സിസ്‌റ്റര്‍ റാണി മരിയയുടെ ജീവിതം സിനിമയാകുന്നു ‘മുഖമില്ലാത്തവരുടെ മുഖം’

0

കൊച്ചി : ഭാരത കത്തോലിക്കാ സഭയിലെ പ്രഥമ വനിതാ രക്‌തസാക്ഷി, വാഴ്‌ത്തപ്പെട്ട സിസ്‌റ്റര്‍ റാണി മരിയയുടെ ജീവിതം ഇതിവൃത്തമാക്കി ചലച്ചിത്രം ഒരുങ്ങുന്നു. “ദ ഫെയ്‌സ്‌ ഓഫ്‌ ദ ഫെയ്‌സ്‌ലെസ്‌” (മുഖമില്ലാത്തവരുടെ മുഖം) എന്ന തിയറ്റര്‍ ചിത്രം ഹിന്ദിയിലാകും ആദ്യം തിയറ്ററുകളിലെത്തുക. സിനിമയുടെ ടൈറ്റില്‍ ലോഞ്ചിങ്‌ 25-നു കൊച്ചിയില്‍ നടത്തും. മേജര്‍ ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി, ബിഷപ്‌ ആന്റണി കരിയില്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിക്കും.


ഒറ്റപ്പെട്ട ഗ്രാമങ്ങളില്‍ ആദിവാസി സ്‌ത്രീകളുടെയും കുട്ടികളുടെയും ഉന്നമനത്തിനായി പ്രവര്‍ത്തിച്ച സിസ്‌റ്റര്‍ റാണി മരിയയെ സമാന്‍ദാര്‍ സിങ്‌ എന്നയാള്‍ കൊലപ്പെടുത്തുകയായിരുന്നു. സിനിമയില്‍ സിസ്‌റ്റര്‍ റാണി മരിയയായി വേഷമിടുന്നതു യുവനടി വിന്‍സി അലോഷ്യസാണ്‌. കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ വരികള്‍ക്കു അല്‍ഫോണ്‍സ്‌ ജോസഫ്‌ സംഗീതം നല്‍കുന്നു. മുംബൈ കേന്ദ്രീകരിച്ചു സിനിമാരംഗത്തു പ്രവര്‍ത്തിക്കുന്ന ഡോ. ഷെയ്‌സണ്‍ പി. ഔസേഫാണു സംവിധാനം. കാമറ: മഹേഷ്‌ ആനെ. തിരക്കഥ: ജയ്‌പാല്‍ അനന്തന്‍. റാണി മരിയയെപ്പറ്റി ബേബിച്ചന്‍ എര്‍ത്രയില്‍ എഴുതിയ രണ്ടു പുസ്‌തകങ്ങള്‍ അവലംബമാക്കിയാണു തിരക്കഥ തയാറാക്കിയത്‌.


ഒരു കോടി രൂപയോളം ചെലവു വന്ന ചിത്രത്തിന്റെ പ്രരംഭ ജോലികള്‍ 2018-ല്‍ ആരംഭിച്ചെങ്കിലും കോവിഡ്‌ കാരണം ചിത്രീകരണം വൈകി. ചിത്രീകരണം നാളെയോടെ പൂര്‍ത്തിയാകും. സിസ്‌റ്റര്‍ റാണി മരിയ വ്രതവാഗ്‌ദാനം നിര്‍വഹിച്ച വല്ലാര്‍പാടം ബസിലിക്കയിലെ ചിത്രീകരണമാണു ശേഷിക്കുന്നത്‌.
ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്‌റ്റ്‌ സന്യാസിനീ സമൂഹത്തിലെ അംഗമായ സിസ്‌റ്റര്‍ റാണി മരിയ പാവപ്പെട്ടവരെ അടിച്ചമര്‍ത്തലില്‍ നിന്നും ചൂഷണത്തില്‍ നിന്നും രക്ഷിക്കുന്നതിനു മധ്യപ്രദേശിലെ ഇന്‍ഡോര്‍- ഉദയ്‌നഗര്‍ കേന്ദ്രീകരിച്ചാണു പ്രവര്‍ത്തിച്ചിരുന്നത്‌. അവിടെ പ്രേഷിത ശുശ്രൂഷ നടത്തവേ, 1995 ഫെബ്രുവരി 25-നു കൊല്ലപ്പെട്ടു. ഫ്രാന്‍സിസ്‌ മാര്‍പാപ്പ 2017 നവംബര്‍ നാലിനു വാഴ്‌ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here