സിറോ മലബാര്‍ സഭയിലെ ഏകീകൃത കുര്‍ബാനയുമായി ബന്ധപ്പെട്ട വൈദികരുടെ പത്രസമ്മേളനത്തിനിടെ വിശ്വാസികള്‍ തമ്മില്‍ കൈയാങ്കളി

0

കൊച്ചി: സിറോ മലബാര്‍ സഭയിലെ ഏകീകൃത കുര്‍ബാനയുമായി ബന്ധപ്പെട്ട വൈദികരുടെ പത്രസമ്മേളനത്തിനിടെ വിശ്വാസികള്‍ തമ്മില്‍ കൈയാങ്കളി. കുര്‍ബാന ഏകീകരണത്തെ അനുകൂലിക്കുന്ന കര്‍ദിനാള്‍ പക്ഷക്കാരും ഏകീകരണത്തെ എതിര്‍ക്കുന്ന അതിരൂപത പക്ഷക്കാരും തമ്മിലാണു ബിഷപ്‌ ഹൗസിനു മുന്നില്‍ സംഘര്‍ഷമുണ്ടായത്‌. പ്രതിഷേധം ഉന്തിലും തള്ളിലും കലാശിക്കുകയായിരുന്നു.
ഓശാന ഞായറാഴ്‌ച മുതല്‍ ഏകീകൃത കുര്‍ബാന നടപ്പാക്കാന്‍ അനുവദിക്കില്ലെന്നാണ്‌ കുര്‍ബാന ഏകീകരണത്തെ എതിര്‍ക്കുന്നവരുടെ നിലപാട്‌. ജനാഭിമുഖ കുര്‍ബാന തുടരുമെന്ന്‌ എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദികരും അറിയിച്ചിട്ടുണ്ട്‌. അതിരൂപതയുടെ ആസ്‌ഥാന ദേവാലയമായ ബസലിക്കയില്‍ നാളെ മേജര്‍ ആര്‍ച്ച്‌ ബിഷപ്‌ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരിയും ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ആന്റണി കരിയിലും ഒരുമിച്ച്‌ ഏകീകൃത കുര്‍ബാന അര്‍പ്പിക്കുമെന്നു കഴിഞ്ഞ ദിവസം സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു. എന്നാല്‍, ക്രമസമാധാന പ്രശ്‌മുണ്ടാകുമെന്നു വന്നാല്‍ നാളെ ബസിലിക്കയില്‍ നടേക്കണ്ട കുര്‍ബാന മാറ്റിവയ്‌ക്കാന്‍ സാധ്യതയുണ്ട്‌. അതിരൂപതയുടെ ആസ്‌ഥാന ദേവാലയത്തില്‍ ഏകീകൃത കുര്‍ബാന നടത്തേണ്ടിവരുന്നത്‌ എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദികര്‍ക്കും വിശ്വാസികള്‍ക്കും കനത്ത തിരിച്ചടിയാണ്‌. അതുകൊണ്ടാണ്‌ ഏതുവിധേനയും അതു തടയാന്‍ അവര്‍ ശ്രമിക്കുന്നത്‌. നാളെ ബസിലിക്കയ്‌ക്കു മുന്നില്‍ ശക്‌തമായ പ്രതിഷേധത്തിനും സാധ്യതയേറെയാണ്‌. എഴുപതിലേറെ വര്‍ഷമായി നടത്തിവരുന്ന ആരാധനാ രീതി നിര്‍ത്തണമെന്നു പറയുന്നത്‌ അനീതിയും ഒരു വിഭാഗത്തിന്റെ താല്‍പര്യങ്ങള്‍ അടിച്ചേല്‍പിക്കലുമാണെന്നാണ്‌ അതിരൂപതയിലെ വൈദികരുടെ അഭിപ്രായം. ആരാധിക്കാനുള്ള മൗലികാവകാശത്തിനു വിരുദ്ധമാണ്‌ ഈ അടിച്ചേല്‍പിക്കലെന്നും അവര്‍ പറയുന്നു.
1999 ലാണു സിറോ മലബാര്‍ സഭയിലെ ആരാധനാക്രമം പരിഷ്‌കരിക്കാന്‍ സിനഡ്‌ ശിപാര്‍ശ ചെയ്‌തത്‌. അതിന്‌ വത്തിക്കാന്‍ അനുമതി നല്‍കിയത്‌ കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ്‌. കുര്‍ബാന അര്‍പ്പണ രീതി ഏകീകരിക്കാനായിരുന്നു സിനഡ്‌ തീരുമാനം. നിലവില്‍ ചങ്ങനാശേരി അതിരൂപതയിലുള്ളത്‌ ഏകീകരിച്ച രീതിയാണ്‌. എറണാകുളം-അങ്കമാലി അതിരൂപത, തൃശൂര്‍, തലശേരി അതിരൂപതകളില്‍ ജനാഭിമുഖ കുര്‍ബനയാണു നിലനില്‍ക്കുന്നത്‌.

LEAVE A REPLY

Please enter your comment!
Please enter your name here