ഹൃദ്രോഗിയായ അച്ഛൻ ആശുപത്രിയിലായിരിക്കെ പ്രായപൂർത്തിയാകാത്ത മൂന്നു പെൺകുട്ടികളടക്കം നാലു മക്കളെ ഇറക്കിവിട്ട് ജപ്തിചെയ്ത വീടിന്റെ ആധാരം പണമടച്ച് വീണ്ടെടുത്തു നൽകുമെന്ന് മാത്യു കുഴൽനാടൻ എം.എൽ.എ

0

മൂവാറ്റുപുഴ : ഹൃദ്രോഗിയായ അച്ഛൻ ആശുപത്രിയിലായിരിക്കെ പ്രായപൂർത്തിയാകാത്ത മൂന്നു പെൺകുട്ടികളടക്കം നാലു മക്കളെ ഇറക്കിവിട്ട് ജപ്തിചെയ്ത വീടിന്റെ ആധാരം പണമടച്ച് വീണ്ടെടുത്തു നൽകുമെന്ന് മാത്യു കുഴൽനാടൻ എം.എൽ.എ. പറഞ്ഞു.

ശനിയാഴ്ച ഉച്ചയ്ക്കാണ് പായിപ്ര പേഴയ്ക്കാപ്പിള്ളി വലിയപറമ്പിൽ വി.എ. അജേഷ്‌കുമാറിന്റെ വീട് മൂവാറ്റുപുഴ അർബൻ ബാങ്ക് ജപ്തിചെയ്തത്. ഇതിനെതിരേ നാട്ടുകാരും ജനപ്രതിനിധികളും രംഗത്തുവരുകയും മാത്യു കുഴൽനാടൻ എം.എൽ.എ. വീടിന്റെ സീൽ ചെയ്ത താഴ് തകർത്ത് രാത്രി കുട്ടികളെ വീട്ടിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ആധാരം തിരികെ നൽകാൻ ബാങ്ക് ആവശ്യപ്പെടുന്ന പണം അടയ്ക്കാൻ തയ്യാറാണ്‌. ഒട്ടേറെപ്പേർ കുടുംബത്തെ സഹായിക്കാൻ രംഗത്തെത്തിയിട്ടുണ്ട്. കടംവീട്ടി വീട് നന്നാക്കി നൽകും. കുട്ടികളുടെ വിദ്യാഭ്യാസവും ഗുരുതരാവസ്ഥയിലുള്ള അജേഷിന്റെ ചികിത്സയും ഉറപ്പാക്കും. ഇതിന് കെ.പി.സി.സി. പ്രസിഡന്റടക്കമുള്ളവർ പിന്തുണ അറിയിച്ചിട്ടുണ്ടെന്നും മാത്യു കുഴൽനാടൻ പറഞ്ഞു.

ഇവിടെ ബാലാവകാശ കമ്മിഷന് കണ്ണില്ല -വി.പി. സജീന്ദ്രൻ

മൂവാറ്റുപുഴ : പോലീസ് നടപടി വരുമ്പോൾ മുതിർന്ന നേതാക്കളുടേയും വലിയ ആളുകളുടേയും വീട്ടിലേക്കോടിച്ചെല്ലുന്ന ബാലാവകാശ കമ്മിഷന് ഈ കുട്ടികളെ കാണാൻ കണ്ണില്ലെന്ന് കെ.പി.സി.സി. വൈസ് പ്രസിഡന്റ് വി.പി. സജീന്ദ്രൻ പറഞ്ഞു. അജേഷിന്റെ കുടുംബത്തെ സഹായിക്കാനും മനുഷ്യത്വരഹിതമായ ജപ്തി നടപടിക്കെതിരേ നീങ്ങാനുമുള്ള മാത്യു കുഴൽനാടൻ എം.എൽ.എ.യുടെ നീക്കത്തിന് എല്ലാ പിന്തുണയും നൽകും. പ്രതികാരബുദ്ധിയോടെയാണ് നീങ്ങുന്നതെങ്കിൽ കോൺഗ്രസ് പാർട്ടി രംഗത്തുവരും.

പട്ടികജാതി വിഭാഗത്തിൽപ്പെട്ട അജേഷിന് ആകെയുള്ളത് നാലു സെന്റ്‌ ഭൂമിയും അടച്ചുറപ്പില്ലാത്ത വീടുമാണ്.

കോടിക്കണക്കിനു രൂപ ബാങ്കുകളെയുംമറ്റും വെട്ടിച്ച്‌ നാടുവിടുന്നവരുടെ നാട്ടിലാണ്, ഒരുലക്ഷം രൂപ വായ്പയെടുത്ത് നിവൃത്തിയില്ലായ്മകൊണ്ട് കടക്കെണിയിലായ ഈ കുടുംബത്തെ വഴിയാധാരമാക്കിയതെന്നും വി.പി. സജീന്ദ്രൻ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here