ശ്രീനാരായണ ഗുരുദേവന്‍ ഇന്ത്യയുടെ ആധ്യാത്മിക ചൈതന്യമാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി

0

ന്യൂഡല്‍ഹി: ശ്രീനാരായണ ഗുരുദേവന്‍ ഇന്ത്യയുടെ ആധ്യാത്മിക ചൈതന്യമാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ശിവഗിരി തീര്‍ത്ഥാടനത്തിന്റെ നവതി ആഘോഷവും ബ്രഹ്‌മവിദ്യാലയത്തിന്റെ കനക ജൂബിലിയും ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഗുരുവിന്റെ ജന്മത്തോടെ കേരളം പുണ്യഭൂമിയായെന്നു മലയാളത്തിലാണു പ്രധാനമന്ത്രി സംസാരിച്ചുതുടങ്ങിയത്‌. വര്‍ക്കല ദക്ഷിണേന്ത്യയിലെ കാശിയും ഇന്ത്യയുടെ ഐക്യഭാവനയുടെ പ്രതീകവുമാണ്‌.
കേന്ദ്ര സര്‍ക്കാരിന്റെ വിവിധ വികസന പദ്ധതികള്‍ ഗുരുദര്‍ശനത്തിന്റെ അന്തസത്ത ഉള്‍ക്കൊള്ളുന്നതാണെന്നും പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ നടത്തിയ ചടങ്ങില്‍ മോദി പറഞ്ഞു. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന തന്റെ സര്‍ക്കാരിന്റെ വികസന നയം, പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായുള്ള പരിപാടികള്‍, ആത്മനിര്‍ഭര്‍ ഭാരത്‌ പദ്ധതി എന്നിവയിലെല്ലാം ഗുരുദര്‍ശനങ്ങളുടെ ആത്മാംശം അടങ്ങിയിട്ടുണ്ട്‌.
ശിവഗിരി മഠവുമായി തനിക്കുള്ള ദീര്‍ഘകാലത്തെ അടുപ്പത്തെക്കുറിച്ചും അദ്ദേഹം വാചാലനായി. ശിവഗിരി മഠത്തിലെ സന്യാസിമാര്‍ കേദാര്‍നാഥില്‍ പ്രളയത്തില്‍ കുടുങ്ങിയപ്പോള്‍ സഹായിക്കാനുള്ള ചുമതല അന്നു ഗുജറാത്ത്‌ മുഖ്യമന്ത്രിയായിരുന്ന തന്നെയാണു ശിവഗിരി മഠം ഏല്‍പ്പിച്ചത്‌. അന്ന്‌ എല്ലാ സന്യാസിമാരെയും സുരക്ഷിതരായി തിരിച്ചെത്തിക്കാന്‍ കഴിഞ്ഞു.
ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനങ്ങള്‍ മനസിലാക്കിയാല്‍ ഒരു ശക്‌തിക്കും ഇന്ത്യയെ ഭിന്നിപ്പിക്കാന്‍ സാധിക്കില്ലെന്നു മോദി പറഞ്ഞു. ഒരു ജാതി ഒരു മതം ഒരു ദൈവം എന്ന ദര്‍ശനം ആത്മനിര്‍ഭര്‍ ഭാരതത്തിനു വഴികാട്ടിയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. നവതി ആഘോഷങ്ങളുടെ ലോഗോ അദ്ദേഹം പ്രകാശനം ചെയ്‌തു.
ഗുരുവില്ലായിരുന്നെങ്കില്‍ കേരളം കശ്‌മീരായി മാറുമായിരുന്നെന്നു ശ്രീനാരായണ ധര്‍മ സംഘം ട്രസ്‌റ്റ്‌ പ്രസിഡന്റ്‌ സ്വാമി സച്ചിദാനന്ദ പറഞ്ഞു. ഗുരുദര്‍ശനങ്ങള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ പ്രധാനമന്ത്രി മുന്‍കൈയെടുക്കണമെന്ന്‌ ധര്‍മ സംഘം ജനറല്‍ സെക്രട്ടറി സ്വമി ഋതംബരാനന്ദ ആവശ്യപ്പെട്ടു. കേന്ദ്രമന്ത്രിമാരായ വി. മുരളീധരന്‍, രാജീവ്‌ ചന്ദ്രശേഖര്‍ എന്നിവരും പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here