മൂവായിരം കിലോമീറ്റർ പദയാത്ര നടത്തുന്നതോടെ തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ വിവിധ നേതാക്കളെ ഒപ്പം കൂട്ടും, അധികാരത്തിന്റെ കടിഞ്ഞാൺ കൈക്കലാക്കാൻ കളത്തിലിറങ്ങി പ്രശാന്ത് കിഷോർ

0

പട്ന: തിരക്കിട്ട് രാഷ്ട്രീയ പാർട്ടി പ്രഖ്യാപിക്കാതെ അതിനുള്ള മണ്ണൊരുക്കാൻ കളത്തിലിറങ്ങി തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. ജനങ്ങളുമായി നേരിട്ട് സംവദിച്ച്, പാർലമെന്റ് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പ് രാഷ്ട്രീയ പാർട്ടി രൂപീകരണം എന്നതാണ് പ്രശാന്ത് കിഷോർ ലക്ഷ്യമിടുന്നത്. ഒക്ടോബർ രണ്ടിന് ​ഗാന്ധി ആശ്രമത്തിൽ നിന്നും ആരംഭിക്കുന്ന പദയാത്ര 3,000 കിലോമീറ്റർ പൂർത്തിയാക്കുന്നതോടെ ബീഹാറിലെ ജനങ്ങൾ തന്നെ പുതിയ രാഷ്ട്രീയ പാർട്ടി എന്ന ആശയം മുന്നോട്ട് വെക്കും എന്നാണ് പ്രശാന്ത് കിഷോർ പ്രതീക്ഷിക്കുന്നത്. വിവിധ രാഷ്ട്രീയ പാർട്ടികളിലെയും സാമുദായിക സംഘടനകളിലെയും ജനകീയ മുഖങ്ങളെ ചേർത്തുള്ള പാർട്ടിയുടെ തലച്ചോറായി പ്രശാന്ത് കിഷോറും പ്രവർത്തിക്കും.

ഇപ്പോഴത്തെ സാഹചര്യത്തിൽ ഉടൻ രാഷ്ട്രീയ പാർട്ടി രൂപീകരിക്കാനുള്ള സാധ്യതകൾ തള്ളിയാണ് ഒക്ടോബർ രണ്ടു മുതൽ 3,000 കിലോമീറ്റർ പദയാത്ര ആരംഭിക്കുമെന്ന പ്രശാന്ത് കിഷോറിന്റെ പ്രഖ്യാപനം. സമീപ ഭാവിയിൽ ബിഹാറിൽ തിരഞ്ഞെടുപ്പുകളൊന്നും ഇല്ലാത്ത സാഹചര്യത്തിൽ, തിരക്കിട്ട് രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നത് തന്റെ പദ്ധതിയിലില്ലെന്നും പ്രശാന്ത് കിഷോർ അറിയിച്ചു. ഭാവിയിൽ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിച്ചാലും അത് തന്റെ പേരിലായിരിക്കില്ലെന്ന് വ്യക്തമാക്കിയ പ്രശാന്ത് കിഷോർ, പാർട്ടി രൂപീകരിക്കുന്നവരുമായി സഹകരിച്ചു പ്രവർത്തിക്കുമെന്നും പ്രഖ്യാപിച്ചു.

‘‘ആളുകളെ അവരുടെ വീടുകളിലും ജോലി സ്ഥലങ്ങളിലും എത്തി കാണുന്നതിനാണ് പദയാത്രയിൽ പ്രാധാന്യം നൽകുക. അവരുടെ വീടുകളിലെത്തി ജീവിതാവസ്ഥ മനസ്സിലാക്കും. അവരുടെ വിഷമങ്ങളും പ്രതീക്ഷകളും കേൾക്കും. ഇതിനു മുന്നോടിയായി ബിഹാർ നേരിടുന്ന പ്രശ്നങ്ങൾ മനസ്സിലാക്കുന്ന 17,000 – 18,000 ആളുകളുമായി കൂടിക്കാഴ്ച നടത്തും. അവരെയെല്ലാം ഒറ്റ വേദിയിൽ ഒന്നിച്ചുകൂട്ടാൻ ശ്രമിക്കും. ഓഗസ്റ്റ് – സെപ്റ്റംബർ മാസത്തോടെ ഈ ദൗത്യം പൂർത്തീകരിക്കാമെന്നാണ് പ്രതീക്ഷ’ – പ്രശാന്ത് കിഷോർ പറഞ്ഞു.

