കോട്ടയം വേണാട് എക്സ്പ്രസിൽ വൻ തിരക്ക്; യാത്രക്കാരി കുഴഞ്ഞുവീണു

0

കോട്ടയം ∙ വേണാട് എക്സ്പ്രസിൽ വൻ തിരക്ക്; യാത്രക്കാരി കുഴഞ്ഞുവീണു. ഇന്നലെ രാവിലെയുള്ള തിരുവനന്തപുരം – ഷൊർണൂർ വേണാട് എക്സ്പ്രസ് ട്രെയിനിൽ മാവേലിക്കരയിൽ നിന്ന് എറണാകുളത്തേക്ക് ജനറൽ കോച്ചിൽ യാത്ര ചെയ്ത യുവതിക്കാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. അവധി ദിനങ്ങൾക്കു ശേഷമുള്ള തിങ്കൾ ആയതിനാൽ ട്രെയിനിൽ വലിയ തിരക്കായിരുന്നു. വേണാടിൽ നേരത്തേ ഉണ്ടായിരുന്ന 18 ജനറൽ കോച്ചുകൾക്ക് പകരം ഇപ്പോൾ 8 എണ്ണം മാത്രമാണുള്ളത്.

ഏറ്റുമാനൂർ കഴി‍ഞ്ഞതോടെ യുവതിക്ക് അസ്വസ്ഥത ഉണ്ടായി. ട്രെയിൻ വൈക്കം റോഡ് സ്റ്റേഷനിലേക്ക് അടുത്തപ്പോൾ പ്രശ്നം ഗാർഡിന്റെ ശ്രദ്ധയിൽപെട്ടെന്നും മെഡിക്കൽ സൗകര്യങ്ങൾ കൂടുതലുള്ള അടുത്ത സ്റ്റേഷനായ പിറവം റോഡിൽ അറിയിച്ചെന്നും റെയിൽവേ അധികൃതർ പറഞ്ഞു. തുടർന്ന് പിറവം റോഡിൽ ട്രെയിൻ നിർത്തി യുവതിയെ ആശുപത്രിയിലേക്കു മാറ്റി. ഇവർക്കു മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഒന്നുമില്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.

കോവിഡിനു ശേഷം പാസഞ്ചർ ട്രെയിനുകൾ പുനഃസ്ഥാപിക്കാത്തതും എക്സ്പ്രസ് ട്രെയിനുകളിൽ നേരത്തേയുള്ള തരത്തിൽ ജനറൽ കോച്ചുകൾ ഇല്ലാത്തതും സ്ഥിരം യാത്രക്കാർക്കും സാധാരണ യാത്രക്കാർക്കും യാത്രാദുരിതം വർധിപ്പിക്കുകയാണെന്നു യാത്രക്കാരുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓൺ റെയിൽസ് സെക്രട്ടറി ജെ.ലിയോൺസ് പറഞ്ഞു.

അതേസമയം, തിരക്ക് കൂടുതലുള്ള ട്രെയിനുകളിൽ കൂടുതൽ കോച്ചുകൾ അനുവദിക്കുന്നുണ്ടെന്നും 15 ട്രെയിനുകളിൽ ഇത്തരത്തിൽ കോച്ചുകൾ നൽകിയെന്നും റെയിൽവേ വിശദീകരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here