ഉപ്പുതൊട്ടു കര്‍പ്പൂരം വരെയുള്ള ഉത്‌പന്നങ്ങള്‍ക്കു വിലക്കയറ്റം

0

തിരുവനന്തപുരം : ഉപ്പുതൊട്ടു കര്‍പ്പൂരം വരെയുള്ള ഉത്‌പന്നങ്ങള്‍ക്കു വിലക്കയറ്റം. ഭൂനികുതിയില്‍ തുടങ്ങി സര്‍ക്കാരില്‍നിന്നു ലഭിക്കേണ്ട സേവനങ്ങള്‍ക്കെല്ലാം അധികച്ചെലവ്‌. കുടിവെള്ളത്തിനു വരെ വില കൂടി. നികുതിദായകരെ പിഴിയുന്നതില്‍ കേന്ദ്ര, സംസ്‌ഥാന സര്‍ക്കാരുകള്‍ മത്സരിക്കുന്നതിനിടെ ജനജീവിതം ബുദ്ധിമുട്ടുകളുടെ നടുക്കടലില്‍. കോവിഡിന്റെ ആഘാതം മാറിയിട്ടില്ലെന്നിരിക്കെ, പിടിച്ചുനില്‍ക്കാനെങ്കിലും കഴിയുന്നത്‌ കൃത്യമായി ശമ്പളം കിട്ടുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്കു മാത്രം.
പെട്രോളിനും ഡീസലിനും വില കൂടിയതു സര്‍വ മേഖലയിലും അധികഭാരമായതിനു പിന്നാലെയാണു സംസ്‌ഥാന സര്‍ക്കാര്‍ വെള്ളക്കരവും വിവിധ സേവനങ്ങള്‍ക്കുള്ള ഫീസും കൂട്ടിയത്‌. വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ കാര്യമായ ഇടപെടലുകളില്ല. പച്ചക്കറിക്കും മീനിനും ഇറച്ചിക്കും വില കൂടിയതോടെ പൊന്നുവിലയ്‌ക്കു വാങ്ങിയ പാചകവാതകത്തിനു വീടുകളില്‍ ചെലവു കുറഞ്ഞു! ബഹുഭൂരിപക്ഷം പേരും കറികളില്ലാതെ ചോറുണ്ണാന്‍ ശീലിക്കുകയാണ്‌.
വില റോക്കറ്റ്‌ പോലെ കുതിച്ചുപൊങ്ങിയ വാണിജ്യ പാചകവാതക സിലിണ്ടറുകള്‍ ഹോട്ടലുകളിലെ വിലവിവരപ്പട്ടികയും കൊണ്ടാണു പോയത്‌! എന്തിനുമേതിനും വില കൂടിയതിനാല്‍ എന്നും ഒരേ വിലയ്‌ക്കു വിഭവങ്ങള്‍ നല്‍കാന്‍ കഴിയില്ലെന്നാണു ഹോട്ടലുടമകള്‍ പറയുന്നത്‌. കൊള്ളവിലയ്‌ക്കു വാങ്ങുന്ന ചേരുവകള്‍ അടുക്കളയില്‍ വിഭവങ്ങളാക്കുന്ന തങ്ങള്‍ക്കു വില നിശ്‌ചയിക്കാന്‍ കഴിയണ്ടേ? ഹോട്ടലുടമ മുതല്‍ ക്ലീനിങ്‌ തൊഴിലാളികള്‍ വരെയുള്ളവരും ജീവിക്കാനായല്ലേ കഷ്‌ടപ്പെടുന്നതെന്ന വിശദീകരണം ന്യായം.
