനപക്ഷ വോട്ടുകളിലും എൽ.ഡി.എഫ് പ്രതീക്ഷ പുലർത്തുന്നുണ്ട്. സ്ഥാനാർത്ഥിയെ മുൻനിറുത്തി നിഷ്പക്ഷരുടെയും പ്രൊഫഷണലുകളുടെയും വോട്ടുകൾ സമാഹരിക്കാനും ശ്രമമുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ ക്യാമ്പ് ചെയ്ത് നടത്തിയ നീക്കങ്ങളും ഫലം കാണുമെന്നാണ് മുന്നണിയുടെ വിലയിരുത്തൽ.

വോട്ട് കൂട്ടാൻഎൻ.ഡി.എ

വോട്ടുവിഹിതം വർദ്ധിപ്പിക്കുകയാണ് എൻ.ഡി.എയുടെ ലക്ഷ്യം. ബി.ജെ.പിക്കും എൻ.ഡി.എ കക്ഷികൾക്കും 21,000 വോട്ടുകൾ മണ്ഡലത്തിലുണ്ടെന്നാണ് കണക്ക്. പി.സി. ജോർജിന് നൽകിയ പിന്തുണയിലൂടെ ക്രൈസ്തവരുടെ വോട്ടുകൾ ലഭിക്കുമെന്നും കരുതുന്നു. 25,000 നും 30,000ത്തിനുമിടയിൽ വോട്ടാണ് എൻ.ഡി.എ പ്രതീക്ഷിക്കുന്നത്.

ട്വന്റി 20 വോട്ടിൽആശങ്ക, പ്രതീക്ഷ

ട്വന്റി 20യും ആം ആദ്മി പാർട്ടിയും ചേർന്ന് രൂപീകരിച്ച ജനക്ഷേമ മുന്നണി മന:സാക്ഷി വോട്ടാണ് ആഹ്വാനം ചെയ്തത്. ഇത് ആർക്ക് വീഴുമെന്നത് വിജയം നിർണയിക്കുന്നതിൽ പ്രധാനമാണ്. ട്വന്റി 20 രൂക്ഷമായി എതിർക്കുന്നത് സി.പി.എമ്മിനെയായതിനാൽ തങ്ങൾക്ക് അനുകൂലമാകുമെന്നാണ് യു.ഡി.എഫിന്റെ പ്രതീക്ഷ. ഡോക്ടറായ സ്ഥാനാർത്ഥിയെ ട്വന്റി 20 അനുകൂലികൾ സഹായിക്കുമെന്ന് എൽ.ഡി.എഫ് കണക്കുകൂട്ടുന്നു. എൻ.ഡി.എക്കും ട്വന്റി 20 വോട്ടിൽ പ്രതീക്ഷയുണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here