സന്തോഷ്‌ ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ മൂന്നാം ജയം ലക്ഷ്യമിട്ട്‌ കേരളം മേഘാലയയെ നേരിടും

0

മലപ്പുറം : സന്തോഷ്‌ ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ മൂന്നാം ജയം ലക്ഷ്യമിട്ട്‌ കേരളം മേഘാലയയെ നേരിടും. രണ്ടുകളിയും ജയിച്ച്‌ ഗ്രൂപ്പില്‍ ഒന്നാം സ്‌ഥാനത്തുള്ള കേരളത്തിന്റെ ലക്ഷ്യം സെമി ഫൈനല്‍ ഉറപ്പിക്കലാണ്‌. രാത്രി എട്ടു മുതല്‍ മഞ്ചേരി പയ്യനാട്‌ സേ്‌റ്റഡിയത്തിലാണ്‌ മത്സരം. ആദ്യ മത്സരത്തില്‍ 5-0 ത്തിനു രാജസ്‌ഥാനെയും രണ്ടാം മത്സരത്തില്‍ 2-0 ത്തിനു ബംഗാളിനെയുമാണു കേരളം തോല്‍പ്പിച്ചത്‌. ക്ലാസിക്‌ പോരാട്ടത്തില്‍ ബംഗാളിനെതിരെ നേടിയ മിന്നും ജയത്തിന്റെ ആത്മവിശ്വാസത്തിലാണ്‌ കോച്ച്‌ ബിനോ ജോര്‍ജും ശിഷ്യന്‍മാരും.
മേഘാലയയ്‌ക്കെതിരേ കൂടുതല്‍ താരങ്ങള്‍ക്ക്‌ അവസരം നല്‍കാന്‍ ബിനോ ജോര്‍ജിനു പദ്ധതിയുണ്ട്‌. കഴിഞ്ഞ മത്സരത്തില്‍ പകരക്കാരായി ഗോളടിച്ച ടി.കെ. ജെസിനേയും നൗഫലിനേയും സ്‌റ്റാര്‍ട്ടിങ്‌ ഇലവനില്‍ മത്സരിപ്പിക്കാനുള്ള സാധ്യതയും നിലനില്‍ക്കുന്നു. ആദ്യ മത്സരത്തില്‍ രാജസ്‌ഥാനെ 3-2 നു തോല്‍പ്പിച്ചതാണു മേഘാലയയുടെ പ്ലസ്‌ പോയിന്റ്‌. ചെറിയ പാസുകളുമായി മുന്നേറുന്ന ടിക്കി ടാക്ക ശൈലിയാണു മേഘാലയുടേത്‌. ഫിഗോ സിന്‍ഡായി എന്ന ഇടംകാലന്‍ വിങ്ങറാണ്‌ ടീമിന്റെ ശക്‌തി കേന്ദ്രം. ഫിഗോയുടെ മികച്ച ഡ്രിബിളിംങും കൃത്യതയാര്‍ന്ന ഷോട്ടും കേരളത്തിനു തലവേദനയാകും. കഴിഞ്ഞ മത്സരത്തില്‍ ഫിഗോ സിന്‍ഡായി ഇരട്ട ഗോളടിച്ചിരുന്നു.
വൈകിട്ടു നാലു മുതല്‍ കോട്ടപ്പടിയില്‍ നടക്കുന്ന മത്സരത്തില്‍ പഞ്ചാബ്‌ രാജസ്‌ഥാനെ നേരിടും. രണ്ട്‌ മത്സരവും തോറ്റ രാജസ്‌ഥാന്റെ സെമി പ്രതീക്ഷ മങ്ങി. കേരളത്തോടും മേഘാലയയോടും രാജസ്‌ഥാന്‍ തോറ്റു. രണ്ടാം മത്സരത്തില്‍ രാജസ്‌ഥാന്‍ മികച്ച പ്രകടനം കാഴ്‌ചവച്ചിരുന്നു. ആദ്യ മത്സരത്തില്‍ ബംഗാളിനോട്‌ തോറ്റ പഞ്ചാബ്‌ വിജയ വഴിയിലെത്തുകയെന്ന ലക്ഷ്യത്തോടെയാണ്‌ ഇറങ്ങുന്നത്‌. 1-0 ത്തിനാണു ബംഗാള്‍ പഞ്ചാബിനെ തോല്‍പ്പിച്ചത്‌. കരുത്തുറ്റ പ്രതിരോധമാണ്‌ പഞ്ചാബിന്റെ കരുത്ത്‌. പകരക്കാരനായി ഇറങ്ങിയ മികച്ച പ്രകടനം കാഴ്‌ചവച്ച രോഹിത്ത്‌ ഷെയ്‌കിനെ സ്‌റ്റാര്‍ട്ടിങ്‌ ഇലവനില്‍ ഉള്‍പ്പെടുത്തിയേക്കും.

Leave a Reply