കെഎസ്ആർടിസി തൊഴിലാളികൾ ശമ്പളമില്ലാതെ വലയുമ്പോൾ തൃശ്ശൂർ പൂരം കണ്ട് രസിച്ച് ഗതാഗത മന്ത്രി

0

തൃശൂർ: കെഎസ്ആർടിസിയിൽ തൊഴിലാളികൾ ശബളമില്ലാതെ പട്ടിണിയിൽ കിടക്കുമ്പോൾ തൃശ്ശൂർ പൂരം കണ്ട് രസിച്ച് ​ഗതാ​ഗത മന്ത്രി. തൊഴിലാളി വർ​ഗ പാർട്ടി ഭരിക്കുന്ന നാട്ടിലാണ് ഈ അവസ്ഥ എന്നുള്ളതാണ് എടുത്ത് പറയേണ്ട കാര്യം. ഒരു ഭാ​ഗത്ത് ശമ്പളത്തിന് ആവശ്യമായ 82 കോടി രൂപ കണ്ടെത്താൻ കഴിയാതെ മാനേജ്‌മെന്റ് നട്ടംതിരിയുമ്പോൾ മറു ഭാ​ഗത്ത് കെഎസ്ആർടിസി എംഡി ബിജു പ്രഭാകർ വിദേശപര്യടനത്തിനായി യാത്ര തിരിച്ചിരിക്കുകയാണ്. തലപ്പത്തുള്ളവരെല്ലാം ആഘോഷങ്ങളും ആർഭാടങ്ങളുമായി നടക്കുമ്പോൾ പട്ടിണിയിലാകുന്നത് തൊഴിലാളികൾ മാത്രമാണെന്നുള്ളതാണ് വാസ്തവം.

എന്നാൽ ശമ്പളക്കാര്യത്തിൽ ചെയ്യാനുള്ളതെല്ലാം ചെയ്തുകഴിഞ്ഞെന്നാണ് ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ നിലപാട്. സമരം ചെയ്താൽ ബദൽ സംവിധാനത്തെ കുറിച്ച് ആലോചിക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു. അതേസമയം ശമ്പളം കിട്ടിയില്ലെങ്കിൽ ശക്തമായ സമരത്തിലേക്ക് നീങ്ങുമെന്ന് യൂണിയനുകൾ അറിയിച്ചിട്ടുണ്ട്. സർക്കാർ നൽകിയ 30 കോടി രൂപമാത്രമാണ് നിലവിലുള്ളത്. ഈ സാഹചര്യത്തിലാണ് ബിജു പ്രഭാകർ നെതർലൻഡ് തലസ്ഥാനമായ ആംസ്റ്റർഡാം ആണ് സന്ദര്‍ശിക്കുന്നത്.

യാത്രാ ചെലവിനായി ദിവസേന 100 ഡോളർ നൽകണമെന്നു പൊതുഭരണവകുപ്പിന്റെ ഉത്തരവിൽ നിർദേശിക്കുന്നു. ‘യൂറോപ്പിലെ വൃത്തിയുള്ള ബസുകൾ’എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന സെമിനാറിലാണ് മെയ് 11, 12 തീയതികളിൽ ബിജു പ്രഭാകർ പങ്കെടുക്കുന്നത്. 13, 14 തീയതികളിൽ നഗരഗതാഗത സംവിധാനത്തെക്കുറിച്ചുള്ള പഠനത്തിൽ പങ്കെടുക്കും. കേന്ദ്ര സര്‍ക്കാരിന്റെ അനുമതിക്കു വിധേയമായിട്ടായിരിക്കും യാത്ര. മുൻ സർക്കാരുകളുടെ കാലത്തും കെഎസ്ആർടിസി വകുപ്പ് മന്ത്രിയും ഉദ്യോഗസ്ഥരും ഗതാഗത സംവിധാനത്തെക്കുറിച്ച് പഠിക്കാൻ വിദേശ രാജ്യങ്ങൾ സന്ദർശിച്ചിരുന്നു.
നെതർലാൻഡ്സിലെ ആംസ്റ്റർഡാമിൽ നടക്കുന്ന ഇന്റർനാഷണൽ കോൺഫറൻസിൽ പങ്കെടുക്കുന്നതിനുവേണ്ടി വിവിധ രാജ്യങ്ങളിൽ നിന്നുള്ള ​ഗതാഗത സെക്രട്ടറിമാർ, ​ട്രാൻസ്പോർട്ട് കമ്മിഷണർമാർ, പൊതുമേഖലയിൽ ഉള്ള സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപ്പറേഷനുകളുടെ സിഇഒമാർ തുടങ്ങിയവർക്ക് വളരെ നേരത്തെ തന്നെ ക്ഷണം ലഭിച്ചതുമാണെന്നും ജി.എ.ഡിയിൽ നിന്നുള്ള തുക ഉപയോ​ഗിച്ചാണ് ഈ കോൺഫറൻസിൽ പങ്കെടുക്കുന്നതെന്നും ഓഫീസ് വ്യക്തമാക്കി.

