ഉമാ തോമസ്‌ സ്‌ഥാനാര്‍ഥി ; ആദ്യ ചുവടുവച്ച്‌ യു.ഡി.എഫ്‌

0

കൊച്ചി/തിരുവനന്തപുരം : കോണ്‍ഗ്രസ്‌ നേതാവ്‌ പി.ടി. തോമസ്‌ എം.എല്‍.എയുടെ നിര്യാണത്തേത്തുടര്‍ന്ന്‌ ഉപതെരഞ്ഞെടുപ്പ്‌ നടക്കുന്ന തൃക്കാക്കര മണ്ഡലത്തില്‍ അദ്ദേഹത്തിന്റെ പത്‌നി ഉമാ തോമസ്‌ യു.ഡി.എഫ്‌. സ്‌ഥാനാര്‍ഥി. 31-ന്‌ നടക്കുന്ന വോട്ടെടുപ്പില്‍ ചതുഷ്‌കോണമത്സരത്തിനാണു കളമൊരുങ്ങുന്നത്‌. മണ്ഡലം നിലനിര്‍ത്താന്‍ പ്രിയനേതാവിന്റെ പത്‌നിയെത്തന്നെ യു.ഡി.എഫ്‌. രംഗത്തിറക്കുമ്പോള്‍, നിയമസഭയിലെ അംഗബലം 100 തികയ്‌ക്കുമെന്ന പ്രഖ്യാപനവുമായാണ്‌ എല്‍.ഡി.എഫ്‌. കച്ചമുറുക്കുന്നത്‌. ഇരുമുന്നണികള്‍ക്കും കനത്തവെല്ലുവിളി ഉയര്‍ത്താന്‍ എന്‍.ഡി.എയും ട്വന്റി ട്വന്റി-ആം ആദ്‌മി പാര്‍ട്ടി സഖ്യവും രംഗത്തിറങ്ങുന്നതോടെ തൃക്കാക്കരപ്പോര്‌ പൊടിപാറും.
ഇന്ന്‌ തെരഞ്ഞെടുപ്പ്‌ വിജ്‌ഞാപനമിറങ്ങുന്നതോടെ ഈയാഴ്‌ചതന്നെ സ്‌ഥാനാര്‍ഥികള്‍ പ്രചാരണരംഗത്തിറങ്ങും. 11 വരെ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാം. 12-നാണ്‌ പത്രികകളുടെ സൂക്ഷ്‌മപരിശോധന. 16 വരെ പത്രിക പിന്‍വലിക്കാം. വോട്ടെടുപ്പ്‌ 31-ന്‌. ജൂണ്‍ മൂന്നിനു വോട്ടെണ്ണല്‍.
അന്തരിച്ച പി.ടി. തോമസിന്റെ ജനപ്രീതിയും മണ്ഡലത്തിലെ കോണ്‍ഗ്രസിന്റെ കരുത്തും മറികടക്കുക എല്‍.ഡി.എഫിനു വന്‍വെല്ലുവിളിയാണ്‌. ഉമയ്‌ക്കെതിരേ വനിതാസ്‌ഥാനാര്‍ഥിയെത്തന്നെ പരിഗണിക്കുമ്പോഴും, മുന്‍ എം.എല്‍.എകൂടിയായ എം. സ്വരാജ്‌, ഡി.വൈ.എഫ്‌.ഐ. നേതാവ്‌. കെ.എസ്‌. അരുണ്‍കുമാര്‍, കൊച്ചി മേയര്‍ എം. അനില്‍കുമാര്‍ എന്നിവരും അഭ്യൂഹങ്ങളിലുണ്ട്‌. സ്‌ഥാനാര്‍ഥിയെ തീരുമാനിക്കാന്‍ സി.പി.എം. എറണാകുളം ജില്ലാ സെക്രട്ടേറിയറ്റും ജില്ലാ കമ്മിറ്റിയും ഇന്നു യോഗം ചേരും. എല്‍.ഡി.എഫ്‌. കണ്‍വീനര്‍ ഇ.പി. ജയരാജന്‍ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ്‌ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും.
സ്‌ഥാനാര്‍ഥിയായി ഉമയെ എ.ഐ.സി.സി. പ്രഖ്യാപിച്ചെങ്കിലും കോണ്‍ഗ്രസിനു കെ.വി. തോമസും ഡൊമനിക്‌ പ്രസന്റേഷനും വിമതവെല്ലുവിളി ഉയര്‍ത്തുന്നു. കെ.എസ്‌.യുവില്‍ പ്രവര്‍ത്തിച്ചും പി.ടി. തോമസിനൊപ്പം തെരഞ്ഞെടുപ്പ്‌ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തുമുള്ള പരിചയം, എറണാകുളം സ്വദേശിയെന്ന ആനുകൂല്യം എന്നീ ഘടകങ്ങള്‍ ഉമയ്‌ക്കു വോട്ടാകുമെന്ന പ്രതീക്ഷയിലാണു യു.ഡി.എഫ്‌. നേതൃത്വം.
