തൃക്കാക്കരയുടെ അങ്കത്തട്ടില്‍ അട്ടിമറി ഭയന്ന്‌ ഇരുമുന്നണിയും

0

കൊച്ചി : തൃക്കാക്കരയില്‍ സ്‌ഥാനാര്‍ഥികളുടെ ചിത്രം വ്യക്‌തമായതോടെ അട്ടിമറി ഭയന്ന്‌ ഇരുമുന്നണിയും. എല്‍.ഡി.എഫിനും യു.ഡി.എഫിനും അനുകൂലവും പ്രതികൂലവുമായ ഘടകങ്ങള്‍ പലതാണ്‌. കത്തോലിക്കാ സഭയുടെ വോട്ട്‌ സുപ്രധാനമാണെന്നു സ്‌ഥാനാര്‍ഥികള്‍ പറയുമ്പോഴും എസ്‌.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പ്രസ്‌താവന അട്ടിമറി സൂചനയാണോയെന്ന ചിന്ത ഇരു മുന്നണിക്കുമുണ്ട്‌. സഭയുടെ സ്‌ഥാനാര്‍ഥിയെന്നു വരുന്നതു ഹിന്ദു, മുസ്ലിം വോട്ടര്‍മാരില്‍ ചലനമുണ്ടാക്കാം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ട്വന്റി 20 പിടിച്ച പതിനാലായിരത്തോളം വോട്ടുകള്‍ അവരില്ലാത്ത തെരഞ്ഞെടുപ്പില്‍ എങ്ങോട്ടൊഴുകുമെന്നതു നിര്‍ണായകമാകും.
ഇടതുസ്‌ഥാനാര്‍ഥി ഡോ. ജോ ജോസഫ്‌ കര്‍മ്മം കൊണ്ടു മണ്ഡലത്തിലുണ്ടെങ്കിലും ജന്മംകൊണ്ടു പൂഞ്ഞാറുകാരനാണ്‌. കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരിയുടെ പിന്തുണയോടെയാണു ജോ സ്‌ഥാനാര്‍ഥിയായതെന്ന വാദം രണ്ടു തരത്തില്‍ വോട്ടര്‍മാരെ സ്വാധീനിക്കുമെന്നു യു.ഡി.എഫും എല്‍.ഡി.എഫും കണക്കുകൂട്ടുന്നു. മാര്‍ ആലഞ്ചേരിയുടെ സ്‌ഥാനാര്‍ഥിയെന്നു വന്നാല്‍, കുര്‍ബാനയര്‍പ്പണ രീതിയെച്ചൊല്ലി കര്‍ദിനാളുമായി കൊമ്പുകോര്‍ക്കുന്ന എറണാകുളം-അങ്കമാലി അതിരൂപതയിലെ ബഹുഭൂരിപക്ഷം വൈദികരും വിശ്വാസികളും ഇടയാന്‍ സാധ്യതയുണ്ട്‌. അവരുടെ എതിര്‍പ്പ്‌ അനുകൂലമാക്കാനാണു യു.ഡി.എഫ്‌. ശ്രമം. കര്‍ദിനാളുമായി അടുപ്പമുള്ള എം.എല്‍.എ. ഉണ്ടാകാന്‍ അവര്‍ ആഗ്രഹിക്കില്ലെന്നും ഒരു വിഭാഗം പറയുന്നു.
ജോലിക്കും മറ്റുമായി തൃക്കാക്കര മണ്ഡലത്തില്‍ താമസിക്കുന്ന തെക്കന്‍ രൂപതാംഗങ്ങള്‍ നിരവധിയുണ്ട്‌. അവരുടെ വോട്ട്‌ ജോ ജോസഫിന്‌ ഉറപ്പിക്കാം. എന്നാല്‍, കുര്‍ബാന തര്‍ക്കത്തില്‍ ലത്തീന്‍ വിഭാഗത്തിന്റെ പരോക്ഷപിന്തുണ എറണാകുളം അതിരൂപതയ്‌ക്കുണ്ട്‌്. ലത്തീന്‍ പിന്തുണ തങ്ങള്‍ക്കു ലഭിക്കുമെന്നാണു യു.ഡി.എഫിന്റെ പ്രതീക്ഷ. പി.സി. ജോര്‍ജിന്റെ പരാമര്‍ശങ്ങള്‍ പൂഞ്ഞാറുകാരനായ ജോ ജോസഫിനു മുസ്ലിംവോട്ടുകള്‍ ലഭിക്കാന്‍ വിനയാകുമോ എന്നും ആശങ്കയുണ്ട്‌. ജോര്‍ജും ജോയും തമ്മിലുള്ള അടുപ്പം കാണിക്കുന്ന ചിത്രങ്ങള്‍ ധാരാളം പ്രചരിക്കുന്നുണ്ട്‌.
