‘എനിക്കു നിങ്ങളെ ഭയമാണെ’ന്നു കാവ്യ ദിലീപിനോട് പറഞ്ഞത് കരഞ്ഞുകൊണ്ട്; കാവ്യയെ ചൂണ്ടി തടിയൂരാൻ ഏട്ടെന്റാളുകളുടെ ഗൂഢാലോചനയോയെന്നും സംശയം; നടിയെ ആക്രമിച്ച കേസിൽ കേട്ടതെല്ലാം അതുപോലെ വിശ്വസിക്കാതെ അന്വേഷണ സംഘം

0

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കാവ്യ മാധ്വനെതിരായ ഫോൺ സംഭാഷണങ്ങൾ പൂർണമായും വിശ്വസിക്കാതെ അന്വേഷണ സംഘം. ദിലീപിനെ പ്രതിസ്ഥാനത്ത് നിന്നും മാറ്റി നിർത്തി കാവ്യ മാധവനെ പ്രതിയാക്കാനും, കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ കാവ്യയും ശിക്ഷ ലഭിക്കാതെ പോകാനുമുള്ള സാധ്യത അന്വേഷണ സംഘവും മുൻകൂട്ടി കാണുന്നുണ്ട്. ഇത്തരം ഒരു നീക്കം കൃത്യമായ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണോ എന്നും അന്വേഷണ സംഘം സംശയിക്കുന്നു. ദിലീപിനെതിരെ കാവ്യ നടത്തുന്ന ചില പരാമർശങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.

ദിലീപും കാവ്യാ മാധവനും തമ്മിലുള്ള സംഭാഷണങ്ങളുടെ ചില ശബ്ദരേഖകളും അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുണ്ട്. ‘എനിക്കു നിങ്ങളെ ഭയമാണെ’ന്നു കാവ്യ കരഞ്ഞുകൊണ്ടു പറയുന്നത് ഇക്കൂട്ടത്തിലുണ്ടെന്ന് അവർ സൂചിപ്പിക്കുന്നു. സൈബർ ഹാക്കർ സായ്ശങ്കറിന്റെ ഫോണിൽ നിന്നാണു കാവ്യയും ദിലീപും തമ്മിലുള്ള സംഭാഷണങ്ങൾ അടങ്ങുന്ന ഡിജിറ്റൽ ഫയലുകൾ ക്രൈംബ്രാഞ്ചിനു ലഭിച്ചത്.

കേസിന്റെ ഫോക്കസ് ദിലീപിൽ നിന്നു കാവ്യാ മാധവനിലേക്കു മാറ്റാനുള്ള ബോധപൂർവമായ ശ്രമമാണു ദിലീപിന്റെ സഹോദരീ ഭർത്താവ് ടി.എൻ.സുരാജിന്റേതായി പുറത്തുവന്ന ശബ്ദരേഖയിലുള്ളതെന്നാണ് അവരുടെ നിഗമനം. ദിലീപിന്റെ അറിവോടെയാണോ ഇക്കാര്യം സുരാജ് പറയുന്നതെന്നു കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.

പുതിയ തെളിവുകളുടെ അടിസ്ഥാനത്തിൽ കാവ്യാ മാധവനെ തിങ്കളാഴ്ച്ചയാണ് ചോദ്യം ചെയ്യുക. കേസിൽ നിർണായക വെളിപ്പെടുത്തൽ നടത്തിയ സംവിധായകൻ ബാലചന്ദ്രകുമാറിന് ഒപ്പമിരുത്തിയായിരിക്കും കാവ്യയെ ചോദ്യം ചെയ്യുക. കാവ്യയുടെ ചോദ്യം ചെയ്യൽ ദിവസമായ തിങ്കളാഴ്ച ആലുവ പൊലീസ് ക്ലബിൽ ഹാജരാകാൻ ബാലചന്ദ്രകുമാറിന് അന്വേഷണ സംഘം നിർദ്ദേശം നൽകിയിട്ടുണ്ട്. ബാലചന്ദ്രകുമാർ നൽകിയ ഓഡിയോ ക്ലിപ്പുകളിലെ തെളിവുകൾ കാവ്യക്ക് എതിരാണ്. ഇത് കേസിൽ വളരെ നിർണായകമാണെന്നാണ് വിലയിരുത്തൽ.

