തോൽവി പാഠം, തെരഞ്ഞെടുപ്പിൽ തോറ്റെങ്കിലും വീര്യം ചോരില്ലെന്നും കോൺ​ഗ്രസ്

0

ദില്ലി: അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം പാഠമെന്ന് കോൺ​ഗ്രസ് . പാർട്ടിയുടെ തോൽവി പാഠമെന്ന് കോൺ​ഗ്രസ് വക്താവ് രൺദീപ് സിം​ഗ് സുർജേവാല പറഞ്ഞു. തെരഞ്ഞെടുപ്പിൽ തോറ്റെങ്കിലും വീര്യം ചോരില്ല. ജനങ്ങൾക്കായി പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തോൽവി പരിശോധിക്കാൻ സോണിയ ഗാന്ധി കോൺ​ഗ്രസ് പ്രവർത്തക സമിതി വിളിക്കും. അടിയന്തര പ്രവർത്തക സമിതി ഉടൻ ചേരും. പഞ്ചാബിൽ അമരീന്ദർ സിംഗ് നാലരവർഷം ഉണ്ടാക്കിയ ഭരണവിരുദ്ധ വികാരത്തെ മറികടക്കാനായില്ല. മാറ്റത്തിനായി ജനങ്ങൾ ആം ആദ്മി പാർട്ടിക്ക് വോട്ട് ചെയ്തു എന്നും സുർജെവാല പറഞ്ഞു.

കോൺ​ഗ്രസ് ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലേക്ക്?

അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം പുറത്തു വരുമ്പോൾ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലേക്കാണ് ഇന്ത്യൻ നാഷണൽ കോൺ​ഗ്രസ് നീങ്ങുന്നത്. ഉത്തരാഖണ്ഡിലും ​ഗോവയിലും അധികാരത്തിൽ തിരിച്ചെത്താമെന്ന മോഹം പാളിയെന്ന് മാത്രമല്ല അധികാരത്തിലുണ്ടായിരുന്ന പഞ്ചാബിൽ പാർട്ടി ഏതാണ്ട് നാമവശേഷമാവുകയും ചെയ്തു. ഇന്ത്യയിൽ ഇനി കോൺ​ഗ്രസ് പാർട്ടി അധികാരത്തിൽ ബാക്കിയുള്ളത് രാജസ്ഥാനിലും ചത്തീസ്ഗഢിലും മാത്രമാണ്.

രാജസ്ഥാനും ചത്തീസ്ഗഢും കഴിഞ്ഞാൽ മൂന്ന് സംസ്ഥാനങ്ങളിൽ പാർട്ടി മുന്നണിസഖ്യത്തിൻ്റെ ഭാഗമായി അധികാരത്തിലുണ്ട്. ജാർഖണ്ഡ് മുക്തിമോർച്ചയുമായുള്ള സഖ്യത്തിൽ ജാർഖണ്ഡും ശിവസേന – എൻസിപി സഖ്യത്തിൻ്റെ ഭാഗമായി മഹാരാഷ്ട്രയിലും, ഡിഎംകെ സഖ്യത്തിൽ തമിഴ്നാട്ടിലുമാണ് പാർട്ടിക്ക് അധികാരമുള്ളത്.

പാർട്ടിക്ക് ഇപ്പോൾ വന്നു നിൽക്കുന്ന ഈ പരാജയത്തിൻ്റെ ഉത്തരവാദിത്തം പ്രധാനമായും ഗാന്ധികുടുംബത്തിന് തന്നെയാണ് എന്നതിൽ സംശയമില്ല. പാർട്ടിയിലെ ചോദ്യം ചെയ്യപ്പെടാത്ത ശക്തികേന്ദ്രമായിട്ടും ഒന്നരപതിറ്റാണ്ടിലേറെയായി പാർട്ടി നേരിടുന്ന പ്രശ്നങ്ങൾക്കും പ്രതിസന്ധികൾക്കും യാതൊരു പരിഹാരവും കാണാൻ നേതൃത്വത്തിനായിട്ടില്ല. ഇപ്പോൾ അധികാരത്തിലുള്ള രാജസ്ഥാനിൽ മുഖ്യമന്ത്രി അശോക് ഗെല്ലോട്ടും സച്ചിൻ പൈലറ്റും തമ്മിൽ തർക്കം രൂക്ഷമാണ്. മധ്യപ്രദേശിൽ കമൽനാഥുമായി ഇടഞ്ഞ ജ്യോതിരാതിദ്യ സിന്ധ്യ ബിജെപിയിൽ ചേർന്ന് കേന്ദ്രമന്ത്രിയായി.

