ആന്ധ്രപ്രദേശില്‍ പ്രതിശ്രുത വരന്റെ കഴുത്തറുത്ത് യുവതി

0

വിജയവാഡ ∙ ആന്ധ്രപ്രദേശില്‍ പ്രതിശ്രുത വരന്റെ കഴുത്തറുത്ത് യുവതി. അനകപ്പല്ലെ ജില്ലയിലെ കൊമ്മലപുഡിയിലാണു സംഭവം. സർപ്രൈസ് ഗിഫ്റ്റ് തരാമെന്നു പറഞ്ഞു യുവാവിനെക്കൊണ്ട് കണ്ണടപ്പിച്ച പുഷ്പ എന്ന യുവതി കത്തി ഉപയോഗിച്ച് അതിക്രൂരമായി കഴുത്തറുക്കുകയായിരുന്നു. ഹൈദരാബാദിൽ ശാസ്ത്രജ്ഞനായി ജോലി ചെയ്തിരുന്ന രാമുനായിഡുവിനെതിരെയാണ് ആക്രമണമുണ്ടായത്.

ഗുരുതരമായി പരുക്കേറ്റ യുവാവിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വരുന്ന മേയ് 26ന് ഇരുവരുടെയും വിവാഹം നടക്കാനിരുന്നതാണ്. യുവാവുമായുള്ള വിവാഹത്തിനു യുവതിക്കു താൽപര്യമുണ്ടായിരുന്നില്ലെന്നാണു വിവരം. കുടുംബത്തിന്റെ സമ്മർദം കാരണമാണു വിവാഹം തീരുമാനിച്ചത്. ‌പൊലീസ് കേസെടുത്തു. വിശാഖപട്ടണം സ്വദേശിയാണു രാമുനായിഡു. പുഷ്പ ഫോണിൽ ബന്ധപ്പെട്ട് യുവാവിനെ സ്വന്തം ഗ്രാമത്തിലേക്കു വിളിച്ചുവരുത്തുകയായിരുന്നു.

തുടർന്ന് ഇരുവരും ചേർന്ന് മലമുകളിലെ ഒരു ക്ഷേത്രത്തിലേക്കു പോയി. സർപ്രൈസ് തരാൻ താൽപര്യമുണ്ടെന്നും കണ്ണടയ്ക്കണമെന്നും പുഷ്പ രാമു നായിഡുവിനോടു പറഞ്ഞു. യുവാവ് കണ്ണടച്ച ഉടനെ കത്തിയെടുത്ത് ആക്രമിക്കുകയായിരുന്നു. പരുക്കേറ്റ രാമുനായിഡു സുഖം പ്രാപിക്കുകയാണെന്നു പൊലീസ് അറിയിച്ചു. എന്നാല്‍ സ്കൂട്ടറിൽനിന്ന് വീണാണു യുവാവിനു പരുക്കേറ്റതെന്നു യുവതി പറഞ്ഞു. താല്‍പര്യമില്ലാത്ത വിവാഹത്തിനു വീട്ടുകാർ നിർബന്ധിക്കുകയാണെന്നും യുവതി പൊലീസിനോടു പരാതിപ്പെട്ടു

LEAVE A REPLY

Please enter your comment!
Please enter your name here