തിരുവനന്തപുരം: സംസ്ഥാനത്തു വീണ്ടും പന്നിക്കെണി ദുരന്തം. പന്നിയെ കുടുക്കാനുള്ള
വൈദ്യുതി കെണിയിൽ കുടുങ്ങി ഒരാൾ കൂടി മരിച്ചു. പാലക്കാട് രണ്ടു പോലീസ് ഉദ്യോഗസ്ഥർ പന്നിക്കെണിയിൽ കുടുങ്ങി മരിച്ചതു ദിവസങ്ങൾക്കു മുന്പാണ്. തിരുവനന്തപുരം വിതുരയിൽ മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഏകദേശം 65 വയസ് തോന്നിക്കുന്ന ഇയാളുടെ മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.
വിതുര മേമല ലക്ഷ്മി എസ്റ്റേറ്റിനു സമീപം നസീർ മുഹമ്മദിന്റെ പുരയിടത്തിലാണ് സംഭവം. മരക്കുറ്റിയിൽ ഘടിപ്പിച്ചിരുന്ന കമ്പിവേലി മരിച്ചയാളുടെ ശരീരത്തിൽ ചുറ്റിക്കിടന്ന നിലയിലായിരുന്നു. ഷോക്കേറ്റാണ് മരണം സംഭവിച്ചതെന്ന നിഗമനത്തിലാണ് പോലീസ്.