നടിയെ ആക്രമിച്ച കേസിൽ തിങ്കളാഴ്ച 11 മണിക്ക് ആലുവ പൊലീസ് ക്ലബ്ബിൽ ചോദ്യംചെയ്യലിന് ഹാജരാകാനാണ് കാവ്യ മാധവനോട് ആവശ്യപ്പെട്ടിട്ടുള്ളത്. ബാലചന്ദ്രകുമാറിൻറെ വെളിപ്പെടുത്തലുകളിലും ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിലുമാണ് ചോദ്യം ചെയ്യൽ. കേസിലെ ഗൂ‍ഡാലോചനയിൽ കാവ്യയുടെ പങ്ക് സൂചിപ്പിക്കുന്ന ശബ്ദരേഖ അന്വേഷണ സംഘം ഹൈക്കോടതിയിൽ സമർപ്പിച്ചു. നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിനുള്ള സമയം നീട്ടണമെന്നാവശ്യപ്പെട്ടുള്ള അപേക്ഷക്കൊപ്പമാണ് ഈ ശബ്ദരേഖ ഉൾപ്പടെ ഡിജിറ്റൽ തെളിവുകൾ അന്വേഷണ സംഘം കോടതിയിൽ നൽകിയത്. ഇതിന് പിന്നാലെയാണ് കാവ്യക്ക് തിങ്കളാഴ്ച ഹാജരാകാൻ നോട്ടീസ് നൽകിയത്.

കാവ്യ സുഹൃത്തുക്കൾക്ക് കൊടുക്കാൻ വച്ചിരുന്ന പണി ദിലീപ് ഏറ്റെടുത്തുവെന്നാണ് സഹോദരി ഭർത്താവ് സുരജ് പറയുന്നത്. വധ ഗൂഡാലോചന കേസിലെ വിഐപി എന്നറിയിപ്പെടുന്ന പ്രതി ശരത്തുമായി നടത്തിയതാണ് ഈ നിർണ്ണായക സംഭാഷണം. സുരാജിൻറെ ഫോണിൽ നിന്നും നശിപ്പിച്ച ശബ്ദരേഖ ഫൊറൻസിക് പരിശോധനയിലാണ് വീണ്ടെടുത്തത്.

അതേസമയം നടിയെ ആക്രമിച്ച കേസിൽ ദിലീപിന് വേണ്ടി സാക്ഷിയെ സ്വാധീനിക്കുന്ന മൊബൈൽ ഫോൺ സംഭാഷണവും പുറത്തുവന്നു. ഡോക്ടർ ഹൈദരലിയും ദിലീപിൻറെ സഹോദരി ഭർത്താവ് സൂരജും തമ്മിലുള്ള ഫോൺ സംഭാഷണമാണ് പുറത്തുവന്നത്. ദിലീപിന് അനുകൂലമായി മൊഴി നൽകാൻ സൂരജ് ഡോക്ടറിനോട് ആവശ്യപ്പെടുന്നതാണ് സംഭാഷണം. നടി ആക്രമിക്കപ്പെടുമ്പോൾ ആലുവയിലെ ആശുപത്രിയിൽ അഡ്മിറ്റ് ആയിരുന്നു എന്നാണ് ദിലീപിൻറെ വാദം. ഇങ്ങനെയായിരുന്നു ആദ്യം ദിലീപ് മൊഴി നൽകിയിരുന്നത്. എന്നാലിത് തെറ്റാണെന്ന് പിന്നീട് അന്വേഷണ സംഘം കണ്ടെത്തി. ദിലീപ് അഡ്മിറ്റ് ആയിരുന്നില്ലെന്ന് ഡോക്ടർ ഹൈദരലി ആദ്യം മൊഴി നൽകിയിരുന്നു. ഈ മൊഴി തിരുത്താനാണ് ആവശ്യപ്പെടുന്നത്.

