കൊലയ്ക്ക് ഉപയോഗിച്ച ആയുധങ്ങൾ ഒളിപ്പിച്ചത് നിർത്തിയിട്ട ഓട്ടോയിൽ പഴപ്പെട്ടിക്ക് അടിയിലായി; പിടിയിലായ അഷ്ഫാഖിന്റെ ബൈക്കും കണ്ടെടുത്ത് പോലീസ്; ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസൻ വധക്കേസിൽ പ്രതികളെ എത്തിച്ച് തെളിവെടുത്തു

0

പാലക്കാട്: ആർ എസ് എസ് പ്രവർത്തകൻ ശ്രീനിവാസനെ വെട്ടിക്കൊലപ്പടുത്തിയ കേസിൽ ആയുധം എത്തിച്ച ഓട്ടോറിക്ഷ കണ്ടെത്തി. പോലീസിന്റെ പിടിയിലായ അഷ്‌ഫാഖ്‌ എന്നയാളുടെ ബൈക്കും പോലീസ് കണ്ടെടുത്തു. പ്രതികളുമായി അന്വേഷണ സംഘം തെളിവെടുപ്പ് നടത്തുകയായിരുന്നു. ഇന്നലെ അറസ്റ്റിലായ മുഹമ്മദ് ബിലാൽ, റിയാസുദ്ദീൻ എന്നിവരെ എത്തിച്ചാണ് തെളിവെടുത്തത്.

ശംഖുവാരത്തോട് മസ്ജിദിലും പരിസരങ്ങളിലുമായാണ് തെളിവെടുപ്പ് നടത്തുന്നത്. ശ്രീനിവാസിനെ കൊലപ്പെടുത്തിയ സംഘത്തിലെ അബ്ദുറഹ്മാന്റെ മൊബൈൽ ഫോൺ മസ്ജിദ് പരിസരത്ത് ഉപേക്ഷിച്ചെന്നാണ് ഇവർ പോലീസിന് നൽകിയിരിക്കുന്ന മൊഴി. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രധാന പ്രതികളായ ബിലാലും, റിയാസുദ്ദീനുമായി പോലീസ് എത്തിയത്. ഇതിന് ശേഷം ഇരുവരെയും മറ്റിടങ്ങളിലും എത്തിച്ച് തെളിവെടുക്കും. സംഭവ ശേഷം പ്രതികളുടെ ഫോണുകൾ വീടുകളിൽ എത്തിച്ചതും, വാഹനങ്ങൾ ഒളിപ്പിച്ചതും ഇരുവരും ചേർന്നാണ്.

കൊലയാളി സംഘത്തിന് ആയുധം എത്തിച്ചത് ഓട്ടോയിലാണെന്നാണ് ഇന്നലെ അറസ്റ്റിലായ നാല് പേരുടെയും മൊഴി. ഈ ഓട്ടോയും പോലീസ് കണ്ടെടുത്തിട്ടുണ്ട്. കൊലയാളി സംഘം സഞ്ചരിച്ച മൂന്ന് ഇരുചക്രവാഹനങ്ങളിൽ ഒന്നും പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഒരു സ്കൂട്ടറിലും രണ്ട് ബൈക്കുകളിലുമായിട്ടാണ് കൊലയാളി സംഘം എത്തിയത്. ഇതിൽ ഒരു വാഹനം തമിഴ്‌നാട് രജിസ്‌ട്രേഷനിൽ ഉള്ളതാണെന്നും പോലീസ് കണ്ടെത്തി.

റെയിൽവേ ട്രാക്കിനോട് ചേർന്ന് നിർത്തിയിട്ട ഓട്ടോറിക്ഷയിലാണ് കൊലക്കുപയോഗിച്ച ആയുധങ്ങൾ പഴപ്പെട്ടിക്ക് അടിയിലാക്കി ഒളിപ്പിച്ചിരുന്നത്. ഇവിടെ നിന്നാണ് ആയുധങ്ങൾ കാറിൽ കൊണ്ടുപോയത്. കേസിൽ കൊലയാളികൾക്ക് സഹായം ചെയ്യുകയും ഗൂഢാലോചനയിൽ പങ്കാളികളാകുകയും ചെയ്ത ആറു പേരാണ് ഇതുവരെ പിടിയിലായത്. ശ്രീനിവാസനെ വെട്ടിവീഴ്ത്തിയ മൂന്നു പേർ ഉൾപ്പെടെ ആറംഗ കൊലയാളി സംഘത്തെ ഇതുവരെ പിടികൂടാനായിട്ടില്ല.

വെട്ടേറ്റ് കൊല്ലപ്പെട്ട പോപുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈറിൻറെ മൃതദേഹം സൂക്ഷിച്ചിരുന്ന പാലക്കാട് ജില്ല ആശുപത്രി മോർച്ചറിക്ക് സമീപമാണ് ശ്രീനിവാസനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചന നടന്നതെന്ന് എ.ഡി.ജി.പി വിജയ് സാഖറെ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കൊലപാതകത്തിനു മുമ്പും ശേഷവും പ്രതികളിൽ ചിലർ ജില്ല ആശുപത്രിയിൽ എത്തിയിരുന്നതായി സി.സി.ടി.വി ദൃശ്യങ്ങളിൽനിന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here