കൊളംബിയയിലെ കൊടുംകുറ്റവാളിയായ മയക്കുമരുന്ന് കടത്തുകാരനും രാജ്യത്തെ ഏറ്റവും വലിയ ക്രിമിനല്‍ സംഘത്തിന്‍റെ തലവനുമായ ഡെയ്റോ അന്‍റോണിയോ ഉസുഗ എന്ന ഒട്ടോണിയലിനെ യുഎസിലേക്ക് നാടുകടത്തി

0

ബഗോട്ട: കൊളംബിയയിലെ കൊടുംകുറ്റവാളിയായ മയക്കുമരുന്ന് കടത്തുകാരനും രാജ്യത്തെ ഏറ്റവും വലിയ ക്രിമിനല്‍ സംഘത്തിന്‍റെ തലവനുമായ ഡെയ്റോ അന്‍റോണിയോ ഉസുഗ (50) എന്ന ഒട്ടോണിയലിനെ യുഎസിലേക്ക് നാടുകടത്തി. കൊളംബിയ പ്രസിഡന്‍റ് ഇവാൻ ഡ്യൂക്ക് ആണ് ഇക്കാര്യം അറിയിച്ചത്.

കൊളംബിയൻ പോലീസിന്‍റെയും ഇന്‍റർപോൾ ഉദ്യോഗസ്ഥരുടെയും അകമ്പടിയോടെയാണ് ഉസുഗയെ വിമാനത്തിൽ യുഎസിൽ എത്തിച്ചത്. അഞ്ച് പോലീസ് വാഹനങ്ങളുടെ അകമ്പടിയിൽ കനത്തസുരക്ഷയിലാണ് ഇയാളെ ബൊഗോട്ടയിലെ ജയിലിൽ നിന്ന് സൈനിക വിമാനത്താവളത്തിൽ എത്തിച്ചത്. യുഎസിലും ഇയാള്‍ നിരവധി കേസുകളില്‍ പ്രതി ചേര്‍ക്കപ്പെട്ടിട്ടുണ്ട്.

നേരത്തെ ഉസുഗ വംശം എന്നറിയപ്പെട്ടിരുന്ന ഇപ്പോഴത്തെ ഗള്‍ഫ് വംശത്തിന്‍റെ തലവനായിരുന്നു ഉസുഗ. പത്ത് വര്‍ഷം മുമ്പ് ഒരു പുതുവര്‍ഷ പാര്‍ട്ടിക്കിടെ പോലീസ് റെയ്ഡില്‍ സഹോദരന്‍ കൊല്ലപ്പെട്ടതോടെയാണ് ഒട്ടോണിയല്‍ ഈ വംശത്തിന്‍റെ തലവനായത്. രാജ്യത്തെ ഏറ്റവും ശക്തമായ ക്രിമിനല്‍ സംഘമായിട്ടാണ് കൊളംബിയന്‍ സുരക്ഷാസേന ഇവരെ മുദ്രകുത്തിയിട്ടുള്ളത്.

പിടികിട്ടാപ്പുള്ളിയായിരുന്ന ഉസുഗയെ കഴിഞ്ഞ ഒക്ടോബറിലാണ് അറസ്റ്റ് ചെയ്തത്. മെക്സിക്കന്‍ പട്ടാളവും വ്യോമസേനയും പോലീസും നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് ഉസുഗ പിടിയിലായത്. 22 ഹെലികോപ്റ്ററുകളുടെ അകമ്പടിയില്‍ 500 സൈനികരാണ് ഇയാളെ പിടികൂടാനുള്ള ഓപ്പറേഷനില്‍ പങ്കാളികളായത്.

കുട്ടികളെ കടത്തൽ, യുഎസിലേക്ക് കൊക്കെയിന്‍ കയറ്റി അയക്കൽ, പോലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തല്‍ തുടങ്ങി ഒട്ടേറ കുറ്റകൃത്യങ്ങളിൽ ആരോപണങ്ങള്‍ ഒട്ടോണിയല്‍ നേരിടുന്നുണ്ട്.

Leave a Reply