സാധാരണ ഡെലി​ഗേറ്റിന് 1200 യൂറോയാണ് (ഏകദേശം 1,10,000 രൂപ) ഫീസ്. എന്നാൽ, പ്രത്യേക ക്ഷണമുള്ള സർക്കാർ പ്രതിനിധികൾക്ക് ഡിസ്കൗണ്ട് ഫീസായ 475 യൂറോ ( ഏകദേശം 45,000) രൂപ നൽകിയാൽ മതി. ഇത് അനുസരിച്ച് ക്ഷണം ലഭിച്ചപ്പോൾ ഗതാ​ഗത / ന​ഗരകാര്യ സെക്രട്ടറി എന്ന നിലയിലാണ് ബിജു പ്രഭാകറിന് സംസ്ഥാനസർക്കാർ കോൺഫറൻസിൽ പങ്കെടുക്കാൻ അനുവാദം നൽകിയത്. കേരള ​ഗതാ​ഗത സെക്രട്ടറിയെക്കൂടാതെ ഇന്ത്യയിലെ അഞ്ചോളം സംസ്ഥാനങ്ങളിൽ നിന്നുള്ള ​ഗതാ​ഗതവകുപ്പിലേയും പൊതുമേഖലാസ്ഥാപനങ്ങളിലേയും ഉദ്യോ​ഗസ്ഥർ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചിട്ടുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു.

ഇലക്ട്രിക് ബസിന് പുറമെ സി.എൻ.ജി, എൽ.എൻ.ജി ബസുകൾക്കും, കഴിഞ്ഞ ബഡ്ജറ്റിൽ പ്രഖ്യാപിച്ചത് പോലെ ഹൈഡ്രജൻ ഉൾപ്പെടെയുള്ള ഇന്ധനങ്ങളിലേക്ക് എങ്ങനെ മാറാം എന്ന കാര്യങ്ങളെക്കുറിച്ചും സംസ്ഥാന ​ഗതാ​ഗത വകുപ്പ് പഠനം നടത്തുന്ന സമയത്താണ് ഇത്തരത്തിലൊരു കോൺഫറൻസ് നടക്കുന്നത്. ഒരു ബസ് വാങ്ങുന്നത് 15 വർഷത്തിലേക്കാണ്. അത് വാങ്ങുന്നതിന് മുൻപ് ഇതിന് ഉത്തരവാദിത്വപ്പെട്ട ഉദ്യോ​ഗസ്ഥർക്ക് ഇതിന്റെ ടെക്നോ, എക്ണോമിക് ഫീസിബിലിറ്റി മനസിലാക്കുന്നതിന് ഇത്തരത്തിലുള്ള രാജ്യാന്തര കോൺഫറൻസുകൾ ഗുണകരമാകുമെന്നും പ്രസ്താവന ചൂണ്ടിക്കാട്ടുന്നു.

