ഈ മാസം അവസാനം സർക്കാരിന്റെ വിവിധ വകുപ്പുകളിൽനിന്നു വിരമിക്കുന്നത് 10,207 ജീവനക്കാർ

0

തിരുവനന്തപുരം∙ ഈ മാസം അവസാനം സർക്കാരിന്റെ വിവിധ വകുപ്പുകളിൽനിന്നു വിരമിക്കുന്നത് 10,207 ജീവനക്കാർ. ശമ്പളവിതരണ സോഫ്റ്റ്‌വെയറായ സ്പാർക്കിൽ വിരമിക്കൽ തീയതിയായി ജീവനക്കാർ രേഖപ്പെടുത്തിയത് അടിസ്ഥാനമാക്കിയുള്ള കണക്കാണിത്. സെക്രട്ടേറിയറ്റ് ജീവനക്കാർക്കും വിവിധ സർക്കാർ വകുപ്പുകളിലെ ജീവനക്കാർക്കും ശമ്പളം വിതരണം ചെയ്യുന്നത് സ്പാർക്കിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്.

പൊതുമേഖലാ സ്ഥാപനങ്ങളിൽ വാട്ടർ അതോറിറ്റി ഒഴികെയുള്ള സ്ഥാപനങ്ങളെ സ്പാര്‍ക്കുമായി ബന്ധപ്പെടുത്തിയിട്ടില്ല. സർവകലാശാലകളിൽ കുസാറ്റ് മാത്രമാണ് സ്പാർക്കിൽ ബന്ധിപ്പിച്ചിട്ടുള്ളത്. മറ്റു സർവകലാശാലകളെ ബന്ധിപ്പിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.

പൊതുഭരണവകുപ്പ്– 81, ധനകാര്യം– 24, നിയമം– 7 എന്നിങ്ങനെയാണ് സെക്രട്ടേറിയറ്റിൽനിന്ന് വിരമിക്കുന്ന ഉദ്യോഗസ്ഥരുടെ ലഭ്യമായ കണക്ക്. പൊതുമേഖലാ സ്ഥാപനങ്ങളായ കെഎസ്എഫ്ഇയിൽനിന്ന് 119 പേരും കെഎസ്ഇബിയിൽനിന്ന് 870 പേരും വിരമിക്കും. വിരമിക്കുന്ന ഉദ്യോഗസ്ഥരുടെ കണക്കു ശേഖരിക്കുന്ന നടപടികൾ എല്ലാ വകുപ്പുകളിലും തുടരുകയാണ്.

സ്പാർക്കിൽ വിരമിക്കൽ തീയതി രേഖപ്പെടുത്തിയ ഉദ്യോഗസ്ഥരുടെ വിവരങ്ങൾ മാത്രമേ അതിലൂടെ അറിയാൻ കഴിയൂ എന്ന് അധികൃതർ വ്യക്തമാക്കി. ജീവനക്കാരിൽ ചിലർ വിരമിക്കൽ തീയതി സ്പാർക്കിൽ രേഖപ്പെടുത്താറില്ല. പെൻഷൻ അപേക്ഷ കൊടുക്കുമ്പോഴേ വിവരം നൽകൂ. അതിനാൽ ഇപ്പോഴത്തെ കണക്കിൽ ചെറിയ വ്യത്യാസം വരും. വിരമിച്ചശേഷവും ജീവനക്കാർക്ക് ഈ വിവരം സ്പാർക്കിൽ നൽകാമെന്നും അധികൃതർ‌ പറഞ്ഞു.

സർവീസിൽനിന്ന് അടുത്ത അഞ്ച് വർഷം വിരമിക്കുന്നത് 1,12,010 പേരാണ്. കെ.മോഹൻദാസ് ഐഎഎസ് ചെയർമാനായ 11–ാം ശമ്പളക്കമ്മിഷൻ റിപ്പോർട്ടിലാണ് ഇക്കാര്യം രേഖപ്പെടുത്തിയിരിക്കുന്നത്. ഏറ്റവും കൂടുതൽ പേർ വിരമിക്കുന്നത് 2027ലാണ്, 23,714 പേർ. കുറവ് 2023ൽ– 21,083. ഈ വർഷം വിരമിക്കുന്നത് 21,537 പേർ. സർക്കാർ വകുപ്പുകളിലെ മാത്രം കണക്കാണിത്.

പൊതുമേഖലാ സ്ഥാപനങ്ങൾ, സഹകരണ സ്ഥാപനങ്ങൾ, സർവകലാശാലകൾ തുടങ്ങിയവയിലെ കണക്കുകൾ കൂടി കൂട്ടിയാൽ ഓരോ വർഷവും വിരമിക്കുന്നവരുടെ എണ്ണം ഇനിയും വർധിക്കും. ജൂണിൽ സ്കൂളിൽ ചേർക്കാനായി ജനനത്തീയതി മേയ് മാസത്തിൽ രേഖപ്പെടുത്തുന്ന പതിവ് പണ്ട് ഉണ്ടായിരുന്നതിനാലാണ് മേയ് മാസത്തിൽ ജീവനക്കാർ കൂട്ടത്തോടെ വിരമിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here