തൃശൂര്‍പൂരം ഇന്ന്‌

0

തൃശൂര്‍: അഴകായി തൃശൂര്‍പൂരം ഇന്ന്‌. രാവിലെ ഏഴരയ്‌ക്ക് കണിമംഗലം ശാസ്‌താവ്‌ ക്ഷേത്രനഗരിയില്‍ എഴുന്നെള്ളിയെത്തുന്നതോടെ ചടങ്ങുകള്‍ തുടങ്ങും. കണിമംഗലംശാസ്‌താവിനു പുറമേ പനമുക്കംപിള്ളി ശാസ്‌താവ്‌, ചെമ്പുക്കാവ്‌, കാരമുക്ക്‌, ലാലൂര്‍, ചൂരക്കോട്ടുകാവ്‌, അയ്യന്തോള്‍, നെയ്‌തലക്കാവ്‌ ഭഗവതിമാരും എഴുന്നള്ളും. നിറസാക്ഷിയായി ശ്രീവടക്കുനാഥന്‍. ഘടകപൂരങ്ങളുടെ വരവിനൊപ്പം തിരുവമ്പാടിയും പാറമേക്കാവും ആരവങ്ങളിലേക്കമരും.
രാവിലെ 11.30 ന്‌ നടുവില്‍മഠത്തില്‍ തിമിലയില്‍ കോങ്ങാട്‌ മധുവിന്റെ പെരുക്കത്തോടെ തിരുവമ്പാടിയുടെ പ്രസിദ്ധമായ മഠത്തില്‍വരവു തുടങ്ങും. പഴയനടക്കാവില്‍ വാദ്യലഹരിയുടെ കൂറ്റന്‍ ഗോപുരം കൊട്ടിയുയരും. അതുകേട്ട്‌ ജനം ആലിലപോലെ തുള്ളിയുണരും. പഞ്ചവാദ്യത്തിനു ശേഷം കിഴക്കൂട്ട്‌ അനിയന്‍മാരാരുടെ നേതൃത്വത്തില്‍ പാണ്ടിമേളം.
അപ്പുറത്ത്‌ ഉച്ചയ്‌ക്ക് 12 ന്‌ ചെറിയപാണി കൊട്ടിയാണ്‌ പാറമേക്കാവ്‌ ഭഗവതി നിരപ്പിനു ഇറങ്ങുക. തുടര്‍ച്ചയായി 24-ാം വര്‍ഷവും പാറമേക്കാവിന്റെ മേള പ്രമാണിയായി പെരുവനം കുട്ടന്‍മാരാര്‍. വലത്ത്‌ പെരുവനം സതീശനും ഇടത്ത്‌ തിരുവല്ല രാധാകൃഷ്‌ണനും കൂട്ടാകും. 300 ഓളം പേര്‍ ചെണ്ടക്കോല്‍ ഒരേതാളത്തില്‍ ഉയര്‍ത്തി പെരുക്കുന്ന മേളവിസ്‌മയമാണ്‌ ഇലഞ്ഞിത്തറമേളം. രണ്ടരയോടെ വടക്കുംനാഥ ക്ഷേത്രത്തിലെ ഇലഞ്ഞിച്ചുവട്ടിലെത്തി പെരുവനവും സംഘവും തുറന്നുപിടിക്കും. മനംമയക്കുന്ന മഠത്തില്‍വരവും മേളങ്ങളുടെ അവസാനവാക്കായ ഇലഞ്ഞിത്തറമേളവും പൂരത്തിന്റെ വിദ്യുത്തരംഗമാണ്‌. വൈകീട്ട്‌ 4.30 ന്‌ മേളം അവസാനിപ്പിച്ച്‌ പാറമേക്കാവ്‌ വിഭാഗം തെക്കോട്ടിറങ്ങും.
തുടര്‍ന്ന്‌ പാണ്ടിമേളം കലാശിച്ച്‌ തിരുവമ്പാടിയുമെത്തും. ഇരുകൂട്ടരും മുഖാമുഖം നിരന്നാല്‍ കുടമാറ്റമായി. 5.30 മുതല്‍ ഒരു മണിക്കൂര്‍ അഴകിന്റെ ചെപ്പുതുറക്കുന്ന കുടമാറ്റം. പുത്തന്‍ ജാലവിദ്യകളും വെളിച്ചവിസ്‌മയങ്ങളും കുടകളില്‍ വിരിയും. സ്‌ത്രീകള്‍ക്ക്‌ പ്രത്യേകസുരക്ഷയൊരുക്കാന്‍ 400 വനിതാപോലീസുണ്ട്‌. രാത്രിപ്പൂരങ്ങളില്‍ രാവിലെ നടന്ന ചടങ്ങുകളുടെ ആവര്‍ത്തനമാണ്‌. പുലര്‍ച്ചെ മൂന്നുമണിക്കു വെടിമരുന്നു കത്തിക്കും. ശബ്‌ദംകുറച്ച്‌ വര്‍ണം കൂട്ടിയാണ്‌ മാനത്തെ പൂരം ഒരുക്കുന്നത്‌. നാളെ രാവിലെ തിരുവമ്പാടി, പാമേക്കാവ്‌ ഭഗവതിമാര്‍ പതിനഞ്ചാനകളുമായി വടക്കുന്നാഥന്റെ ശ്രീമൂലസ്‌ഥാനത്തേക്കു പാണ്ടിമേളവുമായി കൊട്ടിക്കയറും. ഉച്ചയ്‌ക്ക് 12 ന്‌ ഉപചാരം ചൊല്ലി പിരിയല്‍. അതിനുശേഷവും മിനി വെടിക്കെട്ട്‌. നഗരം മുഴുവന്‍ പോലീസിന്റെ കാമറക്കണ്ണുകളിലാണ്‌.

Leave a Reply