കർഷകർക്കുള്ള നഷ്ടപരിഹാരം; വ്യാപക ക്രമക്കേട്; ചട്ടങ്ങൾ പാലിക്കുന്നില്ല; അടിയന്തര ധനസഹായവും മുടങ്ങി

0

പത്തനംതിട്ട: സംസ്ഥാനത്ത് പ്രകൃതിക്ഷോഭങ്ങളിൽ കൃഷി നശിക്കുന്ന കർഷകർക്കുള്ള നഷ്ടപരിഹാര വിതരണത്തിൽ വ്യാപക ക്രമക്കേട് എന്നാരോപണം. വിള ഇൻഷുറൻസ് ചട്ടങ്ങളൊന്നും പാലിക്കാതെയാണ് നഷ്ടപരിഹാരം വിതരണം ചെയ്യുന്നത്. കൃഷി വകുപ്പ് ഉദ്യോഗസ്ഥർ കൃഷിയിടം പരിശോധിച്ച് നഷ്ടം തിട്ടപ്പെടുത്തണമെന്ന നിർദേശവും പാലിക്കപ്പെടുന്നില്ല. എന്നാൽ ധനകാര്യ വകുപ്പ് പണം നൽകാത്തത് കൊണ്ടാണ് നഷ്ടപരിഹാരം വൈകുന്നതെന്നാണ് കൃഷി വകുപ്പിന്റെ വിശദീകരണം

ഉള്ളതൊക്കൊ വിറ്റ് പെറുക്കിയും ലോൺ എടുത്തും കൃഷി ഇറക്കുന്ന പാടത്ത് വിളയുന്നത് നഷ്ടങ്ങളും ബാധ്യതയും. സർക്കാർ നിർദേശ പ്രകാരം വിള ഇൻഷുറൻസ് പദ്ധതിയിൽ പങ്കാളികളായിയവരാണ് തൊണ്ണൂർ ശതമാനത്തിലധികം കർഷകരും. പ്രധാന മന്ത്രി ഫസൽ ബീമ യോജന, കാലാവസ്ഥ അധിഷ്ഠിത വിള ഇൻഷുറൻസ്, സംസ്ഥാന സർക്കാരിന്റെ വിള ഇൻഷുറൻസ് അങ്ങനെ പോളിസികൾ മൂന്നെണ്ണം നിലവിലുണ്ട്. പക്ഷെ വിള നാശമുണ്ടായ കർഷകന് കടം നികത്താൻ മാത്രം ഒന്നും പ്രയോജനപ്പെടുന്നില്ല.

സംസ്ഥാന സർക്കാരിന്റെ വിള ഇൻഷുറൻസ് പദ്ധതിയിലാണ് നെൽകർഷകർ അംഗമായിരിക്കുന്നത്. നെൽകൃഷി നശിച്ചാൽ ഹെക്ടറിന് 35000 രൂപയാണ് നഷ്ടപരിഹാരം. 2018 ഒക്ടോബർ 16ന് സംസ്ഥാന കൃഷി വകുപ്പ് ഇറക്കിയ സർക്കുലർ പ്രകാരം അൻപത് ശതമാനത്തിലധികം നാശമുണ്ടായാൽ, പൂർണനാശമായി കണക്കാക്കി നഷ്ടപരിഹാരം കൊടുക്കണമെന്നാണ് വ്യവസ്ഥ. അൻപത് ശതമാനത്തിൽ താഴെയാണെങ്കിൽ നഷ്ടപരിഹാരത്തിന് അർഹതയുമില്ല.

ഈ വ്യവസ്ഥ നിലനിൽക്കെ, കഴിഞ്ഞ വർഷം മഴയിലും വെള്ളപ്പൊക്കത്തിലും കൃഷി നശിച്ചവർക്ക് നഷ്ടപരിഹാര തുകയുടെ നാലിലൊന്ന് പോലും കിട്ടിയിട്ടില്ല. 2021 ഏപ്രിലിൽ അപ്പർകുട്ടനാട്ടിലെ നിരണത്ത് തടം പാടശേഖരത്തിലെ 76 കർഷകർക്ക് കിട്ടിയ നഷ്ടപരിഹാരത്തിന്റെ കണക്ക് പരിശോധിക്കാം. 1.6 ഹെക്ടറിൽ നഷ്ടമുണ്ടായ വിജയന് കിട്ടയത് 11550 രൂപ, 1.82 ഹെക്ടർ കൃഷി ചെയ്ത പിഒ മാത്യുവിന് കിട്ടിയ നഷ്ടപരിഹാരം 12600 രൂപ. വിള ഇൻഷുറൻസ് പദ്ധതി പ്രകാരം 18200 രൂപ നഷ്ടപരിഹാരത്തിന് അർഹതയുള്ള സുമ സുശീലന് കിട്ടിയത് വെറും 700 രൂപ.
ഇൻഷുറൻസിന് പുറമെ സംസ്ഥാന സർക്കാർ കഴിഞ്ഞ കൊല്ലം അടിയന്തര ധനസഹായം ഇനത്തിൽ 12500 ഹെക്ടറിന് നൽകുമെന്ന് പറഞ്ഞതും ഒരിടത്തും കിട്ടിയിട്ടില്ല

Leave a Reply