കോവിഡ് വാക്‌സിന്‍ സ്വീകരിക്കാന്‍ ആരെയും നിര്‍ബന്ധിക്കാന്‍ പാടില്ലെന്ന് സുപ്രീം കോടതി

0

ന്യുഡല്‍ഹി: കോവിഡ് വാക്‌സിന്‍ സ്വീകരിക്കാന്‍ ആരെയും നിര്‍ബന്ധിക്കാന്‍ പാടില്ലെന്ന് സുപ്രീം കോടതി. വാക്‌സിന്‍ എടുക്കാത്തതിന്റെ പേരില്‍ ആരെയും പൊതുഇടങ്ങളില്‍ നിന്ന് മാറ്റിനിര്‍ത്താനാവില്ല. അത്തരം ഉത്തരവുകള്‍ സംസ്ഥാന സര്‍ക്കാരുകള്‍ പിന്‍വലിക്കണം. വാക്‌സിന്റെ പാര്‍ശ്വഫലങ്ങളെ കുറിച്ചുള്ള റിപ്പോര്‍ട്ട് സര്‍ക്കാര്‍ പ്രസിദ്ധീകരിക്കണമെന്നും കോടതി വ്യക്തമാക്കി.

നിലവിലെ വാക്‌സിന്‍ നയം ഏകപക്ഷീയമാണെന്ന് പ്രത്യക്ഷമായി പറയാനാവില്ല. എന്നാല്‍ വാക്‌സിന്‍ വ്യക്തികളില്‍ നിര്‍ബന്ധിതമായി കുത്തിവയ്ക്കുന്നത് ഉചിതമാണെന്നും പറയാനാവില്ല. പൊതുനന്മയും ആരോഗ്യവും പരിഗണിച്ച് സര്‍ക്കാരിന് വാക്‌സിന്‍ നയം രൂപീകരിക്കാനും നിബന്ധനകള്‍ കൊണ്ടുവരാനും അധികാരമുണ്ട്. വാക്‌സിന്‍ നയം യുക്തിക്ക് നിരക്കാത്തതാണെന്ന് പറയാന്‍ കഴിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

വാക്‌സിന്റെ പാര്‍ശ്വഫലങ്ങളെ കുറിച്ച് ഡോക്ടര്‍മാരില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നുമുള്ള എല്ലാവര്‍ക്കും ലഭ്യമാകുന്ന സംവിധാനത്തില്‍ പരസ്യപ്പെടുത്തണം. അതില്‍ വ്യക്തികളുടെ വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്നും കോടതി വ്യക്തമാക്കി.

വാക്‌സിന്‍ സ്വീകരിച്ചവരേക്കാള്‍ സ്വീകരിക്കാത്തവര്‍ വൈറസ് പരത്തുന്നുവെന്നതിന് ഒരു ഡാറ്റയും സര്‍ക്കാര്‍ നല്‍കിയിട്ടില്ലെന്നും അതിനാല്‍ വാക്‌സിന്‍ എടുക്കാത്തവരെ പൊതുഇടങ്ങളില്‍ പ്രവേശിക്കുന്നതില്‍ നിന്ന് വിലക്കാന്‍ പാടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here