രേഖകൾ പൊലീസിന്റെ കൈവശം ഉണ്ടന്നു ഡോക്ടർ പറയുമ്പോൾ ആ തെളിവിന് പ്രസക്തിയില്ല, കോടതിക്ക് നൽകുന്ന മൊഴിയാണ് ഇനി പ്രധാനമെന്നു സൂരജ് മറുപടി നൽകുന്നു. പ്രശ്നങ്ങളൊന്നുമില്ലാതെ വക്കീൽ നോക്കുമെന്നും ഡോക്ടർ വക്കീൽ പഠിപ്പിക്കുന്നതപോലെ പറഞ്ഞാൽ മതിയെന്നും സംഭാഷണത്തിലുണ്ട്. പ്രോസിക്യൂഷൻ സാക്ഷിയായ ഡോക്ടർ പിന്നീട് കൂറ് മാറി ദിലീപിന് അനുകൂലമായി മൊഴി നൽകിയിരുന്നു.

കാവ്യ പെൺപകയുടെ പ്രതിരൂപമോ?

അന്വേഷണത്തിന്റെ തുടക്കം മുതലേ കാവ്യ മാധവനും ഫ്രെയിമിലുണ്ടെങ്കിലും ആരും കാവ്യയെ കുറ്റപ്പെടുത്തുകയോ കാവ്യയാണ് നടിയെ ആക്രമിച്ച സംഭവത്തിന്റെ മാസ്റ്റർ ബ്രെയിൻ എന്ന് ആരോപിക്കുകയോ ചെയ്തിരുന്നില്ല. അക്കാലത്ത് കാവ്യ മാധവൻ പൊലീസിന് നൽകിയ മൊഴിയെ സംബന്ധിച്ചും ചില റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. താനും ദിലിപും തമ്മിലുള്ള ബന്ധം ദിലീപിന്റെ ആദ്യ ഭാര്യയെ അറിയിച്ചത് ആക്രമിക്കപ്പെട്ട നടിയാണെന്ന് കാവ്യ പൊലീസിന് മൊഴി നൽകിയിരുന്നു എന്നായിരുന്നു ആ റിപ്പോർട്ടുകളുടെ രത്നച്ചുരുക്കം.

കാവ്യാ മാധവൻ പൊലീസിന് നൽകിയ മൊഴി എന്ന് അക്കാലത്ത് ചില മാധ്യമങ്ങൾ പ്രസിദ്ധീകരിച്ച റിപ്പോർട്ട് ഇങ്ങനെയായിരുന്നു:

2008 ഫെബ്രുവരി അഞ്ചിനായിരുന്നു എന്റെ ആദ്യ വിവാഹം. തിരുവനന്തപുരം സ്വദേശിയായ നിശാൽചന്ദ്ര ആയിരുന്നു ആദ്യ ഭർത്താവ്. ഞാനാണ് ആദ്യം വിവാഹമോചന നോട്ടീസ് നൽകിയത്. പിന്നീട് സംയുക്തമായി വിവാഹമോചന ഹർജി എറണാകുളം കോടതിയിൽ നൽകി. 2010 ൽ കുടുംബ കോടതിയിൽനിന്നും വിവാഹ മോചന ഉത്തരവ് ലഭിച്ചു. ദിലീപേട്ടനും ആദ്യ ഭാര്യ മഞ്ജുവുമായുള്ള പ്രശ്നങ്ങൾ എന്നു മുതലാണു തുടങ്ങിയത് എന്ന് എനിക്ക് അറിയില്ല. അവർ തമ്മിലുള്ള പ്രശ്നങ്ങൾക്ക് ആക്രമിക്കപ്പെട്ട നടിയും ഒരു കാരണമായിട്ടുണ്ട്. അത് എനിക്കറിയാം. ഞാനും ദിലീപേട്ടനും അടുത്തിരിക്കുന്ന ഫോട്ടോ മഞ്ജുച്ചേച്ചിക്ക് അയച്ചുകൊടുത്തിട്ടുണ്ടെന്നു ദിലീപേട്ടൻ പറഞ്ഞ് ഞാൻ കേട്ടിട്ടുണ്ട്.

