ആറന്മുളയില്‍ കടയില്‍ സാധനം വാങ്ങാന്‍ ഇറങ്ങിയവര്‍ തമ്മിലുണ്ടായ വാക്കേറ്റത്തിനൊടുവില്‍ അടിയേറ്റയാള്‍ മരിച്ചു

0

കോഴഞ്ചേരി: ആറന്മുളയില്‍ കടയില്‍ സാധനം വാങ്ങാന്‍ ഇറങ്ങിയവര്‍ തമ്മിലുണ്ടായ വാക്കേറ്റത്തിനൊടുവില്‍ അടിയേറ്റയാള്‍ മരിച്ചു. യുവാവ്‌ അറസ്‌റ്റില്‍.
തിങ്കളാഴ്‌ച രാത്രി ഉണ്ടായ സംഘട്ടനത്തില്‍ തലയ്‌ക്ക്‌ പരുക്കേറ്റ്‌ കോട്ടയം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്ന എരുമക്കാട്‌ കളരിക്കോട്‌ സ്വദേശി സജി(46) ആണ്‌ ഇന്നലെ പുലര്‍ച്ചെ രണ്ടിനു മരിച്ചത്‌. പ്രതി ഇടയാറന്മുള കളരിക്കോട്‌ വടക്കേതില്‍ റോബിന്‍ ഏബ്രഹാമി(26)നെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. ഇരുവരും അയല്‍വാസികളാണ്‌. സംഘട്ടനത്തിനിടെ പരുക്കേറ്റ കളരിക്കോട്‌ സ്വദേശി സന്തോഷ്‌ കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയില്‍ ചികില്‍സയിലാണ്‌.
സംഭവത്തെ കുറിച്ച്‌ പോലീസ്‌ പറയുന്നതിങ്ങനെ: കളരിക്കോട്‌ പ്രദേശത്ത്‌ തെരുവ്‌ നായകളുടെ ശല്യം രൂക്ഷമാണ്‌. ഇതില്‍നിന്നും രക്ഷ നേടാന്‍ കമ്പി വടിയുമായി നില്‍ക്കുകയായിരുന്നു സന്തോഷും സജിയും. രാത്രി ഒമ്പതിന്‌ കടയില്‍ സാധനം വാങ്ങാന്‍ വീട്ടില്‍നിന്നിറങ്ങിയതായിരുന്നു റോബിന്‍. കമ്പിവടിയുമായി വഴിയരികില്‍നിന്ന സന്തോഷും സജിയും തന്നെ ആക്രമിക്കാനെത്തിയതാണെന്നു റോബിന്‍ തെറ്റിദ്ധരിച്ചു. ഇതു വാക്കേറ്റത്തില്‍ കലാശിച്ചു.
സജിയെ മര്‍ദിക്കുന്നത്‌ കണ്ട്‌ തടയാന്‍ ചെന്ന സന്തോഷിന്റെ കൈയിലിരുന്ന കമ്പി വടി റോബിന്‍ പിടിച്ചു വാങ്ങി. ഇതുകൊണ്ട്‌ സജിയുടെ തലയ്‌ക്കടിച്ചു. താഴെ വീണ സജിയുടെ തലയില്‍ പലതവണ അടിച്ചു.
ആക്രമണത്തില്‍നിന്നു രക്ഷപ്പെടുത്താനായി സജിയുടെ മുകളില്‍ കമഴ്‌ന്നു കിടന്ന സന്തോഷിനും അടികൊണ്ടു.
അടിയില്‍ സന്തോഷിന്റെ വലതുകൈക്കും വലത്‌ വാരിയെല്ലിന്റെ അസ്‌ഥിക്കും പൊട്ടല്‍ സംഭവിച്ചു.
ആക്രമണത്തിന്‌ ശേഷം സ്വന്തം വീട്ടിലേക്ക്‌ പോയ റോബിനെ അവിടെ നിന്നാണ്‌ ആറന്മുള പോലീസ്‌ കസ്‌റ്റഡിയില്‍ എടുത്തത്‌. കമ്പിവടി കൈയില്‍ കരുതിയത്‌ സംബന്ധിച്ചും മറ്റും വിശദമായ അന്വേഷണമുണ്ടാകും. പരുക്കേറ്റ സജിയെ ആദ്യം ജില്ലാശുപത്രിയിലാണു പ്രവേശിപ്പിച്ചത്‌. നിലഗുരുതരമായതോടെ രാത്രി തന്നെ കോട്ടയം മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലേക്ക്‌ മാറ്റിയെങ്കിലും രക്ഷിക്കാനായില്ല.
അന്വേഷണ സംഘത്തില്‍ ആറന്മുള എസ്‌.എച്ച്‌.ഓ രാഹുല്‍ രവീന്ദ്രന്‍, എസ്‌.ഐമാരായ എം. ആര്‍. രാകേഷ്‌, അനിരുദ്ധന്‍, എ.എസ്‌.ഐമാരായ സനില്‍,വിനോദ്‌ പി. മധു, എസ്‌.സി.പി.ഓ ജോബിന്‍ ജോര്‍ജ്‌,സി.പി.ഓമാരായ ജിതിന്‍, ഹരിശങ്കര്‍ എന്നിവരാണ്‌ ഉണ്ടായിരുന്നത്‌.
പോലീസിന്‌ പുറമെ ഫോറന്‍സിക്‌ വിഭാഗവും തെളിവെടുപ്പിന്‌ എത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here