അടുത്ത മാസം നടക്കാനിരിക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ 16 സ്‌ഥാനാര്‍ഥികളുടെ പട്ടിക പ്രസിദ്ധീകരിച്ച്‌ ബി.ജെ.പി

0

ന്യൂഡല്‍ഹി: അടുത്ത മാസം നടക്കാനിരിക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ 16 സ്‌ഥാനാര്‍ഥികളുടെ പട്ടിക പ്രസിദ്ധീകരിച്ച്‌ ബി.ജെ.പി. 15 സംസ്‌ഥാനങ്ങളിലായി 57 സീറ്റുകളിലേക്ക്‌ ജൂണ്‍ 10 നാണ്‌ വോട്ടെടുപ്പ്‌. ജൂലൈയിലെ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിന്‌ മുന്നോടിയായി നടക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിനു ബി.ജെ.പി. വലിയ പ്രധാന്യമാണ്‌ നല്‍കുന്നത്‌. കാലാവധി പൂര്‍ത്തിയാക്കിയ സുരേഷ്‌ ഗോപി, മുന്‍ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ്‌ കണ്ണന്താനം എന്നിവരുടെ പേരുകള്‍ ഇന്നലെ പുറത്തിറക്കിയ പട്ടികയിലില്ല.
കാലാവധി തീരുന്ന ന്യൂനപക്ഷകാര്യമന്ത്രി മുക്‌താര്‍ അബ്ബാസ്‌ നഖ്വിയുടെ കാര്യത്തിലും തീരുമാനമായിട്ടില്ല. ധനമന്ത്രി നിര്‍മല സീതാരാമന്‍ (കര്‍ണാടക), വാണിജ്യ മന്ത്രി പിയൂഷ്‌ ഗോയല്‍ (മഹാരാഷ്‌ട്ര) എന്നിവര്‍ വീണ്ടും മത്സരിക്കും. ഏറ്റവുമധികം സീറ്റുകള്‍ ഒഴിവു വരുന്നത്‌ ഉത്തര്‍പ്രദേശില്‍നിന്നാണ്‌; 11 എണ്ണം. ഇവിടെ ആറു സീറ്റില്‍ ബി.ജെ.പി. മത്സരിക്കും. മഹാരാഷ്‌ട്രയിലും തമിഴ്‌നാട്ടിലും ആറു സീറ്റുകളിലേക്കു വീതം തെരഞ്ഞെടുപ്പു നടക്കും. ജയസാധ്യതയില്ലാത്ത തമിഴ്‌നാട്ടില്‍ ബി.ജെ.പി. ഇതുവരെ സ്‌ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ല. ബിഹാര്‍ (അഞ്ച്‌), കര്‍ണാടക, രാജസ്‌ഥാന്‍, ആന്ധ്രാപ്രദേശ്‌ (നാല്‌ വീതം), മധ്യപ്രദേശ്‌, ഒഡീഷ (മൂന്ന്‌ വീതം), പഞ്ചാബ്‌, ഝാര്‍ഖണ്ഡ്‌, ഹരിയാന, ഛത്തീസ്‌ഗഡ്‌, തെലങ്കാന (രണ്ട്‌ വീതം), ഉത്തരാഖണ്ഡ്‌ (ഒന്ന്‌) എന്നിങ്ങനാണ്‌ മറ്റു സംസ്‌ഥാനങ്ങളില്‍ തെരഞ്ഞെടുപ്പു നടക്കുന്ന സീറ്റുകള്‍.
വോട്ടെടുപ്പ്‌ നടക്കുന്ന 57 സീറ്റുകളില്‍ 23 സീറ്റുകള്‍ ബി.ജെ.പിക്കും എട്ടെണ്ണം കോണ്‍ഗ്രസിന്റേതുമാണ്‌. അതേസമയം, ഝാര്‍ഖണ്ഡില്‍ ഭരണമുന്നണിക്ക്‌ ജയസാധ്യതയുള്ള ഒരു സീറ്റില്‍ മത്സരിക്കുന്നതിനെ ചൊല്ലി സഖ്യകക്ഷികളായ ജെ.എം.എമ്മും കോണ്‍ഗ്രസും തമ്മില്‍ തര്‍ക്കം തുടരുകയാണ്‌.

LEAVE A REPLY

Please enter your comment!
Please enter your name here