ദിലീപേട്ടനും മഞ്ജുച്ചേച്ചിയും തമ്മിൽ പ്രശ്നങ്ങളുണ്ടാകാൻ കാരണക്കാരി ഞാനാണെന്ന് ആക്രമിക്കപ്പെട്ട നടി പലരോടും പറഞ്ഞത് ഞാൻ കേട്ടറിഞ്ഞിട്ടുണ്ട്. 2013 ൽ അബാദ് പ്ലാസ ഹോട്ടലിൽവച്ച് നടന്ന ‘മഴവില്ലഴകിൽ അമ്മ’ എന്ന പരിപാടിയുടെ റിഹേഴ്സൽ ക്യാമ്പിൽവച്ച് ആക്രമിക്കപ്പെട്ട നടി എന്നെയും ദിലീപേട്ടനെയുംകുറിച്ച് പലരുടേയും അടുത്ത് അതുമിതും പറഞ്ഞ് നടക്കുന്നുണ്ടായിരുന്നു. സിദ്ദിഖ് അങ്കിൾ (നടൻ സിദ്ദിഖ്) അതിലിടപ്പെട്ട് സംസാരിച്ചിരുന്നു.

ബിന്ദുച്ചേച്ചി ദിലീപേട്ടന്റെയടുത്ത് ആ സമയത്ത് ചെന്ന് ഇക്കാര്യം പറഞ്ഞപ്പോൾ ദിലീപേട്ടൻ സിദ്ദിഖ് അങ്കിളിന്റെ അടുത്തുപോയി ആക്രമിക്കപ്പെട്ട നടി ഇങ്ങനെ ആവശ്യമില്ലാത്തത് സംസാരിക്കുന്നുണ്ടെന്നും അവളെ നിയന്ത്രിക്കണമെന്നും പറഞ്ഞു. ഇവൾക്ക് ഞങ്ങൾ ഒരു ദ്രോഹവും ചെയ്തിട്ടില്ലല്ലോയെന്നു ദിലീപേട്ടനും പറഞ്ഞു. പ്രാക്ടീസ് നടക്കുന്ന സ്ഥലത്തുവച്ചു തന്നെയാണ് ആക്രമിക്കപ്പെട്ട നടിയുമായി സിദ്ദിഖ് അങ്കിൾ സംസാരിച്ചത്. വേറെ ആരൊക്കെ അതിൽ ഇടപെട്ടു എന്ന് എനിക്കറിയില്ല. ഈ സംഭവത്തിനുശേഷം ദിലീപേട്ടൻ അവളുമായി സംസാരിച്ചിട്ടില്ല. ‘മഴവില്ലഴകിൽ അമ്മ’ എന്ന പ്രോഗ്രാമിന്റെ റിഹേഴ്സൽ നടക്കുന്ന സമയം. ‘വെള്ളരിപ്രാവിന്റെ ചങ്ങാതി’ എന്ന സിനിമയിലെ ‘പതിനേഴിൽ’ എന്നു തുടങ്ങുന്ന പാട്ടിന്റെ ഡാൻസ് ആണ് ഞാനും ദിലീപേട്ടനും ആ ഷോയിൽ അവതരിപ്പിച്ചിരുന്നത്. അതിന്റെ റിഹേഴ്സൽ നടക്കുന്ന സമയത്താണ് ഈ സംഭവങ്ങളെല്ലാം നടക്കുന്നത്. ആ സമയം ഞാനും ദിലീപേട്ടനും അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയിലുണ്ട്. മഞ്ജുച്ചേച്ചി ദിലീപേട്ടന്റെ വീട്ടിൽനിന്നും ഇറങ്ങിപ്പോകുന്നത് ദിലീപേട്ടനും മകൾ മീനൂട്ടിയും ഓസ്ട്രേലിയയിൽ പോയ സമയത്താണ്. മഞ്ജുച്ചേച്ചിയുമായി ഞാനിപ്പോൾ സംസാരിക്കാറില്ല. നടി ആക്രമിക്കപ്പെട്ട സംഭവം റിമി ടോമി ഫോൺ വിളിച്ച് പറയുമ്പോഴാണ് ഞാൻ അറിയുന്നത്. സംഭവം നടന്നതിന്റെ പിറ്റേന്നു രാവിലെയാണ് റിമി ടോമി എന്നെ വിളിക്കുന്നത്.

