ആര്‍.എസ്‌.എസ്‌. പ്രവര്‍ത്തകന്‍ ശ്രീനിവാസന്റെ കൊലപാതകവുമായി ബന്ധപ്പെട്ട്‌ നാല്‌ പോപ്പുലര്‍ ഫ്രണ്ട്‌ പ്രവര്‍ത്തകര്‍ അറസ്‌റ്റില്‍

0

പാലക്കാട്‌: ആര്‍.എസ്‌.എസ്‌. പ്രവര്‍ത്തകന്‍ ശ്രീനിവാസന്റെ കൊലപാതകവുമായി ബന്ധപ്പെട്ട്‌ നാല്‌ പോപ്പുലര്‍ ഫ്രണ്ട്‌ പ്രവര്‍ത്തകര്‍ അറസ്‌റ്റില്‍. പാലക്കാട്‌ കല്‍പ്പാത്തി ശംഖുവാരമേട്‌ സ്വദേശികളായ മുഹമ്മദ്‌ ബിലാല്‍(22), മുഹമ്മദ്‌ റിസ്വാന്‍(20), കല്‍പ്പാത്തി ശംഖുവാരത്തോട്‌ സ്വദേശി റിയാസുദ്ദീന്‍(35), പുതുപ്പരിയാരം ഇന്‍ഡസ്‌ട്രിയല്‍ എസ്‌റ്റേറ്റ്‌ താഴെമുരളി പാരപ്പത്ത്‌ തൊടി സഹദ്‌ (22) എന്നിവരാണ്‌ അറസ്‌റ്റിലായത്‌. ബിലാലും റിയാസുദ്ദീനും ഗൂഢാലോചനയില്‍ പങ്കെടുക്കുകയും കൃത്യം നടന്ന സമയത്ത്‌ സംഭവ സ്‌ഥലത്തുണ്ടായിരുന്നവരുമാണെന്ന്‌ പോലീസ്‌ പറഞ്ഞു. മുഹമ്മദ്‌ റിസ്വാന്‍ കൊലയാളികളുടെ മൊബൈലും മറ്റും അവരവരുടെ വീടുകളില്‍ എത്തിച്ചുനല്‍കി. സഹദ്‌ ഗൂഢാലോചനയില്‍ പങ്കെടുക്കുകയും മറ്റുസഹായങ്ങള്‍ നല്‍കുകയും ചെയ്‌തു.
കേസില്‍ ഇതുവരെയുള്ള വിവരം അനുസരിച്ച്‌ ഗൂഢാലോചനയില്‍ പങ്കെടുത്തവര്‍ ഉള്‍പ്പെടെ 16 പ്രതികളുണ്ടെന്ന്‌ എ.ഡി.ജി.പി. വിജയ്‌ സാഖറെ പറഞ്ഞു. ശ്രീനിവാസനെ കൊല്ലാന്‍ മൂന്ന്‌ ബൈക്കുകളിലായി ആറംഗ സംഘം മേലാമുറിയില്‍ എത്തുന്നതിന്‌ മുമ്പേതന്നെ ചിലര്‍ സംഭവ സ്‌ഥലത്ത്‌ നിലയുറപ്പിച്ചിരുന്നു. കൊലയാളി സംഘം മേലാമുറിയിലും പരിസരത്തും സാഹചര്യം അറിയാനായി റോന്തുചുറ്റുന്നതിന്റെ സിസി.ടി.വി. ദൃശ്യങ്ങള്‍ പോലീസിന്‌ ലഭിച്ചിട്ടുണ്ട്‌.
സുബൈര്‍ കൊല്ലപ്പെട്ട ദിവസം രാത്രിതന്നെ തിരിച്ചടിക്ക്‌ പദ്ധതിയിട്ടു. സുബൈറിന്റെ മൃതദേഹം സൂക്ഷിച്ച ജില്ലാ ആശുപത്രി മോര്‍ച്ചറിക്ക്‌ സമീപത്തെ ഒഴിഞ്ഞ സ്‌ഥലത്താണ്‌ ആസൂത്രണം നടന്നത്‌. രാത്രിതന്നെ ആയുധങ്ങള്‍ ഉള്‍പ്പെടെയുള്ളവ സജ്‌ജമാക്കി. പിറ്റേന്ന്‌ രാവിലെ കൃത്യത്തിന്‌ അന്തിമരൂപം നല്‍കി കൊല്ലേണ്ട ആളെ നിശ്‌ചയിച്ച്‌ ഇറങ്ങിയതായി പോലീസ്‌ പറഞ്ഞു. കൃത്യം നടത്താന്‍ മൂന്നു ഇരുചക്രവാഹനങ്ങളിലായി ആറുപേരാണ്‌ നിശ്‌ചയിക്കപ്പെട്ടത്‌. ഇതില്‍ മൂന്നുപേരാണ്‌ കടയിലേക്ക്‌ അതിക്രമിച്ചു കയറി ശ്രീനിവാസനെ വെട്ടികൊലപ്പെടുത്തിയത്‌. ആറംഗ കൊലയാളി സംഘത്തെ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും ആരെയും പിടികൂടാനായിട്ടില്ല. ഇവരുള്‍പ്പെടെ കേസില്‍ ഉള്‍പ്പെട്ടവര്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി

Leave a Reply