ഓണ്‍ലൈന്‍ ആയി ടിക്കറ്റ് ബുക്ക് ചെയ്ത അന്യസംസ്ഥാന തൊഴിലാളിയെ കെഎസ്ആർടിസിയിൽ ബസില്‍നിന്ന് ഇറക്കിവിട്ടതായി പരാതി

0

ബത്തേരി: ഓണ്‍ലൈന്‍ ആയി ടിക്കറ്റ് ബുക്ക് ചെയ്ത അന്യസംസ്ഥാന തൊഴിലാളിയെ കെഎസ്ആർടിസിയിൽ ബസില്‍നിന്ന് ഇറക്കിവിട്ടതായി പരാതി. മീനങ്ങാടിയില്‍നിന്ന് തൊടുപുഴയിലേക്കുള്ള യാത്രയ്ക്കിടെ താമരശേരി ചുരത്തിലാണ് യാത്രക്കാരനെ ഇറക്കിവിട്ടത്. കര്‍ണാടക സ്വദേശിയായ സ്വാമി മീനങ്ങാടി പൊലീസിലും ബത്തേരി ഡിപ്പോയിലും പരാതി നല്‍കി.

വയനാട് സ്വദേശിയായ ഷാജി തൊടുപുഴയില്‍ നടത്തുന്ന സ്വകാര്യ ഹോട്ടലിലെ ജീവനക്കാരനാണു സ്വാമി. തൊഴിലുടമയുടെ വീട്ടില്‍ വന്ന് തിരികെ മടങ്ങുന്നതിനിടെയാണു ദുരനുഭവം ഉണ്ടായതെന്നു സ്വാമി പറയുന്നു. കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് ബത്തേരിയില്‍നിന്നു തൊടുപുഴ വഴി പത്തനംതിട്ടയിലേക്കു പോകുന്ന സൂപ്പര്‍ഫാസ്റ്റ് ബസിലാണു സ്വാമി സീറ്റ് ബുക്ക് ചെയ്തത്.

മീനങ്ങാടിയില്‍നിന്ന് കിലോമീറ്ററുകള്‍ സഞ്ചരിച്ചശേഷമാണ് കണ്ടക്ടര്‍ ടിക്കറ്റ് എടുക്കാനാവശ്യപ്പെടുന്നത്. ഓണ്‍ലൈന്‍ ബുക്കിങ്ങിന്റെ പകര്‍പ്പ് കാണിച്ചെങ്കിലും പരിശോധിക്കാതെ ടിക്കറ്റെടുക്കാന്‍ നിര്‍ബന്ധിക്കുകയും വിസമ്മതിച്ചപ്പോള്‍ ചുരത്തില്‍ ഇറിക്കിവിടുകയും ചെയ്തെന്നാണു പരാതി.
ഭാഷ വശമില്ലാത്തതിനാല്‍ സ്വാമിക്ക് ടിക്കറ്റ് റിസര്‍വ് ചെയ്ത് നല്‍കിയതും ബസില്‍ കയറ്റിവിട്ടതും തൊഴിലുടമയുടെ മകളാണ്. ചുരത്തിലിറക്കി വിട്ട വിവരം സ്വാമി വിളിച്ചറിയിച്ചപ്പോള്‍ കണ്ടക്ടറെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും കൃത്യമായ മറുപടി നൽകിയില്ലെന്നും ആരോപണമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here