മെഡിക്കല്‍ വിദ്യാര്‍ത്ഥികളെ കൊണ്ട് മഹര്‍ഷി ചരക ശപഥ് ചൊല്ലിച്ച സംഭവത്തില്‍ നടപടിയുമായി തമിഴ്‌നാട് സര്‍ക്കാര്‍

0

ചെന്നൈ: മെഡിക്കല്‍ വിദ്യാര്‍ത്ഥികളെ കൊണ്ട് മഹര്‍ഷി ചരക ശപഥ് ചൊല്ലിച്ച സംഭവത്തില്‍ നടപടിയുമായി തമിഴ്‌നാട് സര്‍ക്കാര്‍. മധുരൈ മെഡിക്കല്‍ കോളജ് ഡീനിനെ സര്‍ക്കാര്‍ മാറ്റി. മെഡിക്കല്‍ കോളജുകളില്‍ പരമ്പരാഗതമായി ചൊല്ലുന്ന ഇംഗ്ലീഷിലുള്ള ഹിപ്പോക്രാറ്റിക് പ്രതിജ്ഞയ്ക്ക് പകരമാണ് സംസ്‌കൃതത്തില്‍ ചരക പ്രതിജ്ഞയെടുപ്പിച്ചത്.

ചടങ്ങില്‍ തമിഴ്‌നാട് ധനമന്ത്രി പളനിമേല്‍ തൈഗ രാജന്‍, വാണിജ്യ നികുതിമന്ത്രി പി. മൂര്‍ത്തി എന്നിവര്‍ പങ്കെടുത്തിരുന്നു. സര്‍ക്കാര്‍ അംഗീകാരമില്ലാതെ പ്രതിജ്ഞ മാറ്റിയതില്‍ അതൃപ്തി പ്രകടിപ്പിച്ചാണ് ഇന്നലെ ഡീന്‍ എ രതിനവേലിനെ മാറ്റിയത്.

വിദ്യാര്‍ത്ഥികള്‍ സംസ്‌കൃതത്തില്‍ പ്രതിജ്ഞ എടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് നടപടി. സ്ഥാനചലനം സംഭവിച്ച ഡീനിന് പുതിയ പദവി നല്‍കിയിട്ടുമില്ല. ഉചിതമായ പദവി പരിശോധിക്കുകയാണെന്നാണ് സര്‍ക്കാര്‍ പറയുന്നത്.

കാലങ്ങളായി പിന്തുടര്‍ന്നുവന്നിരുന്ന രീതിയില്‍ ലംഘനം വന്നതില്‍ വിശദമായ അന്വേഷണം പ്രഖ്യാപിച്ചുവെന്നും നടപടിയുണ്ടാകുമെന്നും ആരോഗ്യ മന്ത്രി മാ സുബ്രഹ്മണ്യം പറഞ്ഞു. പരമ്പരാഗതമായ ഹിപ്പോക്രാറ്റിക് പ്രതിജ്ഞ പാലിക്കണമെന്ന് എല്ലാ മെഡിക്കല്‍ സ്ഥാപനങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു. പരമ്പരാഗതമായ രീതിയില്‍ നിന്ന് മാറാന്‍ ഈ സര്‍ക്കാര്‍ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്തെ മെഡിക്കല്‍ കോളജുകളില്‍ ഹിപ്പോക്രാറ്റിക് പ്രതിജ്ഞയ്ക്കു പകരം ചരക ശപഥ് ചൊല്ലാന്‍ നാഷണല്‍ മെഡിക്കല്‍ കമ്മീഷനാണ് തീരുമാനമെടുത്തത്. ഇത് ബി.ജെ.പി ഇതര സംസ്ഥാനങ്ങളില്‍ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. ബി.ജെ.പി സര്‍ക്കാര്‍ ഹിന്ദുത്വ അജണ്ട അടിച്ചേല്‍പ്പിക്കുകയാണെന്നാണ് ആരോപണം. എന്നാല്‍ ഇത് ഓപ്ഷണല്‍ മാത്രമാണെന്നും ചരക ശപഥ് ചൊല്ലാന്‍ ആരേയും നിര്‍ബന്ധിക്കില്ലെന്നുമായിരുന്നു കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂക് മാണ്ഡവിയയുടെ പ്രതികരണം.

LEAVE A REPLY

Please enter your comment!
Please enter your name here