യു.ഡി.എഫിനു ആശങ്കയുണ്ടാക്കുന്ന ഘടകങ്ങളും നിരവധി. സഭാവോട്ടുകള്‍ തങ്ങള്‍ക്കെന്നു നേതാക്കള്‍ പറയുമ്പോഴും എളുപ്പമല്ലെന്നാണു വിലയിരുത്തല്‍. പി.ടി. തോമസ്‌ സഭയുടെ പിന്തുണതേടി നടന്നിട്ടില്ലെങ്കിലും ക്രൈസ്‌തവ വോട്ടുകള്‍ അദ്ദേഹത്തിനു നഷ്‌ടമായില്ല. പി.ടിയുടെ ഭാര്യയാണെങ്കിലും ഉമ സഭാംഗമാണോ എന്നതില്‍ വ്യക്‌തതയില്ല. മക്കളുടെ കാര്യവും അവ്യക്‌തമാണെന്നാണു സഭാവൃത്തങ്ങള്‍ പറയുന്നത്‌. ഉമ ഹരിഹരന്‍ എന്ന പേര്‌ അടുത്തിടെ ഉമ തോമസ്‌ എന്നാക്കിയതില്‍ രാഷ്‌ട്രീയം കാണുന്നവരുണ്ട്‌. സഭാംഗങ്ങളുടെ വോട്ടു കുറഞ്ഞാലും അതുപരിഹരിക്കാന്‍ ഹൈന്ദവ വോട്ടുകള്‍ ഇക്കുറി കൂടുതല്‍ ലഭിക്കുമെന്നാണു യു.ഡി.എഫിന്റെ കണക്കുകൂട്ടല്‍.
എ.എ.പിയും ട്വന്റി-20 യും സ്‌ഥാനാര്‍ഥിയെ നിര്‍ത്താത്ത സാഹചര്യത്തില്‍ ആ വോട്ടുകളിലും അടിയൊഴുക്കുണ്ടാവും. ട്വന്റി-20 പി.ടി തോമസുമായി രാഷ്‌്രടീയ ശത്രുതയിലായിരുന്നു. തന്നെ തോല്‍പ്പിക്കാന്‍ അവര്‍ ശ്രമിച്ചെന്നു പി.ടി. തോമസ്‌ ആരോപിച്ചിരുന്നു. പി.ടിക്കു കിട്ടേണ്ട വോട്ടുകളാണു ട്വന്റി 20 നേടിയതെന്നായിരുന്നു വിലയിരുത്തല്‍. എന്നാല്‍ ഇപ്പോള്‍ ചിത്രം മാറി. ട്വന്റി 20 ഇടതുസര്‍ക്കാരുമായി ഏറ്റുമുട്ടലിലാണ്‌. ട്വന്റി 20 പ്രവര്‍ത്തകന്‍ സി.കെ. ദീപുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടുള്ള കേസ്‌ നടക്കുന്നു. ട്വന്റി 20 പ്രസിഡന്റ്‌ സാബു എം. ജേക്കബ്‌ കേരളത്തില്‍ തുടങ്ങാനിരുന്ന വ്യവസായസ്‌ഥാപനം തെലങ്കാനയിലേക്കു മാറ്റി. ഈ വോട്ടുകള്‍ തങ്ങളുടെ പെട്ടിയില്‍ വീഴുമെന്നാണു യു.ഡി.എഫ്‌. പ്രതീക്ഷ.
ട്വന്റി 20 യ്‌ക്കു വോട്ടു ചെയ്‌തവര്‍ ഇത്തവണ തനിക്കു വോട്ടു ചെയ്യുമെന്ന്‌ ഇടതുപക്ഷ സ്‌ഥാനാര്‍ത്ഥി ഡോ. ജോ ജോസഫ്‌ പറയുന്നു. എന്നാല്‍, തൃക്കാക്കരയില്‍ ആം ആദ്‌മി സ്‌ഥാനാര്‍ത്ഥി ഇല്ലാത്തത്‌ അവരുടെ ആഭ്യന്തര കാര്യമെന്നു യു.ഡി.എഫ്‌. സ്‌ഥാനാര്‍ത്ഥി ഉമ തോമസ്‌ പറഞ്ഞു. തൃക്കാക്കരയില്‍ ട്വന്റി 20 യുടെ പിന്മാറ്റം യു.ഡി.എഫുമായുള്ള അഡ്‌ജസ്‌റ്റ്‌മെന്റാണോയെന്നു സംശയമുണ്ടെന്നു പി.വി. ശ്രീനിജിന്‍ എം.എല്‍.എ. പ്രതികരിച്ചു. വി.ഡി. സതീശനു സാബു ജേക്കബുമായി നല്ല ബന്ധമുണ്ട്‌. അഡ്‌ജസ്‌റ്റ്‌മെന്റ്‌ ഉണ്ടെങ്കില്‍ പി.ടിയുടെ ആത്മാവ്‌ കോണ്‍ഗ്രസുകാരോടു പൊറുക്കില്ലെന്നും ശ്രീനിജന്‍ പറയുന്നു.
എന്‍.ഡി.എ. സ്‌ഥാനാര്‍ഥിയായി ബി.ജെ.പി. സംസ്‌ഥാന വൈസ്‌ പ്രസിഡന്റ്‌ എ.എന്‍. രാധാകൃഷ്‌ണനെ പ്രഖ്യാപിച്ചതോടെ എന്‍.ഡി.എയുടെ പ്രവര്‍ത്തനങ്ങളും വേഗത്തിലായി. ഇടതു വലതു മുന്നണികളോടു വിയോജിപ്പുള്ള വോട്ടുകളാണു കഴിഞ്ഞ തവണ ട്വന്റി 20 നേടിയതെന്നും ഇക്കുറി അവ തങ്ങള്‍ക്കു കിട്ടുമെന്നും ബി.ജെ.പി. കണക്കുകൂട്ടുന്നു.

Leave a Reply