തിരുവനന്തപുരം ∙ നഗരസ്വഭാവമുള്ള പഞ്ചായത്തുകൾക്കു സിആർസെഡ് (തീരപരിപാലന നിയമം) നിയന്ത്രണങ്ങളിൽ ഇളവു തേടി കേരളം കൂടുതൽ രേഖകൾ കേന്ദ്ര വനം–പരിസ്ഥിതി മന്ത്രാലയത്തിനു കൈമാറി. പഞ്ചായത്തുകളെ നഗര, ഗ്രാമസ്വഭാവമുള്ളവയാക്കി തിരിച്ച് ഇപ്പോൾ കേരളം വിജ്ഞാപനമിറക്കിയതു ഇളവു നേടാൻ വേണ്ടി മാത്രമാണെന്നാണു കേന്ദ്രത്തിന്റെ വാദം.
ഇതിനു മറുപടിയായാണ് 2011 ൽ തന്നെ നഗരസ്വഭാവത്തിന്റെ അടിസ്ഥാനത്തിൽ പഞ്ചായത്തുകളെ രണ്ടായി തിരിച്ചിരുന്നുവെന്നു കേരളം സമർഥിക്കുന്നത്. 11 വർഷം മുൻപു തദ്ദേശഭരണവകുപ്പ് ഇറക്കിയ വിജ്ഞാപനം ഉൾപ്പെടെയുള്ള രേഖകൾ ചീഫ് സെക്രട്ടറി കേന്ദ്രത്തിനു കൈമാറി.
കഴിഞ്ഞ വർഷമാണു 398 പഞ്ചായത്തുകളെ നഗരസ്വഭാവമുള്ള പ്രദേശങ്ങളാക്കി തിരിച്ചു തദ്ദേശവകുപ്പ് വിജ്ഞാപനമിറക്കിയത്. ഇതിൽ 175 എണ്ണം സിആർസെഡ് മൂന്നിലാണ്. ഇവയെ നഗരങ്ങൾക്കു ബാധകമായതും കൂടുതൽ ഇളവുള്ളതുമായ സോൺ രണ്ടിലേക്കു മാറ്റണമെന്നാണു കേരളത്തിന്റെ ആവശ്യം. നഗരസഭകളോ, നഗരപഞ്ചായത്തുകളോ മാത്രമേ സിആർസെഡ് രണ്ടിൽ വരികയുള്ളൂവെന്നും, സോൺ മാറ്റണമെങ്കിൽ, നഗരസ്വഭാവമുള്ള പഞ്ചായത്തുകളാക്കുന്നതിനു പകരം നഗരപഞ്ചായത്തുകളാക്കി വിജ്ഞാപനം ചെയ്യണമെന്നുമായിരുന്നു കേന്ദ്രത്തിന്റെ വാദം.