സാധാരണ ഹോട്ടലുകളില്‍ രണ്ടു വര്‍ഷം മുന്‍പ്‌ ആറു രൂപയായിരുന്ന ചായയ്‌ക്ക്‌ ഇപ്പോള്‍ 10 മുതല്‍ 15 വരെ നല്‍കണം. കോഴിയിറച്ചിയുടെ വില പറപറക്കുന്നു. ഈസ്‌റ്റര്‍ നോമ്പുകാലത്തും ഉയര്‍ന്നുനിന്ന ഇറച്ചിവില റമദാന്‍ കാലമെത്തിയതോടെ താഴാനിടയില്ലെന്ന നിലയിലാണ്‌. വലിയ മീനുകള്‍ കൂടുതലായും എത്തുന്നത്‌ മറ്റു സംസ്‌ഥാനങ്ങളില്‍ നിന്നാണ്‌. ഡീസല്‍ വിലവര്‍ധന അതിനെയും ബാധിച്ചു. മുട്ടയ്‌ക്കും വില കൂടി. തമിഴ്‌നാട്‌, കര്‍ണാടക സംസ്‌ഥാനങ്ങളില്‍ പച്ചക്കറി വില ഗണ്യമായി കുറഞ്ഞിട്ടും സംസ്‌ഥാന വിപണിയില്‍ വില കുറഞ്ഞില്ല. ചരക്കുകൂലി കൂടിയെന്നാണു വിശദീകരണം, വില്ലന്‍ ഡീസല്‍വില തന്നെ. ഉടമകള്‍ ലോറിക്കൂലി കൂട്ടുന്നതോടെ വിലക്കയറ്റം രൂക്ഷമാകും.
ജനുവരിയില്‍ പൊതിപണിയില്‍ 92 രൂപയ്‌ക്കു കിട്ടിയിരുന്ന മണ്ണെണ്ണയ്‌ക്ക്‌ രണ്ടര മാസത്തിനിടെ മുപ്പതോളം രൂപ കൂടി. പെട്രോളി-ന്റെയും ഡീസലി-ന്റെയും വിലയേക്കാളധികം. സിവില്‍ സപ്ലൈസ്‌ വഴി മത്സ്യത്തൊഴിലാളികള്‍ക്ക്‌ അനുവദിക്കുന്ന മണ്ണെണ്ണയ്‌ക്ക്‌ 19 രൂപ വര്‍ധിപ്പിച്ച്‌ ലിറ്ററിന്‌ 82 രൂപയാക്കി. ഓട്ടോ-ടാക്‌സി നിരക്കില്‍ ഔദ്യോഗികമായ വര്‍ധന പ്രഖ്യാപിച്ചെങ്കിലും അതുക്കും മേലെയാണ്‌ ഉടമകള്‍ ചോദിക്കുന്നത്‌. സി.എന്‍.ജിക്കും വില കൂടിയതോടെ ഓട്ടോ-ടാക്‌സി മേഖല വന്‍ പ്രതിസന്ധിയിലാണെന്നു പറയുമ്പോള്‍ നിഷേധിക്കാനാകില്ല.
ബജറ്റ്‌ നിര്‍ദേശങ്ങള്‍ പ്രാബല്യത്തിലായതോടെ അലക്കുസോപ്പിന്‌ അഞ്ചുരൂപ കൂടി. ടൂത്ത്‌ പേസ്‌റ്റ്‌, ബാത്തിങ്‌ സോപ്പ്‌, സോപ്പുപൊടി, ഡിഷ്‌വാഷ്‌ ബാര്‍ തുടങ്ങി നിത്യോപയോഗ വസ്‌തുക്കള്‍ക്കെല്ലാം അഞ്ചു മുതല്‍ 10 രൂപവരെ വര്‍ധിച്ചിച്ചു. സ്‌റ്റീല്‍, സിമെന്റ്‌, പാത്രങ്ങള്‍, ഇലക്‌ട്രോണിക്‌ ഉത്‌പന്നങ്ങള്‍ എന്നിവയുടെയും വില കൂടി. വസ്‌ത്രങ്ങളുടെയും പാദരക്ഷകളുടെയും വിലയും ഉയര്‍ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here