പി.ടി. തോമസിന്റെ ഭാര്യ ഉമാ തോമസിനെ തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്‌ സ്‌ഥാനാര്‍ഥിയാക്കാനുള്ള സംസ്‌ഥാന നേതൃത്വത്തിന്റെ നീക്കത്തിന്‌ തടയിടാന്‍ ഒരു വിഭാഗം നേതാക്കള്‍ രംഗത്ത്‌

0

കൊച്ചി : പി.ടി. തോമസിന്റെ ഭാര്യ ഉമാ തോമസിനെ തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്‌ സ്‌ഥാനാര്‍ഥിയാക്കാനുള്ള സംസ്‌ഥാന നേതൃത്വത്തിന്റെ നീക്കത്തിന്‌ തടയിടാന്‍ ഒരു വിഭാഗം നേതാക്കള്‍ രംഗത്ത്‌. ഉമാ തോമസിന്റെ സ്‌ഥാനാര്‍ഥിത്വം ഏകപക്ഷീയമായി പ്രഖ്യാപിക്കാന്‍ അനുവദിക്കില്ലെന്നാണ്‌ എറണാകുളം ജില്ലയിലെ എ ഗ്രൂപ്പിലെ പ്രബല വിഭാഗം നേതാക്കളുടെ നിലപാട്‌. നാളെ ചേരുന്ന കെ.പി.സി.സി രാഷ്‌ട്രീയകാര്യ സമിതി യോഗത്തിന്റെ തീരുമാനം അറിഞ്ഞശേഷം രേഖാമൂലം നിലപാട്‌ അറിയിക്കാനാണ്‌ ഈ നേതാക്കളുടെ നിലപാട്‌.
കഴിഞ്ഞ ദിവസം ഉമാ തോമസിന്റെ സ്‌ഥാനാര്‍ഥിത്വം ഉറപ്പിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ഫ്രണ്ട്‌സ് ഓഫ്‌ പി.ടിയുടെ പ്രവര്‍ത്തകര്‍ സോണിയ ഗാന്ധിക്കും കെ.പി.സി.സി. നേതൃത്വത്തിനും ഇ-മെയില്‍ സന്ദേശം അയച്ചിരുന്നു. പി.ടി തോമസിന്റെ സുഹൃത്തുക്കളും മഹാരാജാസ്‌ കോളേജിലെ സഹപാഠികളും ഉള്‍പ്പെട്ടതാണ്‌ ഈ സംഘടന. ഉമാ തോമസിന്റെ വസതിയിലെത്തി കെ.പി.സി.സി പ്രസിഡന്റ്‌ കെ. സുധാകരനും പ്രതിപക്ഷനേതാവ്‌ വി.ഡി. സതീശനും ചര്‍ച്ച നടത്തി മടങ്ങിയ പിന്നാലെയാണ്‌ ഫ്രണ്ട്‌സ് ഓഫ്‌ പി.ടിയുടെ നിവേദനം നേതൃത്വത്തിന്‌ അയച്ചത്‌. ഇതില്‍ പ്രകോപിതരായാണ്‌ സ്‌ഥാനാര്‍ഥിത്വത്തിന്‌ ഇതര നേതാക്കളേയും പരിഗണിക്കണമെന്ന ആവശ്യവുമായി ബെന്നി ബെഹനാന്‍ എം.പി ഉള്‍പ്പെടെയുള്ള നേതാക്കള്‍ രംഗത്ത്‌ വന്നിരിക്കുന്നത്‌. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലും ഉമയെ സന്ദര്‍ശിച്ചത്‌ സ്‌ഥാനാര്‍ഥിത്വം ഉറപ്പിക്കുന്നതിന്റെ സൂചനയായാണ്‌ നേതാക്കള്‍ കരുതുന്നത്‌.
എം.എല്‍.എ ആയിരിക്കെ പി.ടി തോമസ്‌ തൃക്കാക്കരയിലെ പ്രാദേശിക കോണ്‍ഗ്രസ്‌ നേതാക്കളെ തനിക്കൊപ്പം സഹകരിപ്പിച്ചിരുന്നില്ലെന്നാണ്‌ ഇവരുടെ വാദം. മണ്ഡലത്തിന്‌ വെളിയില്‍ ഉള്ളവരാണ്‌ എം.എല്‍.എയുടെ ഓഫീസ്‌ നിയന്ത്രിച്ചിരുന്നതെന്ന ആരോപണമാണ്‌ ഇവര്‍ ഉയര്‍ത്തുന്നത്‌. ഉമാ തോമസ്‌ രംഗത്ത്‌ വന്നാലും അതേ സംവിധാനം തുടരും. ഇത്‌ പാര്‍ട്ടിക്ക്‌ ദോഷം ചെയ്യും. യു.ഡി.എഫ്‌ ചെയര്‍മാന്‍ ഡൊമനിക്‌ പ്രസന്റേഷനെ പോലും അറിയിക്കാതെയാണ്‌ സംസ്‌ഥാന നേതാക്കള്‍ ഉമാ തോമസിനെ സന്ദര്‍ശിച്ചത്‌. എ ഗ്രൂപ്പിന്റെ കൈവശമുള്ള തൃക്കാക്കര മണ്ഡലത്തില്‍ പാര്‍ട്ടിയിലെ പ്രവര്‍ത്തനപരിചയമുള്ള നേതാക്കളെ പരീക്ഷിക്കണമെന്നാണ്‌ ഇവരുടെ വാദം. ഇതിനെതിരായ ഏകപക്ഷീയ പ്രഖ്യാപനംഅനുവദിക്കില്ല. പി.ടി. തോമസ്‌ പോലും തന്റെ പിന്‍ഗാമികള്‍ തെരഞ്ഞെടുപ്പ്‌ രാഷ്‌ട്രീയത്തില്‍ വരണമെന്ന്‌ ആഗ്രഹിച്ചിരുന്നില്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. പി.ടിയുടെ വേര്‍പാടിന്റെ പശ്‌ചാത്തലത്തില്‍ ഉമയ്‌ക്കു തന്നെയാണ്‌ വിജയസാധ്യത എന്ന വാദം തള്ളുന്ന എ ഗ്രൂപ്പ്‌ നേതാക്കള്‍ ഏകപക്ഷീയമായി സ്‌ഥാനാര്‍ത്ഥിയാക്കിയാല്‍ മണ്ഡലം നിലനിര്‍ത്താനുള്ള ബാധ്യതയും നേതൃത്വം ഏറ്റെടുക്കണമെന്നുംവ്യക്‌തമാക്കുന്നു

Leave a Reply