ത്രിദിന യൂറോപ്പ് സന്ദർശനം കഴിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി തിരിച്ചെത്തി

0

ന്യൂഡൽഹി ∙ ത്രിദിന യൂറോപ്പ് സന്ദർശനം കഴിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി തിരിച്ചെത്തി. ജർമനി, ഡെന്മാർക്ക്, ഫ്രാൻസ് എന്നീ രാജ്യങ്ങളാണ് സന്ദർശിച്ചത്. ഒട്ടേറെ ഉഭയകക്ഷി ചർച്ചകളിലും യോഗങ്ങളിലും പങ്കെടുത്തു. പര്യടനത്തിന്റെ അവസാന ദിവസമായ ബുധനാഴ്ച രാത്രി പാരിസിലെത്തിയ പ്രധാനമന്ത്രി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോയുമായി ദീർഘ നേരം ചർച്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം, രാജ്യാന്തര വിഷയങ്ങൾ എന്നിവ ചർച്ച ചെയ്തതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ഇന്ത്യ–ഫ്രാൻസ് സഹകരണം പുതിയ മേഖലകളിലേക്കു വ്യാപിപ്പിക്കുമെന്ന് ഇരു രാഷ്ട്രത്തലവന്മാരും സംയുക്ത പ്രഖ്യാപനത്തിൽ പറഞ്ഞു. സമാന മനസ്കരായ മറ്റു രാജ്യങ്ങളെയും സംഘടനകളെയും ചേർത്ത് ജനാധിപത്യ സംരക്ഷണം, മൗലികാവകാശ സംരക്ഷണം, നിയമവാഴ്ച എന്നിവ ഉറപ്പാക്കുന്ന ലോകക്രമത്തിനായി പരിശ്രമിക്കും. 2025 ആകുമ്പോഴേയ്ക്കും ഇന്ത്യയിൽ നിന്നുള്ള 20000 വിദ്യാർഥികൾക്ക് ഫ്രാൻസിൽ പഠനത്തിനും തൊഴിൽ സംരംഭങ്ങൾക്കും അവസരം നൽകും.

ഇന്ത്യ– പസിഫിക് മേഖലയിൽ സമാധാനം, സ്ഥിരത, സമൃദ്ധി എന്നിവ ഉറപ്പാക്കാൻ ഒരുമിച്ചു പ്രവർത്തിക്കും. പ്രതിരോധം, സുരക്ഷ, വ്യാപാരം, നിക്ഷേപം, കണക്ടിവിറ്റി, ആരോഗ്യം, സുസ്ഥിരത എന്നീ മേഖലകളിൽ ബന്ധം കൂടുതൽ വിശാലമാക്കും. യൂറോപ്യൻ യൂണിയനും ഇന്ത്യയുമായുള്ള ബന്ധം ദൃഢമാക്കുന്നതിനും ശ്രമിക്കും.

യുക്രെയ്നിലെ റഷ്യൻ ആക്രമണത്തെ ഫ്രാൻസ് അപലപിക്കുന്നതായി പ്രസ്താവനയിൽ പറഞ്ഞു. യുക്രെയ്നിലെ മനുഷ്യാവകാശ ലംഘനങ്ങളെ ഇരുരാജ്യങ്ങളും അപലപിച്ചു. ആത്മനിർഭർ ഭാരത് പദ്ധതിക്കു ഫ്രാൻസ് പ്രോത്സാഹനം നൽകും. സൈബർ സുരക്ഷ, ഹരിതോർജം, സുസ്ഥിര വികസനം എന്നീ മേഖലകളിലും ഒരുമിച്ചു മുന്നേറും. ഇന്ത്യ സന്ദർശിക്കാൻ മക്രോയെ മോദി ക്ഷണിക്കുകയും ചെയ്തു.

Leave a Reply