സന്തോഷ്‌ ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ സെമി ഫൈനല്‍ യോഗ്യതക്കായി കേരളം ഇന്നു പഞ്ചാബിനെ നേരിടും

0

സന്തോഷ്‌ ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ സെമി ഫൈനല്‍ യോഗ്യതക്കായി കേരളം ഇന്നു പഞ്ചാബിനെ നേരിടും. ആദ്യ വിസില്‍ മുതല്‍ ആക്രമിച്ചു കളിക്കാനാണു കോച്ച്‌ ബിനോ ജോര്‍ജ്‌ ശിഷ്യന്‍മാര്‍ക്കു നല്‍കിയ നിര്‍ദേശം. പരമാവധി ഗോളടിച്ചു ജയിച്ച്‌ എ ഗ്രൂപ്പ്‌ ചാമ്പ്യന്‍മാരായി സെമിയില്‍ കടക്കാനാണു ശ്രമം.
തങ്ങള്‍ക്കായി ആര്‍ത്തിരമ്പുന്ന ആരാധകരും കേരളത്തിനു പ്ലസ്‌ പോയിന്റാണ്‌. മേഘാലയയ്‌ക്കെതിരേ 2-2 നു സമനില വഴങ്ങിയ ക്ഷീണം പഞ്ചാബിനെ തോല്‍പ്പിച്ചു തീര്‍ക്കാനുറച്ചാണു കോച്ച്‌ ബിനോ ജോര്‍ജും സംഘവും. തോറ്റാല്‍ കേരളത്തിനു സെമി പ്രവേശനം വെല്ലുവിളിയാകും. പകരക്കാരായി കളിച്ച ജെസിനും നൗഫലിനും ഇന്ന്‌ സ്‌റ്റാര്‍ട്ടിങ്‌ ഇലവനില്‍ സ്‌ഥാനം നല്‍കിയേക്കും. കേരള പ്രീമിയര്‍ ലീഗില്‍ മിന്നും ഫോമിലായിരുന്ന വിക്‌നേഷ്‌ മികവിലേക്കെത്താത്തതു തലവേദന തന്നെയാണ്‌. മേഘാലയക്കെതിരേ ഗോളടിച്ച സ്‌ട്രൈക്കര്‍ സഫ്‌നാദിന്റെ സാന്നിധ്യം ടീമിനു ഗുണംചെയ്ുംയ. നായകന്‍ ജിജോ ജോസഫും അര്‍ജുന്‍ ജയരാജും മുഹമ്മദ്‌ റാഷിദും നയിക്കുന്ന മധ്യനിര പഞ്ചാബിനെതിരേയും തുടരും. പഞ്ചാബ്‌ ആദ്യ മത്സരത്തില്‍ ബംഗാളിനോട്‌ തോറ്റ ശേഷം രാജസ്‌ഥാനെതിരേ ഗോളില്‍ ആറാടി. കരുത്തുറ്റ പ്രതിരോധമാണു പഞ്ചാബിന്റെ ശക്‌തി. ബംഗാളിനെതിരേ പകരക്കാരനായി ഇറങ്ങിയ മികച്ച പ്രകടനം കാഴ്‌ചവച്ച രോഹിത്ത്‌ ഷെയ്‌ക് കഴിഞ്ഞ മത്സരത്തില്‍ സ്‌റ്റാര്‍ട്ടിങ്‌ ഇലവനില്‍ കളിച്ചെങ്കിലും നിരാശപ്പെടുത്തി. തരുണ്‍ സാതിയ രണ്ടാം മത്സരത്തില്‍ ഫോമിലെത്തിയതും ഗുണം ചെയ്യും. രാജസ്‌ഥാനെതിരെ 68-ാ മിനിറ്റിലിറങ്ങി രണ്ട്‌ ഗോളടിക്കാന്‍ തരുണിനായി.
മലപ്പുറം കോട്ടപ്പടിയില്‍ വൈകിട്ട്‌ നാലു മുതല്‍ നടക്കുന്ന മത്സരത്തില്‍ ബംഗാള്‍ മേഘാലയയെ നേരിടും. ഇരുടീമുകള്‍ക്കും സെമി ഫൈനല്‍ യോഗ്യത നേടാന്‍ ജയം അനിവാര്യമാണ്‌. സമനിലയാണെങ്കില്‍ കേരളത്തിനും പഞ്ചാബിനും ഗുണം ചെയ്യും. കേരളത്തെ സമനിലയില്‍ പിടിച്ച ആത്മവിശ്വാസത്തിലാണു മേഘാലയ. ഈ ചാമ്പ്യന്‍ഷിപ്പില്‍ ആദ്യമായി കേരളാ ടീമിന്റെ വലകുലിക്കിയതും മേഘാലയ തന്നെ. സ്‌പാനിഷ്‌ ടിക്കി ടാക്ക ശൈലിയില്‍ കളിക്കുന്ന ടീമിനെ പിടിച്ച്‌ കെട്ടാന്‍ ബംഗാള്‍ ഏറെ വിയര്‍പ്പൊഴുക്കണം. ഇടംകാലന്‍ വലതു വിങ്ങര്‍ ഫിഗോ സിന്‍ഡായിയാണ്‌ ടീമിന്റെ മറ്റൊരു ശക്‌തി. മികച്ച ഡ്രിബിളിങ്ങും കൃത്യതയാര്‍ന്ന ഷോട്ടും ഫിഗോ സിന്‍ഡായിയുടെ കരുത്ത്‌. രണ്ട്‌ മത്സരം കളിച്ച താരം മൂന്ന്‌ ഗോളുകളടിച്ചു. ഗോള്‍ പട്ടികയില്‍ കേരളാ നായകന്‍ ജിജോ ജോസഫിന്‌ ഒപ്പമാണ്‌. കിട്ടിയ അവസരം മുതലെടുക്കാന്‍ സാധിക്കാത്തതാണു ബംഗാളിന്റെ വെല്ലുവിളി. കേരളത്തിനെതിരെ ഒന്നാം പകുതിയില്‍ അവസരങ്ങള്‍ ലഭിച്ചെങ്കിലും ഗോളാക്കാന്‍ കഴിഞ്ഞില്ല. കേരളത്തിനെതിരെ അവസാന നിമിഷം വരെ ബംഗാള്‍ പ്രതിരോധ ഗോള്‍ വഴങ്ങാതെ പിടിച്ചുനിന്നു. ഗ്രൂപ്പ്‌ എയില്‍ കേരളം ഏഴ്‌ പോയിന്റോടെ ഒന്നാമതാണ്‌. മേഘാലയയാണ്‌ രണ്ടാമത്‌. രണ്ട്‌ മത്സരം വീതം കളിച്ച പഞ്ചാബിനും ബംഗാളിനും ഒരേ പോയിന്റാണുള്ളത്‌. ഗോള്‍ ശരാശരിയുടെ അടിസ്‌ഥാനത്തില്‍ പഞ്ചാബാണ്‌ ഗ്രൂപ്പില്‍ മൂന്നാമത്‌. ബംഗാള്‍ നാലും എല്ലാ മത്സരങ്ങളും തോറ്റ രാജസ്‌ഥാന്‍ അവസാന സ്‌ഥാനത്തുമാണ്‌.

LEAVE A REPLY

Please enter your comment!
Please enter your name here