തൊടുപുഴയ്‌ക്കു സമീപം കുമാരമംഗലത്ത്‌ അമ്മയുടെ കാമുകന്റെ ക്രൂരമര്‍ദനമേറ്റ്‌ കൊല്ലപ്പെട്ട ഏഴുവയസുകാരന്റെ അച്‌ഛന്‍ ബിജുവിന്റെ മരണവും കൊലപാതകം

0

തൊടുപുഴ: തൊടുപുഴയ്‌ക്കു സമീപം കുമാരമംഗലത്ത്‌ അമ്മയുടെ കാമുകന്റെ ക്രൂരമര്‍ദനമേറ്റ്‌ കൊല്ലപ്പെട്ട ഏഴുവയസുകാരന്റെ അച്‌ഛന്‍ ബിജുവിന്റെ മരണവും കൊലപാതകം. ബിജുവിനെ കഴുത്തുഞെരിച്ച്‌ കൊലപ്പെടുത്തിയതാണെന്നു റീപോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്‌. ബന്ധുക്കളുടെ പരാതിയില്‍ ഇടുക്കി ക്രൈംബ്രാഞ്ച്‌ നടത്തിയ അന്വേഷണത്തിലാണു കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്‌.
കൊലപാതകം നടത്തിയതും ആസൂത്രണം ചെയ്‌തതും ആരൊക്കെയെന്ന അന്വേഷണം തുടരുന്നു. മര്‍ദനമേറ്റ്‌ ചികിത്സയിലായിരുന്ന ഏഴുവയസുകാരന്‍ 2019 എപ്രില്‍ ആറിനാണു മരിച്ചത്‌. കുട്ടിയുടെ അച്‌ഛന്‍ ബിജു അതിന്‌ ഒരുവര്‍ഷം മുമ്പ്‌ മരിച്ചു. അന്നത്തെ പോസ്‌റ്റ്‌മോര്‍ട്ടത്തില്‍ ഹൃദയാഘാതമാണു മരണകാരണമായി കണ്ടെത്തിയത്‌. ഈ മരണത്തിനു പിന്നാലെ, ബന്ധുകൂടിയായ അരുണ്‍ അനന്ദ്‌ ബിജുവിന്റെ ഭാര്യക്കൊപ്പം താമസം തുടങ്ങി. മര്‍ദനമേറ്റ്‌ മൂത്തകുട്ടി മരിച്ചതോടെ ബിജുവിന്റെ മരണത്തിലും ബന്ധുക്കള്‍ക്കു സംശയമുയര്‍ന്നു. ഇതോടെ ബിജുവിന്റെ പിതാവ്‌ ബാബു ക്രൈംബ്രാഞ്ചിനു പരാതി നല്‍കി. അന്വേഷണത്തിന്റെ ഭാഗമായി നടന്ന റീപോസ്‌റ്റ്‌മോര്‍ട്ടത്തിലാണു കൊലപാതകം തെളിഞ്ഞത്‌. ആദ്യ പോസ്‌റ്റ്‌മോര്‍ട്ടത്തില്‍ പിഴവുകളുണ്ടായിരുന്നെന്നും ക്രൈംബ്രാഞ്ച്‌ വ്യക്‌തമാക്കുന്നു.
ബിജുവിന്റെ ഭാര്യയേയും ഭാര്യാമാതാവിനെയും നുണപരിശോധനയ്‌ക്കു വിധേയരാക്കാന്‍ ക്രൈംബ്രാഞ്ച്‌ അനുമതി തേടിയിരുന്നു. എന്നാല്‍, ഭാര്യയുടെ നുണപരിശോധനയ്‌ക്കു മാത്രമാണു കോടതി അനുമതി നല്‍കിയത്‌. ഇതിനെതിരേ ക്രൈംബ്രാഞ്ച്‌ അപ്പീല്‍ നല്‍കിയിട്ടുണ്ട്‌. ബിജുവിന്റെ മരണത്തില്‍ അരുണ്‍ ആനന്ദിനു പങ്കുള്ളതായി ക്രൈംബ്രാഞ്ചിന്‌ ഇതുവരെ തെളിവ്‌ ലഭിച്ചിട്ടില്ല

LEAVE A REPLY

Please enter your comment!
Please enter your name here