നടിയെ ആക്രമിച്ച കേസില്‍ രഹസ്യവിവരങ്ങള്‍ ചോര്‍ന്നിട്ടില്ലെന്നും കോടതിയില്‍ നിന്ന്‌ ചോര്‍ന്നെന്ന്‌ ആരോപിക്കുന്ന രഹസ്യരേഖ ഏതെന്ന്‌ വ്യക്‌തമാക്കണമെന്ന്‌ പ്രോസിക്യൂഷനോട്‌ വിചാരണക്കോടതി നിര്‍ദേശിച്ചു

0

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ രഹസ്യവിവരങ്ങള്‍ ചോര്‍ന്നിട്ടില്ലെന്നും കോടതിയില്‍ നിന്ന്‌ ചോര്‍ന്നെന്ന്‌ ആരോപിക്കുന്ന രഹസ്യരേഖ ഏതെന്ന്‌ വ്യക്‌തമാക്കണമെന്ന്‌ പ്രോസിക്യൂഷനോട്‌ വിചാരണക്കോടതി നിര്‍ദേശിച്ചു.
എ ഡയറിയിലെ വിവരങ്ങള്‍ പൊതുരേഖയാണെന്നും ഇതു രഹസ്യമായി സൂക്ഷിക്കുന്നതല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. രേഖകള്‍ ചോര്‍ന്നിട്ടുണ്ടെങ്കില്‍ ജീവനക്കാര്‍ക്കെതിരേ തെളിവുകള്‍ ഹാജരാക്കണമെന്നു കോടതി വ്യക്‌തമാക്കി.
രണ്ടു രേഖകള്‍ കണ്ടെത്തിയെന്ന പ്രോസിക്യുഷന്റ വാദത്തിനു മറുപടിയായയാണ്‌ കോടതി നടപടികള്‍ രേഖപ്പെടുത്തുന്ന എ ഡയറി രഹസ്യരേഖയല്ലെന്നു കോടതി ചൂണ്ടിക്കാട്ടിയത്‌.
മറ്റൊന്ന്‌ നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ പെന്‍ഡ്രൈവ്‌ പരിശോധനയ്‌ക്കായി ചണ്ഡീഗഢ്‌ ഫോറന്‍സിക്‌ ലാബിലേക്ക്‌ അയയ്‌ക്കുന്നതിന്റെ ചെലവ്‌ ദിലീപ്‌ വഹിക്കണമെന്നുള്ള ഉത്തരവാണ്‌. ഈ ഉത്തരവ്‌ രഹസ്യരേഖയല്ലെന്നും കോടതി വ്യക്‌തമാക്കി. ഇത്‌ രണ്ടും രഹസ്യരേഖയല്ലെന്നും പൊതുജനങ്ങള്‍ക്ക്‌ ലഭിക്കുന്നതാണെന്നും കോടതി വ്യക്‌തമാക്കി. ഈ രണ്ടു രേഖകളുടെയും പകര്‍പ്പ്‌ പ്രതിഭാഗം അഭിഭാഷകര്‍ നല്‍കിയ അപേക്ഷയില്‍ നല്‍കിയിട്ടുള്ളതാണെന്നും കോടതി വ്യക്‌തമാക്കി. ഇതിന്റെയൊക്കെ അടിസ്‌ഥാനത്തില്‍ കോടതി ജിവനക്കാരെ ചോദ്യം ചെയ്യാന്‍ പോലീസിന്‌ അധികാരമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
ദിലീപിന്റെ ഫോണില്‍ കോടതിരേഖ എങ്ങനെ വന്നുവെന്ന്‌ അനേ്വഷിക്കണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. ദിലീപ്‌ പലരെയും സ്വാധീനിക്കാന്‍ ശ്രമിച്ചതിന്റെ തെളിവുകള്‍ പുറത്തുവന്നിട്ടുണ്ട്‌. കോടതി ജീവനക്കാരേയും സ്വാധീനിച്ചോയെന്ന്‌ പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു.
കൂടുതല്‍ വാദം അടുത്ത ഒന്‍പതിന്‌ കേള്‍ക്കും. ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ അനേ്വഷണസംഘം നല്‍കിയ ഹര്‍ജിയും അന്ന്‌ പരിഗണിക്കാനായി മാറ്റി. ഹര്‍ജികളില്‍ എതിര്‍വാദം രോഖാമൂലം നല്‍കാന്‍ ദിലീപിന്‌ അടുത്ത ഒന്‍പതുവരെ കോടതി സമയം അനുവദിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here