ചെയര്‍മാനോ നേതാവോ? ചക്കളത്തിപ്പോര്‌ തുടരുന്ന കെ.എസ്‌.ഇ.ബിയില്‍ സര്‍ക്കാര്‍ ആരുടെ ഫ്യൂസൂരുമെന്ന ആകാംക്ഷ ബാക്കി

0

തിരുവനന്തപുരം : ചെയര്‍മാനോ നേതാവോ? ചക്കളത്തിപ്പോര്‌ തുടരുന്ന കെ.എസ്‌.ഇ.ബിയില്‍ സര്‍ക്കാര്‍ ആരുടെ ഫ്യൂസൂരുമെന്ന ആകാംക്ഷ ബാക്കി.
ബോര്‍ഡ്‌ ചെയര്‍മാനും എം.ഡിയുമായ ബി. അശോകും ഓഫീസേഴ്‌സ്‌ അസോസിയേഷന്‍ പ്രസിഡന്റ്‌ എം.ജി. സുരേഷ്‌കുമാറും തമ്മിലുള്ള പോരില്‍ ചെയര്‍മാന്റെ പക്ഷത്തുള്ള മന്ത്രി കെ. കൃഷ്‌ണന്‍കുട്ടിയുടെ കസേരതന്നെ തെറിക്കുമോയെന്നും കണ്ടറിയണം. നാളെ അമേരിക്കയിലേക്കു പോകുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ തിരികെയെത്തിയാല്‍ ഇക്കാര്യത്തില്‍ തീരുമാനമുണ്ടായേക്കും. പ്രശ്‌നത്തില്‍ മുന്‍മന്ത്രി എം.എം. മണിയുടെയും സി.ഐ.ടി.യുവിന്റെയും കണ്ണിലെ കരടാണിപ്പോള്‍ മന്ത്രി കൃഷ്‌ണന്‍കുട്ടി.
ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തു കെ.എസ്‌.ഇ.ബിയില്‍ നടന്ന പ്രവര്‍ത്തനങ്ങളെല്ലാം ചെയര്‍മാന്‍ ബി. അശോക്‌ സൂക്ഷ്‌മപരിശോധന നടത്തിക്കൊണ്ടിരിക്കുകയാണ്‌.
അന്നത്തെ മന്ത്രി എം.എം. മണിയുടെ അഡീഷണല്‍ ്രൈപവറ്റ്‌ സെക്രട്ടറിയായിരുന്ന സുരേഷ്‌കുമാര്‍ പ്രത്യേകതാത്‌പര്യമെടുത്ത്‌ നടത്തിയ കാര്യങ്ങളാണ്‌ ഇതില്‍ പ്രധാനം. കെ.എസ്‌.ഇ.ബിയുടെ വാഹനം അനധികൃതമായി ഉപയോഗിച്ചതിനു സുരേഷ്‌കുമാറിനു ലക്ഷങ്ങളുെട പിഴയിട്ടതും ഇതിന്റെ ഭാഗമാണ്‌.
സര്‍ക്കാരിനും സി.പി.എമ്മിനും എതിരാണു കെ.എസ്‌.ഇ.ബി. ചെയര്‍മാനെന്ന പ്രചാരണം തകൃതിയാണ്‌. ഒന്നാം പിണറായി സര്‍ക്കാരില്‍ കൃഷ്‌ണന്‍കുട്ടി ജലവിഭവമന്ത്രിയായിരിക്കേ അശോക്‌ ജല അതോറിറ്റി എം.ഡിയായിരുന്നു. ഇതും ആരോപണമുന്നയിക്കുന്നവര്‍ ആയുധമാക്കുന്നു. അക്കാലത്തുതന്നെ സിവില്‍ സപ്ലൈസ്‌ എം.ഡിയായിരിക്കേ സപ്ലൈകോയിലെ അഴിമതികള്‍ക്കെതിരേ നടപടിയെടുത്ത അശോകിനുമേല്‍ കടുത്തസമ്മര്‍ദമുണ്ടാവുകയും അദ്ദേഹത്തിന്‌ അവധിയില്‍ പോകേണ്ടിവരുകയും ചെയ്‌തിരുന്നു. സമാനരീതിയിലാണ്‌ ഇപ്പോഴത്തെ നീക്കങ്ങളും. അന്ന്‌ അശോകിനു മന്ത്രിയുടെ പിന്തുണയില്ലായിരുന്നു. ഇപ്പോള്‍ മന്ത്രിയുടെ പൂര്‍ണപിന്തുണയും മുഖ്യമന്ത്രിയുടെ പരോക്ഷപിന്തുണയുമുണ്ട്‌ എന്നതാണു വ്യത്യാസം.
മുന്‍മന്ത്രിമാരായ എ.കെ. ബാലന്റെയും എം.എം. മണിയുടെയും പഴ്‌സണല്‍ സ്‌റ്റാഫ്‌ അംഗമായിരുന്നു സുരേഷ്‌കുമാര്‍. സി.പി.എം. സംസ്‌ഥാനസമിതിയില്‍ കെ.എസ്‌.ഇ.ബി. ്രപശ്‌നം ചര്‍ച്ചയ്‌ക്കുവന്നപ്പോള്‍, ഇടപെടാന്‍ സമയമായില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. കെ.എസ്‌.ആര്‍.ടി.സിയില്‍ പണിയെടുക്കാതെ വിലസിയ യൂണിയന്‍ നേതാക്കള്‍ക്കെതിരേ ശക്‌തമായ നടപടി സ്വീകരിച്ച സി.എം.ഡി: ടോമിന്‍ ജെ. തച്ചങ്കരിയുടെ കേസര തെറിപ്പിച്ചതും ഇടത്‌ യൂണിയനുകായിരുന്നു. അതേ മാതൃകയില്‍ അശോകിനെയും നേരിടാനാണു നീക്കം

Leave a Reply