നടന്‍ ദിലീപ്‌ പ്രതിയായ ലൈംഗിക അതിക്രമക്കേസിലെ പീഡനദൃശ്യം ചോര്‍ന്ന സംഭവത്തില്‍ അന്വേഷണമാവശ്യപ്പെട്ട്‌ അതിജീവിത സുപ്രീംകോടതിയെ സമീപിച്ചേക്കും

0

കൊച്ചി: നടന്‍ ദിലീപ്‌ പ്രതിയായ ലൈംഗിക അതിക്രമക്കേസിലെ പീഡനദൃശ്യം ചോര്‍ന്ന സംഭവത്തില്‍ അന്വേഷണമാവശ്യപ്പെട്ട്‌ അതിജീവിത സുപ്രീംകോടതിയെ സമീപിച്ചേക്കും.
എറണാകുളം സെഷന്‍സ്‌ കോടതിയില്‍ നിന്നു ദൃശ്യങ്ങള്‍ ചോര്‍ന്നുവെന്ന വാര്‍ത്ത ആശങ്കാപ്പെടുത്തുന്നെന്നും അന്വേഷണം വേണമെന്നും ചൂണ്ടിക്കാട്ടി അതിജീവിത രാഷ്‌ട്രപതി രാംനാഥ്‌ കോവിന്ദ്‌, പ്രധാനമന്ത്രി നരേന്ദ്ര മോദി, സുപ്രീം കോടതി ചീഫ്‌ ജസ്‌റ്റിസ്‌ എന്‍.വി. രമണ, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവര്‍ക്കു കത്തയച്ചിരുന്നു. നടപടി വൈകുന്നുവെന്നു ചൂണ്ടിക്കാട്ടിയാകും സുപ്രീംകോടതിയെ സമീപിക്കുക.
വിചാരണക്കോടതി ജഡ്‌ജിയെ മാറ്റണമെന്നാവശ്യപ്പെട്ട്‌ അതിജീവിത നേരത്തേ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. 2018 മാര്‍ച്ചിലാണു ദൃശ്യങ്ങളടങ്ങിയ പെന്‍ഡ്രൈവും സീല്‍ ചെയ്‌ത മെമ്മറി കാര്‍ഡും എറണാകുളം സെഷന്‍സ്‌ കോടതിയിലേക്ക്‌ അയച്ചത്‌. 2018 മാര്‍ച്ച്‌ 15 മുതല്‍ 2019 മാര്‍ച്ച്‌ 16 വരെ ഈ ദൃശ്യങ്ങള്‍ എറണാകുളത്തെ ജില്ലാ കോടതിയിലായിരുന്നു. ഇതിനിടെയാണു ദൃശ്യങ്ങള്‍ ചോര്‍ന്നതെന്നാണ്‌ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്‌.
ദിലീപ്‌ തന്റെ വീട്ടില്‍ വച്ചു ദൃശ്യങ്ങള്‍ കണ്ടെന്നു സംവിധായകന്‍ ബാലചന്ദ്രകുമാര്‍ അവകാശപ്പെട്ടിരുന്നു. ഇതേക്കുറിച്ചും അതിജീവിത കത്തില്‍ പരാമര്‍ശിച്ചിരുന്നു. വിദേശത്തുള്ളവരും ദൃശ്യങ്ങള്‍ കണ്ടതായി റിപ്പോര്‍ട്ടുകളുണ്ട്‌. കോടതിയില്‍ സീല്‍ ചെയ്‌തു സൂക്ഷിച്ചിരുന്ന ദൃശ്യങ്ങള്‍ മറ്റൊരാള്‍ക്ക്‌ എടുക്കാന്‍ സാധിക്കുന്നുവെന്നത്‌ ആശങ്കാജനകമാണെന്നും ഇതു തന്റെ സ്വകാര്യതയെ ഹനിക്കുന്ന കാര്യമാണെന്നുമാണു അതിജീവിതയുടെ പരാതി.
സംസ്‌ഥാന ഫോറന്‍സിക്‌ വിഭാഗമാണ്‌ എറണാകുളം ജില്ലാ സെഷന്‍സ്‌ കോടതിയില്‍ നിന്നു ദൃശ്യങ്ങള്‍ ചോര്‍ന്ന വിവരം സ്‌ഥിരീകരിച്ചത്‌. ദൃശ്യങ്ങളുടെ ഹാഷ്‌ വാല്യു മാറിയതിനെ തുടര്‍ന്നു നടത്തിയ പരിശോധനയിലാണ്‌ ഇക്കാര്യം കണ്ടെത്തിയത്‌

LEAVE A REPLY

Please enter your comment!
Please enter your name here