സഹതാപതരംഗംകൊണ്ടു മാത്രം ജയിക്കാനാവില്ലെന്നു ഡൊമനിക്‌ പ്രസന്റേഷന്‍ തുറന്നടിച്ചതു വിമതനീക്കമായി കാണുന്നില്ലെന്നു നേതൃത്വം പറയുമ്പോഴും പ്രവര്‍ത്തകര്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ട്‌. ഡൊമനിക്കിനെ ഉമ്മന്‍ ചാണ്ടി ഫോണില്‍ ബന്ധപ്പെട്ട്‌ അനുനയനീക്കം നടത്തി. പരോക്ഷമായെങ്കിലും സി.പി.എമ്മിന്‌ അനുകൂലമായ നിലപാടാണു കെ.വി. തോമസിന്റേത്‌. വികസനരാഷ്‌ട്രീയത്തിനൊപ്പമാണു താനെന്ന വാക്കുകളിലൂടെ അദ്ദേഹം അതിന്‌ അടിവരയിടുന്നു. ഇ.പി. ജയരാജനെ സഹായിക്കാന്‍ മന്ത്രി പി. രാജീവ്‌, പി.ബി. അംഗങ്ങളായ എം.എ. ബേബി, എ. വിജയരാഘവന്‍ എന്നിവരെയാണു സി.പി.എം. തൃക്കാക്കരയിലേക്കു നിയോഗിച്ചിരിക്കുന്നത്‌. ഉമയ്‌ക്കെതിരേ കെ.വി. തോമസിന്റെ മകളും പരിഗണനയിലുണ്ടെങ്കിലും ജയസാധ്യത കുറവാണെന്നാണു സി.പി.എം. പ്രാദേശികനേതൃത്വത്തിന്റെ മുന്നറിയിപ്പ്‌. പാര്‍ട്ടി സംസ്‌ഥാന സെക്രട്ടേറിയറ്റ്‌ അംഗംകൂടിയായ എം. സ്വരാജാകട്ടെ മണ്ഡലം കേന്ദ്രീകരിച്ച്‌ സജീവമാണ്‌. പാര്‍ട്ടി ചിഹ്നം ഒഴിവാക്കി, വനിത ഉള്‍പ്പെടെ സ്വതന്ത്രസ്‌ഥാനാര്‍ഥിയേയാകും മതന്യൂനപക്ഷങ്ങള്‍ക്കു സ്വാധീനമുള്ള തൃക്കാക്കരയില്‍ സി.പി.എം. പരീക്ഷിക്കുകയെന്ന സൂചനയും ശക്‌തമാണ്‌. ഇന്നത്തെ സി.പി.എം. മണ്ഡലം കമ്മിറ്റി യോഗത്തില്‍ സ്‌ഥാനാര്‍ഥിയെ സംബന്ധിച്ച്‌ ധാരണയാകും.
വിദ്വേഷപ്രസംഗത്തിന്റെ പേരില്‍ അറസ്‌റ്റിലായ പൂഞ്ഞാര്‍ മുന്‍ എം.എല്‍.എയും ജനപക്ഷം നേതാവുമായ പി.സി. ജോര്‍ജിനെ മത്സരിപ്പിക്കാന്‍ ബി.ജെ.പി. നീക്കമുണ്ട്‌. ജോര്‍ജിനോടു ബി.ജെ.പി. നേതൃത്വം സംസാരിച്ചതായാണു സൂചന. ഹിന്ദു, ക്രിസ്‌ത്യന്‍ വിഭാഗങ്ങളുടെ വോട്ട്‌ ലക്ഷ്യമിട്ടാണ്‌ ഈനീക്കം. എല്‍.ഡി.എഫ്‌. സ്‌ഥാനാര്‍ഥിയും വനിതയെങ്കില്‍ ശോഭാ സുരേന്ദ്രനെ മത്സരിപ്പിക്കാനുള്ള സാധ്യതയും ബി.ജെ.പി. പരിഗണിക്കുന്നു. മുതിര്‍ന്നനേതാവ്‌ എ.എന്‍. രാധാകൃഷ്‌ണനും പരിഗണനയില്‍. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 15,000 വോട്ടാണു ബി.ജെ.പി. നേടിയത്‌. 15-നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ ഷാ കേരളത്തിലെത്തും. അതിനു മുമ്പ്‌ ആറിന്‌ കോഴിക്കോടെത്തുന്ന ബി.ജെ.പി. ദേശീയാധ്യക്ഷന്‍ ജെ.പി. നദ്ദ സ്‌ഥാനാര്‍ഥിയെ പ്രഖ്യാപിക്കുമെന്നാണു സൂചന.
മണ്ഡലത്തില്‍ ശക്‌തമായ വേരുകളുള്ള ട്വന്റി ട്വന്റിയാകട്ടെ ആം ആദ്‌മി പാര്‍ട്ടിയുമായി ചേര്‍ന്നാണു മത്സരിക്കുന്നത്‌. ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്‌മി പാര്‍ട്ടി ദേശീയ കണ്‍വീനറുമായ അരവിന്ദ്‌ കെജ്‌രിവാളിന്റെ സാന്നിധ്യത്തില്‍, ട്വന്റി ട്വന്റി ചീഫ്‌ കോര്‍ഡിനേറ്റര്‍ സാബു എം. ജേക്കബ്‌ ചെയര്‍മാനാകുന്ന മുന്നണിയുടെ പ്രഖ്യാപനം 15-നു കിഴക്കമ്പലത്ത്‌ നടക്കും.

LEAVE A REPLY

Please enter your comment!
Please enter your name here