ഷവര്‍മ കഴിച്ച്‌ ഭക്ഷ്യവിഷബാധയേറ്റ കുട്ടികളില്‍ നാലുപേര്‍ക്ക്‌ ഷിഗല്ല രോഗം സ്‌ഥീരീകരിച്ചു

0

ഷവര്‍മ കഴിച്ച്‌ ഭക്ഷ്യവിഷബാധയേറ്റ കുട്ടികളില്‍ നാലുപേര്‍ക്ക്‌ ഷിഗല്ല രോഗം സ്‌ഥീരീകരിച്ചു.
ഭക്ഷ്യ വിഷബാധയെത്തുടര്‍ന്ന്‌ ചികിത്സ തേടിയവരുടെ രക്‌തം, മലം എന്നിവ കോഴിക്കോട്‌ മെഡിക്കല്‍ കോളജില്‍ പരിശോധിച്ചാണ്‌ ഷിഗല്ലയുടെ സാന്നിധ്യം സ്‌ഥിരീകരിച്ചത്‌. കാഞ്ഞങ്ങാട്‌ ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടികളില്‍ ആരുടെയും നില ഗുരുതരമല്ല.
കഴിഞ്ഞ ദിവസം കാസര്‍ഗോഡ്‌ ചെറുവത്തൂരില്‍ലെ കൂള്‍ബാറില്‍നിന്നു ഷവര്‍മ കഴിച്ചാണ്‌ വിദ്യാര്‍ഥിനിയായ ദേവനന്ദ മരിക്കുകയും നിരവധി പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്‌തത്‌. പരിയാരത്ത്‌ തീവ്രപരിചരണവിഭാഗത്തില്‍ കഴിയുന്ന വിദ്യാര്‍ഥിനിയുടെ ആരോഗ്യനില മെച്ചപ്പെട്ടു. കുട്ടികള്‍ കഴിച്ച ഷവര്‍മയില്‍ ഭക്ഷ്യവിഷബാധയ്‌ക്ക്‌ കാരണം ഷിഗല്ല ബാക്‌റ്റീരിയയാണെന്ന്‌ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. രാംദാസ്‌ എ.വി. അറിയിച്ചു. ഇറച്ചി സൂക്ഷിക്കുന്നതുള്‍പ്പെടെ, വൃത്തിഹീനമായ സാഹചര്യത്തിലാണ്‌ കൂള്‍ബാറില്‍ ഷവര്‍മ നിര്‍മിച്ചിരുന്നതെന്ന്‌ പരിശോധനയില്‍ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട്‌ കൂള്‍ബാര്‍ മാനേജറെ പോലീസ്‌ കസ്‌റ്റഡിയിലെടുത്തിരുന്നു.
വയറിളക്കം, പനി, വയറുവേദന, ഛര്‍ദി, ക്ഷീണം, എന്നിവയാണ്‌ ഷിഗല്ലയുടെ ലക്ഷണങ്ങള്‍. രോഗാണു പ്രധാനമായും കുടലിനെ ബാധിക്കുന്നതിനാല്‍ മലത്തോടൊപ്പം രക്‌തവും കാണപ്പെടുന്നു. എല്ലാ ഷിഗല്ല രോഗികള്‍ക്കും ലക്ഷങ്ങള്‍ കാണണമെന്നില്ല. ഷിഗല്ല ബാക്‌ടീരിയ ശരീരത്തില്‍ പ്രവേശിച്ച്‌ മൂന്നുദിവസത്തിന്‌ ശേഷമാകും ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുക.

LEAVE A REPLY

Please enter your comment!
Please enter your name here