കെഎസ്ആർടിസി ഡ്രൈവറെ മർദ്ദിച്ച് സ്വകാര്യ ബസ് ജീവനക്കാർ; തടയാനെത്തിയ വനിതാ കണ്ടക്ടർക്ക് നേരേ അസഭ്യ വർഷവും

0

പത്തനംതിട്ട: കെഎസ്ആർടിസി ഡ്രൈവറെ മർദ്ദിച്ച് സ്വകാര്യ ബസ് ജീവനക്കാർ. കൊല്ലം – പത്തനംതിട്ട റൂട്ടിൽ സർവീസ് നടത്തുന്ന വേണാട് ബസിന്റെ ഡ്രൈവർ ചവറ പന്മന കണ്ണന്റയ്യത്ത് സജീവനെ (47)യാണ് മർദ്ദിച്ചത്. കൊല്ലം – മലയാലപ്പുഴ റൂട്ടിൽ സർവീസ് നടത്തുന്ന സൊസൈറ്റി ബസിന്റെ ഡ്രൈവറാണ് മർദ്ദിച്ചതെന്ന് സജീവന്റെ പരാതിയിൽ പറയുന്നു. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

രാവിലെ 9.10ന് കൊല്ലത്തു നിന്ന് പുറപ്പെടുന്ന കെഎസ്ആർടിസി ബസ് ഭരണിക്കാവിൽ എത്തിയപ്പോഴും പിന്നീട് ഏഴാം മൈലിൽ വച്ചും സ്വകാര്യ ബസ് കുറുകെയിട്ടു തടഞ്ഞു. ഇത് മൊബൈലിൽ പകർത്തിയ സജീവനെ പത്തനംതിട്ട കെഎസ്ആർടിസി സ്റ്റാൻഡിൽ ബസ് എത്തിയപ്പോൾ സ്വകാര്യ ബസ് ഡ്രൈവർ മർദിക്കുകയായിരുന്നു.

യൂണിഫോം വലിച്ചു കീറുകയും മൊബൈൽ തട്ടി തെറിപ്പിക്കുകയും ചെയ്തു. ബഹളം ഒഴിവാക്കാൻ ശ്രമിച്ച വനിതാ കണ്ടക്ടർ കവിതയെ സ്വകാര്യ ബസ് ഡ്രൈവർ അസഭ്യം പറഞ്ഞെന്നും ആരോപണമുണ്ട്. മുഖത്ത് അടിയേറ്റ സജീവന്റെ ചെവിക്കുള്ളിൽ നിന്ന് രക്തം വന്നതിനെ തുടർന്ന് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഗുരുതര പരുക്ക് ഇല്ലാത്തതിനാൽ വിട്ടയച്ചു. തങ്ങളുടെ ബസ് കടത്തി വിടാതെ പ്രശ്നം സൃഷ്ടിച്ചത് കെഎസ്ആർടിസി ഡ്രൈവറാണെന്ന് സ്വകാര്യ ബസ് ജീവനക്കാർ പറയുന്നു.അതു ചോദ്യം ചെയ്തപ്പോൾ തങ്ങളെ അസഭ്യം പറയുകയും മർദിക്കുകയുമായിരുന്നെന്നും അവർ ആരോപിച്ചു.

Leave a Reply