പാർട്ടി പ്രസിഡൻ്റ് സ്ഥാനം രാജിവച്ചെങ്കിലും രാഹുൽ തന്നെയാണ് ഇപ്പോഴും പാർട്ടിയുടെ അവസാനവാക്ക്. ഇടക്കാല അധ്യക്ഷയായി തുടരുന്ന സോണിയ ഗാന്ധിക്കും യുപിയിൽ അഞ്ച് വർഷം പാർട്ടിയെ നയിച്ച പ്രിയങ്ക ഗാന്ധിക്കും നിലവിലെ പരാജയത്തിൽ തുല്യ ഉത്തരവാദിത്തമുണ്ട്. യുപിയിലെ വലിയ പരാജയത്തോടെ പ്രിയങ്കയുടെ നേതൃത്വവും ചോദ്യം ചെയ്യപ്പെടുന്ന നിലയാണ്.

ഇപ്പോൾ ഉണ്ടായ കനത്ത പരാജയത്തിൽ എന്തെങ്കിലും ആത്മപരിശോധനയ്ക്കോ തിരുത്തൽ നടപടികൾക്കോ പാർട്ടി നേതൃത്വം തയ്യാറാവും എന്ന് ആരും പ്രതീക്ഷിക്കുന്നില്ല. സംഘടനാ ചുമതലയുള്ള എഐസിസി സെക്രട്ടറി കെ.സി വേണുഗോപാൽ അടക്കം രാഹുൽ ഗാന്ധിയോട് അനുഭാവം കാണിക്കുന്ന പ്രമുഖ നേതാക്കളും ഒരു മാറ്റത്തിനായി ഇതുവരെ വാദിച്ചിട്ടില്ല. ശക്തമായ തിരുത്തൽ നടപടികൾ അവർ ഇനി ആവശ്യപ്പെടാനും സാധ്യതയില്ല.

നിലവിലെ സാഹചര്യത്തിൽ പാർട്ടിയിലെ ശ്രദ്ധാകേന്ദ്രം വിമതനേതാക്കളുടെ കൂട്ടായ്മയായ ജി23 ആണ് . പാർട്ടിയുടെ പ്രവർത്തനത്തിലും നേതൃത്വത്തിൻ്റെ നയങ്ങളിലും മാറ്റം വേണമെന്ന് അവർ ശക്തിയായി ആവശ്യപ്പെടുന്നുണ്ട്. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം വരുന്നതോടെ ആ ആവശ്യം കപിൽ സിബലിൻ്റെ നേതൃത്വത്തിലുള്ള നേതാക്കൾ ശക്തമായി ഉന്നയിക്കും എന്ന് ഉറപ്പാണ്. ജി23 ​ഗ്രൂപ്പിൻ്റെ സമ്മ‍ർദ്ദത്തിൻ്റെ കൂടി ഫലമായിട്ടാണ് സംഘടനാ തെരഞ്ഞെടുപ്പിന് നേതൃത്വം തയ്യാറായത്. എന്നിട്ടും അതിനുള്ള നടപടിക്രമങ്ങൾ മന്ദ​ഗതിയിലാണ് നീങ്ങുന്നത്.

പലകാരണങ്ങൾ കൊണ്ട് നിർണായകമായ വ‍ർഷമാണ് 2022. അതിലൊന്ന് ഇപ്പോൾ കഴിഞ്ഞ അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പാണ് മറ്റൊന്ന് രണ്ടോ മൂന്നോ മാസത്തിനകം നടക്കാനുള്ള രാഷ്ട്രപതി തെരഞ്ഞെടുപ്പാണ്. നവംബറിൽ ഹിമാചൽ പ്രദേശിലും, ഡിസംബറിൽ ഗുജറാത്തിലും തെരഞ്ഞെടുപ്പ് നടക്കും. അഞ്ച് സംസ്ഥാനങ്ങളിൽ നാലിലും വിജയിച്ചതോടെ രാഷ്ട്രപതി തെര‍ഞ്ഞെടുപ്പിൽ തങ്ങളുടെ സ്ഥാനാ‍ർത്ഥിയെ സുഖസുന്ദരമായി ജയിപ്പിക്കാൻ എൻഡിഎയ്ക്ക് സാധിക്കും. ഒരു മത്സരം നടക്കണമെങ്കിൽ പ്രതിപക്ഷനിരയിൽ ഐക്യമുണ്ടാവുകയും സർവ്വസ്വീകാര്യനായ ഒരു സ്ഥാനാർത്ഥിയെ കണ്ടെത്തുകയും ചെയ്യേണ്ടതായിട്ടുണ്ട്.