‘‘ആഗ്രഹിക്കുന്ന ലക്ഷ്യങ്ങൾ നേടിയെടുക്കുന്നതിന് പുതിയൊരു രാഷ്ട്രീയ പാർട്ടി കൂടിയേ തീരൂ എന്ന് ജനങ്ങൾക്ക് തോന്നിയാൽ, അത്തരമൊരു തീരുമാനം തീർച്ചയായും കൈക്കൊള്ളും. അതുപക്ഷേ, പ്രശാന്ത് കിഷോറിന്റെ പാർട്ടിയായിരിക്കില്ല. മറിച്ച്, ജനങ്ങളുടെ സ്വന്തം പാർട്ടിയായിരിക്കും’ – വാർത്താ സമ്മേളനത്തിൽ പ്രശാന്ത് കിഷോർ വിശദീകരിച്ചു.
ഗാന്ധി ജയന്തി ദിനമായ ഒക്ടോബർ രണ്ടിന് പശ്ചിമ ചമ്പാരനിലെ ഗാന്ധി ആശ്രമത്തിൽനിന്നാണ് പദയാത്ര ആരംഭിക്കുക. പരമാവധി ആളുകളിലേക്ക് എത്തുന്നതിനായാണ് ഇത്തരമൊരു പദയാത്ര വിഭാവനം ചെയ്യുന്നതെന്ന് പ്രശാന്ത് കിഷോർ വ്യക്തമാക്കി. അടുത്ത 3–4 വർഷം ആളുകളിലേക്ക് ഇറങ്ങിച്ചെന്നു പ്രവർത്തിക്കുന്നതിനാണ് താൻ പ്രാധാന്യം നൽകുന്നതെന്നും പ്രശാന്ത് കിഷോർ വ്യക്തമാക്കി. ബിഹാറിലുടനീളം സഞ്ചരിച്ച് സാധാരണക്കാരുടെ ബുദ്ധിമുട്ടുകളും വേദനകളും മനസ്സിലാക്കുമെന്നും പദയാത്ര പ്രഖ്യാപിച്ചുകൊണ്ട് പ്രശാന്ത് കിഷോർ വ്യക്തമാക്കി.

സ്വദേശമായ ബിഹാറിലാകും പുതിയ രാഷ്ട്രീയ പരീക്ഷണമെന്ന് പ്രശാന്ത് കിഷോർ ആദ്യമേ വെളിപ്പെടുത്തിയിരുന്നു. അദ്ദേഹം പ്രഖ്യാപിക്കുന്ന ‘ജൻ സുരാജ്’ രാഷ്ട്രീയ പ്രസ്ഥാനം ആം ആദ്മി പാർട്ടിയുടെ മാതൃകയിലാകുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് തിരക്കിട്ട് രാഷ്ട്രീയ പാർട്ടി രൂപീകരിക്കാനില്ലെന്ന വിശദീകരണം. രാഷ്ട്രീയ തന്ത്രജ്ഞനെന്ന നിലയിലെ യാത്രയ്ക്കുശേഷം ജനങ്ങളെന്ന യഥാർഥ യജമാനരിലേക്ക് ഇറങ്ങിച്ചെല്ലാനുള്ള സമയമായെന്ന് അദ്ദേഹം കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. ഇതോടെയാണ് പുതിയ രാഷ്ട്രീയ പാർട്ടി സംബന്ധിച്ച അഭ്യൂഹങ്ങൾ ബലപ്പെട്ടത്.

കോൺഗ്രസിൽ ചേരാനുള്ള ക്ഷണം നിരസിച്ച് ഒരാഴ്ച തികയും മുൻപാണ് പ്രശാന്ത് നിർണായക രാഷ്ട്രീയ നീക്കത്തിനൊരുങ്ങുന്നത്. മുൻപ് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജെഡിയുവിൽ വൈസ് പ്രസിഡന്റായിരുന്ന അദ്ദേഹം പിന്നീട് തെറ്റിപ്പിരിഞ്ഞു. അതേസമയം, ബിഹാറിലെ ജാതി സമവാക്യങ്ങൾ മറികടന്നു ജനകീയ പ്രസ്ഥാനം കെട്ടിപ്പടുക്കുക അത്ര എളുപ്പമല്ലെന്നാണു രാഷ്ട്രീയ വൃത്തങ്ങളുടെ വിലയിരുത്തൽ. പ്രശാന്തിന്റെ പ്രസ്ഥാനം ബിഹാർ രാഷ്ട്രീയത്തിൽ ചലനമൊന്നും സൃഷ്ടിക്കില്ലെന്നു ബിജെപി നേതാവ് സുശീൽ കുമാർ മോദി പ്രതികരിച്ചു.

രാജ്യത്തെ ഏതാണ്ട് എല്ലാ പ്രമുഖ രാഷ്ട്രീയ പാർട്ടികളെയും അധികാരത്തിലെത്തിക്കാൻ പ്രശാന്ത് കിഷോറിന്റെ ബുദ്ധിശക്തി സഹായിച്ചിട്ടുണ്ട്. എന്നാൽ അധികാരത്തിലേറുന്നതോടെ എല്ലാ പാർട്ടികളും പ്രശാന്ത് കിഷോറിനെ പടിക്ക് പുറത്ത് നിർത്താറാണ് പതിവ്. ഈ സാഹചര്യത്തിലാണ് ഒരു പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുകയും അതിന്റെ കടിഞ്ഞാൺ തന്റെ കയ്യിൽ സൂക്ഷിക്കുകയും ചെയ്യുക എന്ന പദ്ധതിക്ക് പ്രശാന്ത് കിഷോർ രൂപം നൽകിയത്.

LEAVE A REPLY

Please enter your comment!
Please enter your name here