വഞ്ചനാക്കേസില്‍ ശ്രീകണ്‌ഠാപുരം പോലീസ്‌ കസ്‌റ്റഡിയിലെടുത്ത കര്‍ണാടക സ്വദേശി മരിച്ചു

0

ശ്രീകണ്‌ഠാപുരം: വഞ്ചനാക്കേസില്‍ ശ്രീകണ്‌ഠാപുരം പോലീസ്‌ കസ്‌റ്റഡിയിലെടുത്ത കര്‍ണാടക സ്വദേശി മരിച്ചു. കര്‍ണാടക ചിത്രദുര്‍ഗ ഹോറപ്പേട്ട അഞ്ചുമാന്‍ റോഡിലെ ഫോര്‍ത്ത്‌ ബ്ലോക്കില്‍ ടി.വി.ശിവകുമാര്‍(56)ആണ്‌ മരിച്ചത്‌.
ബുധനാഴ്‌ച്ച കര്‍ണാടകയിലെ കാവേരി ഖിജാബിയില്‍ നിന്നു കസ്‌റ്റഡിയിലെടുത്ത ശിവകുമാറിനെ ഇന്നലെ രാവിലെയാണു ശ്രീകണ്‌ഠാപുരം സ്‌റ്റേഷനിലെത്തിച്ചത്‌. ഉച്ചയോടെ സ്‌റ്റേഷനില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജിലെത്തിച്ചുവെങ്കിലും മരിച്ചിരുന്നു. ഹൃദയാഘാതമാണ്‌ മരണകാരണമെന്ന്‌ പോലീസ്‌ പറഞ്ഞു.
ക്വാറി ഉടമയായ ശിവകുമാറിന്റെ പേരില്‍ ചേപ്പറമ്പ്‌ സ്വദേശിനിയായ ജെമിനിരാജ്‌ നല്‍കിയ പരാതിയിലാണ്‌ പോലീസ്‌ കസ്‌റ്റഡിയിലെടുത്തത്‌. കര്‍ണാടകയില്‍ ക്വാറിയും ക്രഷറും വാങ്ങിച്ചുതരാമെന്നു വാഗ്‌ദാനംചെയ്‌ത്‌ ജെമിനിരാജില്‍നിന്ന്‌ 10 ലക്ഷം രൂപ വാങ്ങിയ ശിവകുമാര്‍ വ്യാജ എഗ്രിമെന്റ്‌ നല്‍കി വഞ്ചിച്ചുവെന്നാണ്‌ പരാതി. കര്‍ണാടകയില്‍ പരാതി നല്‍കിയതില്‍ നടപടികളുണ്ടാവാത്തതിനെത്തുടര്‍ന്നാണ്‌ ശ്രീകണ്‌ഠാപുരം പോലീസില്‍ പരാതിപ്പെട്ടത്‌. മരണപ്പെട്ട ശിവകുമാറിന്റെ ബന്ധുക്കളെ പോലീസ്‌ വിവരമറിയിച്ചിട്ടുണ്ട്‌. അവര്‍ വന്നതിന്‌ ശേഷം മാത്രമേ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ്‌ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്‍ക്വസ്‌റ്റ്‌ നടത്തുകയുള്ളൂ.

LEAVE A REPLY

Please enter your comment!
Please enter your name here