കോൺ​ഗ്രസ് തുട‍ർച്ചയായി പരാജയപ്പെടുകയും കക്ഷി നേതാക്കൾക്കിടയിൽ ഐക്യം സൃഷ്ടിക്കാൻ രാഹുലിന് സാധിക്കാതെ വരികയും ചെയ്തതോടെ മുഖ്യപ്രതിപക്ഷമായി മാറാനുള്ള ശ്രമത്തിലാണ് പ്രാദേശിക പാ‍ർട്ടികളും നേതാക്കളും. പ്രശാന്ത് കിഷോറിൻ്റേയും അഭിഷേക് മുഖർജിയുടേയും പിന്തുണയോടെ മമതാ ബാനർജിയും തൃണമൂൽ കോൺ​ഗ്രസ് ദേശീയരാഷ്ട്രീയത്തിൽ സ്വന്തമായി ഒരിടം കണ്ടെത്താനുള്ള ശ്രമത്തിലാണ്. ബിജെപി ഉയർത്തിയ കനത്ത വെല്ലുവിളിയെ അതിജീവിച്ച് ബം​ഗാൾ തെരഞ്ഞെടുപ്പിൽ നേടിയ വിജയവും മോദിയേയും അമിത് ഷായേയും നേർക്കുനേർ നേരിടാനുള്ള തൻ്റേടവും മമതയെ വ്യത്യസ്തയാകുന്നു. വിവിധ സംസ്ഥാനങ്ങളിൽ കോൺ​ഗ്രസ് നേതാക്കൾ മറുകണ്ടം ചാടിച്ച് പാർട്ടിയെ ദേശീയതലത്തിൽ ശക്തിപ്പെടുത്താനുള്ള നീക്കവും അവർ നടത്തുന്നുണ്ട്.

തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖരറാവുവും തമിഴ്നാട് മുഖ്യമന്ത്രി എ.കെ.സ്റ്റാലിനും മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറേയും ബിജെപിക്കെതിരെ ഒരു വിശാല പ്രതിപക്ഷ സഖ്യം എന്ന ലക്ഷ്യത്തിനായി പ്രയത്നിക്കുന്നവരാണ്. എന്നാൽ പ്രാദേശിക പാർട്ടി എന്ന നിലയിലുള്ള പരിമിതകൾ പലപ്പോഴും ഇവർക്ക് വിലങ്ങുതടിയാവുന്നു. മമതയും ചന്ദ്രശേഖരറാവുവും സ്റ്റാലിനുമെല്ലാം കരുത്തുള്ള നേതാക്കളാണെങ്കിലും സ്വന്തം പാർട്ടിയേയും സർക്കാരിനേയും നയിക്കേണ്ട ഇവർക്ക് ഒരു ദേശീയ നേതാവ് എന്ന ഉത്തരവാദിത്തം ഏറ്റെടുക്കാനാവുന്നില്ല എന്നതാണ് സത്യം.

ഇവിടെയാണ് ആം ആദ്മി പാർട്ടിക്ക് ചില സാധ്യതകൾ തുറന്നു കിട്ടുന്നത്… ഇത്രകാലം ദില്ലിയിൽ മാത്രമായി ഒതുങ്ങിയ ആം ആദ്മിപാർട്ടി പഞ്ചാബിലെ വൻ വിജയത്തോടെ നിർണായകമായ മുന്നേറ്റമാണ് നടത്തുന്നത്. രണ്ട് സംസ്ഥാനങ്ങളിൽ പാർട്ടി അധികാരത്തിലെത്തിയ സാഹചര്യത്തിൽ ദില്ലി മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് കെജ്രിവാൾ പാർട്ടിയുടെ മുഴുവൻ സമയ നേതൃത്വം ഏറ്റെടുക്കാനുള്ള സാധ്യത പല രാഷ്ട്രീയ നിരീക്ഷകരും കാണുന്നുണ്ട്. വിശ്വസ്തനും ദില്ലി ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയയുടെ സാന്നിധ്യം ഇക്കാര്യത്തിൽ കെജ്രിവാളിന് ധൈര്യം നൽകുന്നതുമാണ്.

