കുടിവെള്ളം ചോദിച്ചെത്തിയ പശ്‌ചിമബംഗാള്‍ സ്വദേശി വീട്ടമ്മയേയും മകനേയും മാരകമായി കുത്തിപ്പരുക്കേല്‍പ്പിച്ചു

0

എടത്വാ(ആലപ്പുഴ): കുടിവെള്ളം ചോദിച്ചെത്തിയ പശ്‌ചിമബംഗാള്‍ സ്വദേശി വീട്ടമ്മയേയും മകനേയും മാരകമായി കുത്തിപ്പരുക്കേല്‍പ്പിച്ചു. നീരേറ്റുപുറം കറുകയില്‍ വിന്‍സി കോട്ടേജില്‍ അനു ജേക്കിന്റെ ഭാര്യ വിന്‍സിക്കും(50) മകന്‍ അന്‍വിനുമാണ്‌ (25) കുത്തേറ്റത്‌.
സംഭവത്തില്‍ ബംഗാള്‍ സ്വദേശി സത്താറിനെ (36) എടത്വാ പോലീസ്‌ പിടികൂടി റിമാന്‍ഡ്‌ ചെയ്‌തു. ബുധനാഴ്‌ച വൈകിട്ട്‌ ആറിനാണ്‌ സംഭവം. വെള്ളം ചോദിച്ചെത്തിയ സത്താര്‍ ബഹളം വച്ചതിനെത്തുടര്‍ന്ന്‌ വീട്ടുകാര്‍ അകത്തുകയറി വാതിലടച്ചു. ഇടിച്ചും ചവിട്ടിയും വാതില്‍ തുറക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതോടെ സത്താര്‍ മുറ്റത്ത്‌ പൂട്ടിയിട്ട നായെ ആക്രമിക്കാന്‍ ശ്രമിച്ചു. നായുടെ കഴുത്തില്‍ കയറിട്ട്‌ മുറുക്കുന്നതുകണ്ട്‌ അന്‍വിന്‍ പുറത്തിറങ്ങി തടയാന്‍ ശ്രമിച്ചു.
ഈ സമയം കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച്‌ സത്താര്‍ അന്‍വിന്റെ നെഞ്ചിന്‌ താഴെ കുത്തി. ഇതുകണ്ട്‌ ഓടിയെത്തിയ വിന്‍സിയുടെ നേരേയും സത്താര്‍ തിരിഞ്ഞു. വിന്‍സിയുടെ കൈയിലാണ്‌ കുത്തേറ്റത്‌. ഓടിക്കൂടിയ നാട്ടുകാര്‍ സത്താറിനെ തടഞ്ഞു. ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം അജിത്ത്‌ കുമാറിന്റെ നേതൃത്വത്തില്‍ എടത്വാ പോലീസില്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന്‌ പോലീസെത്തി ഇയാളെ പിടികൂടി. കുത്തേറ്റ ഇരുവരും ഹരിപ്പാട്‌ താലൂക്ക്‌ ആശുപത്രിയില്‍ ചികിത്സതേടി. വിന്‍സി എടത്വാ ട്രഷറി ഓഫീസ്‌ ജീവനക്കാരിയാണ്‌. ലഹരി ഉപയോഗിച്ച്‌ സ്വബോധം നഷ്‌ടപ്പെട്ടാണ്‌ സത്താര്‍ ആക്രണം നടത്തിയതെന്ന്‌ കരുതുന്നു.
മറ്റ്‌ പലരുമായും ഇയാള്‍ വാക്കേറ്റം നടത്തിയതായി സൂചനയുണ്ട്‌. എടത്വാ എസ്‌.ഐ: സി.പി. കോശി, എ.എസ്‌.ഐ സജികുമാര്‍, സീനിയര്‍ സി.പി.ഒ പ്രതീപ്‌ കുമാര്‍, സി.പി.ഒ മാരായ സനീഷ്‌, കണ്ണന്‍ എന്നിവരുടെ നേതൃത്വത്തിലാണ്‌ പ്രതിയെ പിടികൂടിയത്‌.

Leave a Reply