അപകടകരമായ ഡ്രൈവിങ്ങിനെതിരേ പ്രതികരിച്ചതിന്‌ സ്‌കൂട്ടര്‍യാത്രക്കാരായ സഹോദരിമാര്‍ക്ക്‌ നടുറോഡില്‍ യുവാവിന്റെ മര്‍ദനം

0

തേഞ്ഞിപ്പലം(മലപ്പുറം): അപകടകരമായ ഡ്രൈവിങ്ങിനെതിരേ പ്രതികരിച്ചതിന്‌ സ്‌കൂട്ടര്‍യാത്രക്കാരായ സഹോദരിമാര്‍ക്ക്‌ നടുറോഡില്‍ യുവാവിന്റെ മര്‍ദനം. യുവതികളുടെ പരാതിയില്‍ തിരൂരങ്ങാടി ചന്തപ്പടി സ്വദേശി സി.എച്ച്‌. ഇബ്രാഹിം ഷബീറിനെതിരേ തേഞ്ഞിപ്പലം പോലീസ്‌ കേസെടുത്തു. സ്‌കൂട്ടറിലിരിക്കുന്നസഹോദരിമാരെ ഇയാള്‍ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തായിട്ടുണ്ട്‌. സ്‌കൂട്ടറിനെ തടഞ്ഞുനിര്‍ത്തിയായിരുന്നു ആളുകള്‍ നോക്കിനില്‍ക്കെ യുവാവിന്റെ അക്രമണമെന്ന്‌ പരുക്കേറ്റ സഹോദരിമാര്‍ പറഞ്ഞു.
ദേശീയപാത പാണമ്പ്രയിലെ ഇറക്കത്തില്‍ കഴിഞ്ഞ 16-നായിരുന്നു സംഭവം. പരപ്പനങ്ങാടി കരിങ്കലത്താണി സ്വദേശിനികളായ എം.പി മന്‍സിലില്‍ അസ്‌ന കെ. അസീസ്‌, ഹംന കെ. അസീസ്‌ എന്നിവര്‍ കോഴിക്കോടുനിന്ന്‌ വീട്ടിലേക്ക്‌ സ്‌കൂട്ടറില്‍ പോകുകയായിരുന്നു. അമിത വേഗത്തിലെത്തിയ കാര്‍ ഇടതുവശത്തുകൂടി തെറ്റായി കയറിയതിനെതിരേ ഇവര്‍ പ്രതികരിച്ചു. ഹോണടിച്ച്‌ മുന്നോട്ടുപോയ ഇവരുടെ സ്‌കൂട്ടറിനെ പാണമ്പ്രയിലെ ഇറക്കത്തില്‍ വച്ച്‌ കാര്‍ വിലങ്ങനെ നിര്‍ത്തി ഇബ്രാഹിം ഷബീര്‍ തടഞ്ഞു. തുടര്‍ന്ന്‌ മുന്നിലിരുന്ന തന്നെയും സഹോദരി ഹംനയെയും ഇയാള്‍ മര്‍ദിക്കുകയായിരുന്നുവെന്ന്‌ അസ്‌ന പറഞ്ഞു. പ്രതിക്കു രാഷ്‌ട്രീയ സ്വാധീനമുണ്ടെന്നും പ്രശ്‌നം ഒതുക്കിത്തീര്‍ക്കാന്‍ ശ്രമമുണ്ടായെന്നും പെണ്‍കുട്ടികള്‍ ആരോപിച്ചു. ക്രൂരമായി മര്‍ദ്ദിച്ചിട്ടും നിസാര വകുപ്പുകളാണ്‌ പ്രതിക്കെതിരേ പൊലീസ്‌ ചുമത്തിയതെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്‌.
അഞ്ചുതവണയോളം തന്റെ മുഖത്തടിച്ചതായും ഡിവൈഡറിനോടു ചേര്‍ത്തു തടഞ്ഞതിനാല്‍ ഏറെ പണിപ്പെട്ടാണ്‌ വാഹനം നിയന്ത്രിച്ച്‌ രക്ഷപ്പെട്ടതെന്നും അസ്‌ന പറഞ്ഞു.
യുവതികള്‍ തിരൂരങ്ങാടി താലൂക്ക്‌ ആശുപത്രിയില്‍ ചികിത്സ തേടി. നട്ടെല്ലിലെ അസുഖത്തിന്‌ ചികിത്സ തുടരുന്ന ആളാണ്‌ പരുക്കേറ്റ അസ്‌ന.

LEAVE A REPLY

Please enter your comment!
Please enter your name here