കഴിഞ്ഞ കുറച്ചു വർഷങ്ങളായി പല സംസ്ഥാനങ്ങളിലും ആം ആദ്മി ശ്രദ്ധേയമായ സാന്നിധ്യമായി മാറി കഴിഞ്ഞു. വരാനിരിക്കുന്ന ​ഗുജറാത്ത് തെരഞ്ഞെടുപ്പിൽ പഞ്ചാബിലേത് പോലെ ആപ്പിൻ്റെ തേരോട്ടം കണ്ടേക്കാം എന്ന് വിശ്വസിക്കുന്നവരുണ്ട്. ​ഭൂതകാലത്തിൻ്റെ ബാധ്യതകളൊന്നുമില്ലാത്ത ആം ആദ്മി പാർട്ടിക്ക് പുതിയ കാലത്തിൻ്റെ പാർട്ടി എന്ന വിശേഷണം വലിയ തോതിൽ ​ഗുണം ചെയ്യുന്നു. മധ്യവർ​ഗവിഭാ​ഗവും ചെറുപ്പക്കാരുമാണ് ആം ആദ്മിയുടെ പ്രധാന ഫോള്ളോവേഴ്സ്. കോൺ​ഗ്രസിന് ബന്ദലായി കേരളം മുതൽ കശ്മീർ വരെ പാർട്ടി വളരുമെന്നും ഇന്ത്യയെ അരവിന്ദ് കെജ്രിവാൾ നയിക്കുന്ന കാലം വിദൂരമല്ലെന്നും ഇന്ന് ആം ആദ്മി വക്താവ് രാഘവ് ഛദ്ദ പറഞ്ഞത് അവരുടെ ദീർഘകാല ലക്ഷ്യങ്ങളിലേക്ക് കൂടിയാണ് വിരൽ ചൂണ്ടുന്നത്.

കരുത്തും സ്ഥിരതയുമുള്ള ഒരു നേതാവ് മോദിക്ക് നേരെ നിൽക്കാൻ തയ്യാറായാൽ അയാൾക്ക് പിന്നിൽ ഒരു പ്രതിപക്ഷ ഐക്യനിര രൂപപ്പെടും എന്നതിൽ സംശയമില്ല. നാൾക്കുനാൾ തകരുന്ന കോൺ​ഗ്രസിനോ രാഹുൽ ​ഗാന്ധിക്കോ ബിജെപിക്ക് വെല്ലുവിളി ഉയർത്താൻ പറ്റില്ലെന്ന് കഴിഞ്ഞ എട്ട് വ‍ർഷം കൊണ്ട് വ്യക്തമായിട്ടുണ്ട്.

75 വയസ്സിന് മുകളിൽ പ്രായമുള്ള നേതാക്കൾക്ക് നിർബന്ധിത റിട്ടയർമെൻ്റ് നൽകിയും മക്കൾ രാഷ്ട്രീയത്തെ തള്ളിയും പുതിയൊരു രാഷ്ട്രീയ സംസ്കാരം മോദി ബിജെപിയിൽ രൂപപ്പെടുത്തി കഴിഞ്ഞു. കുടുംബരാഷ്ട്രീയവും അധികാരമോഹമടങ്ങാത്ത വൃദ്ധൻമാരുമില്ലാത്ത പാർട്ടികൾ ഇന്ത്യൻ രാഷ്ട്രീയത്തിൽ അധികമില്ല. യുപിയിൽ അധികാര തുടർച്ച ഉറപ്പാക്കിയ യോ​ഗി ആദിത്യനാഥ് ബിജെപിയിൽ മോദിക്ക് ശേഷമുള്ള വലിയ നേതാവായി വാഴ്ത്തപ്പെടുകയാണ്. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പുതിയ സാധ്യതകൾ യോ​ഗി ഇനിയുള്ള വ‍ർഷങ്ങളിൽ കണ്ടെത്താൻ ശ്രമിക്കും എന്നുറപ്പാണ്. ഇന്ത്യൻ രാഷ്ട്രീയം പ്രകാശവേ​ഗത്തിൽ മാറി മറിയുമ്പോൾ പരാജയങ്ങളിൽ പഠിക്കാത്ത കോൺ​ഗ്രസിന് ബന്ദലാര് എന്ന ചർച്ച ഇതുവരെയില്ലാത്ത രീതിയിൽ ഇനി ശക്തിപ്പെടും. തിരുത്താൻ കോൺ​ഗ്രസ് തയ്യാറാവാത്ത പക്ഷം ഇന്നല്ലെങ്കിൽ നാളെ മുത്തശ്ശിപ്പാ‍ർട്ടിയുടെ അവശേഷിക്കുന്ന ഇടം പ്രാദേശിക പാർട്ടികളോ നേതാക്കളോ കൈയടക്കും.

LEAVE A REPLY

Please enter your comment!
Please enter your name here