ദിലീപേട്ടന് ചായയിട്ട് കൊടുക്കുവാൻ പോയ സമയത്താണ് റിമി വിളിച്ചത്. ഞാൻ ദിലീപേട്ടന്റെ അടുത്ത് ചെന്നപ്പോൾ ദിലീപേട്ടൻ പ്ര?ഡ്യൂസർ ആന്റോ ചേട്ടനോട് ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. നടിയെ ആക്രമിച്ച സംഭവമാണു സംസാരിച്ചതെന്നും സുനിയും കൂട്ടരുമാണു നടിയെ ആക്രമിച്ചതെന്നും ദിലീപേട്ടൻ എന്നോട് പറഞ്ഞു. രാത്രിയിൽ ആന്റോ ചേട്ടന്റെ മിസ്ഡ് കോൾ കണ്ടാണ് രാവിലെ വിളിച്ചതെന്നും പറഞ്ഞു. എന്നോട് ആക്രമിക്കപ്പെട്ട നടിയുടെ നമ്പർ ചോദിച്ചപ്പോൾ അറിയില്ലാ എന്നു മറുപടി നൽകി.

രമ്യ (സിനിമാ നടി) വിളിച്ചു സംസാരിച്ചപ്പോൾ ആക്രമിക്കപ്പെട്ട നടി കൂടെയുണ്ടെന്ന് പറഞ്ഞപ്പോൾ നടിക്ക് ഫോൺ കൊടുക്കാമോ എന്ന് ചോദിച്ചു. നടി ക്ഷീണിതയായി കിടക്കുകയാണെന്ന് പറഞ്ഞ് രമ്യ ഫോൺ അവരുടെ അമ്മയ്ക്ക് കൊടുത്തു. ആക്രമിക്കപ്പെട്ട നടി അമ്മയുടെ അടുത്ത് ദിലീപേട്ടൻ ഫോണിലൂടെ സംസാരിക്കുകയും അവരെ സാന്ത്വനിപ്പിക്കുകയും ചെയ്തു. നടിയെ ആക്രമിച്ച സുനിയെ എനിക്ക് പരിചയമില്ല. സുനിയെ ഇതിനു മുമ്പ് ഞാൻ കണ്ടതായി ഓർക്കുന്നില്ല. നടിയെ ആക്രമിച്ചതിൽ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മയിൽ ഞാൻ പങ്കെടുത്തിരുന്നില്ല. ദിലീപേട്ടൻ പോയിരുന്നു.

ഞങ്ങൾ ഏപ്രിൽ 23 ന് സ്റ്റേജ് ഷോക്ക് അമേരിക്കയിലേക്ക് പോയി. അവിടെവച്ച് ഇക്കാര്യങ്ങളൊന്നും ഞങ്ങൾ പ്രത്യേകിച്ച് സംസാരിച്ചില്ല. വിഷ്ണു അപ്പുണ്ണിയെ വിളിച്ചതും സുനി അപ്പുണ്ണിയെ വിളിച്ചതും അപ്പുണ്ണി അവരോട് ചൂടായി സംസാരിച്ചതും ദിലീപേട്ടൻ എന്നോട് പറഞ്ഞിരുന്നു. വിഷ്ണുവും സുനിയും നാദിർഷായെ വിളിച്ചകാര്യം എന്നോട് പറഞ്ഞിരുന്നില്ല. ദിലീപേട്ടന് ശത്രുക്കൾ ഉണ്ടായിരുന്നതായി എനിക്ക് തോന്നിയിരുന്നില്ല. എന്നാൽ ഇപ്പോൾ അങ്ങനെ തോന്നുന്നുണ്ട്.

പരസ്യ സംവിധായകൻ ശ്രീകുമാർ മേനോൻ സോഷ്യൽ മീഡിയയിലൂടെ ദിലീപേട്ടനെതിരേ പ്രചാരണം നടത്തിയിരുന്നു. ദിലീപേട്ടനും മഞ്ജുചേച്ചിയും തമ്മിലുള്ള വിവാഹമോചനത്തിനു കാരണം ശ്രീകുമാർ ചേട്ടൻ ആയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here