അതേസമയം ആറാം തീയതി തൊഴിലാളികൾ പണിമുടക്കിയതിനെ തുടർന്ന് മൂന്നു ദിവസത്തെ വരുമാന നഷ്ടമുണ്ടായെന്ന ​ഗതാ​ഗത മന്ത്രിയുടെ വാദം അടിസ്ഥാന രഹിതമാണെന്നും എംപ്ലോയീസ് യൂണിയൻ സംസ്ഥാന വർക്കിം​ഗ് പ്രസിഡന്റ് എം ശിവകുമാർ കണക്കുകൾ നിരത്തി ചൂണ്ടിക്കാട്ടുന്നു.
മെയ് മാസം ഒന്നാം തീയതി കെഎസ്ആർടിസി ആകെ നടത്തിയത് 9,98000 കിലോമീറ്റർ സർവീസാണ്. അന്ന് 5,00,70769 രൂപയായിരുന്നു കളക്ഷൻ. രണ്ടാം തീയതി 10,64111കിലോമീറ്റർ സർവീസ് നടത്തിയെങ്കിലും 4,94,76452 രൂപ മാത്രമായിരുന്നു കളക്ഷൻ. മൂന്നാം തീയതിയാകട്ടെ, 10,60355 കിലോമീറ്റർ സർവീസ് നടത്തിയ കെഎസ്ആർടിസി ബസുകൾക്ക് 4,99,94994 രൂപയാണ് കളക്ഷൻ. നാലം തീയതി 11,96930 കിലോമീറ്റർ സർവീസ് നടത്തി 6,36,90335 രൂപ സമാഹരിച്ചു. അഞ്ചാംതീയതി 12,60289 കിലോമീറ്റർ ഓടിയ ബസുകൾ 6 ,69,87981രൂപ കളക്ഷനുണ്ടാക്കി. പണിമുടക്ക് ദിവസമായ ആറാം തീയതി 3,79,322 കീലോമീറ്റർ മാത്രം സർവീസ് നടത്തിയ കെഎസ്ആർടിസി 2 ,10,96257 രൂപയുടെ വരുമാനമുണ്ടാക്കി. അതിന് ശേഷം വരുമാന നഷ്ടം ഉണ്ടായെന്നാണ് ​ഗതാ​ഗത മന്ത്രിയുടെ ആരോപണം. എന്നാൽ ഏഴാം തീയതി 10,19148 കിലോമീറ്റർ ഓടി 5,42,86934 രൂപയും, എട്ടാം തീയതി 10,07617 കിലോമീറ്റർ ഓടി 5,47,78502 രൂപയും ഒമ്പതാം തീയതി 12,48879 കിലോമീറ്റർ ഓടി 6,97,59541 രൂപയും കെഎസ്ആർടിസി വരുമാനമുണ്ടാക്കി. ഈ കണക്കുകൾ മറച്ചുവെച്ചാണ് ​ഗതാ​ഗത മന്ത്രി അടിസ്ഥാന രഹിതമായ പ്രസ്താവനകൾ നടത്തുന്നതെന്ന് എഐടിയുസി ചൂണ്ടിക്കാട്ടുന്നു.
മന്ത്രിക്ക് ജനങ്ങളെ പറ്റിക്കാം തൊഴിലാളികളെ പറ്റിക്കാൻ കഴിയില്ല. മന്ത്രിക്ക് പറഞ്ഞ വാക്കുപാലിക്കാൻ കഴിയില്ലെങ്കിൽ ഈ പണി മതിയാക്കുന്നതാണ് നല്ലത്. ഇടത് പക്ഷ ജനാധിപത്യ മുന്നണിക്ക് നാണക്കേടായി ഇനിയും തുടരണമോ എന്ന് തീരുമാനിക്കാനുള്ള ആർജ്ജവം എങ്കിലും കാണിക്കാൻ മന്ത്രിക്ക് കഴിയണം. ജനാധിപത്യത്തിൽ ജനങ്ങളാണ് യജമാനൻമാർ എന്ന് ഓർക്കുന്നത് നല്ലതാണെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here